ബര്‍മ്മയിലെ റാക്ക്‌ഹൈനിലുള്ള വീടു വിട്ടുപോവേണ്ടി വന്നപ്പോള്‍ റഹീമയ്ക്ക് വയസ്സ് വെറും പതിനഞ്ചായിരുന്നു. കുടുംബത്തിലെ സാഹചര്യങ്ങള്‍ അത്രയ്ക്ക് മോശമായിരുന്നു എന്നതായിരുന്നു വീടുവിട്ടുപോകാനുള്ള കാരണം. ബംഗ്ലാദേശിലെ അഭയാർഥിക്യാമ്പില്‍ കഴിയുന്ന പിതാവിന്റെ അടുത്തേയ്ക്കായിരുന്നു അമ്മ അവളെ അയച്ചത്.
ഒരു നേരമെങ്കിലും മകള്‍ ഭക്ഷണം കഴിച്ചു ജീവിക്കട്ടെയെന്ന് മാത്രമേ ആ അമ്മ കരുതിയിരുന്നുള്ളൂ. എന്നാല്‍ ക്യാമ്പിലെത്തിയ റഹീമയെ കാത്തുനിന്നത് മറ്റൊരു വിധിയായിരുന്നു. ക്യാമ്പിലെ ആന്റി അവളെ ഒരു ഏജന്റിന് വിറ്റു. അയാളാവട്ടെ അവളെ ഇന്ത്യയില്‍ കൊണ്ടുചെന്ന് വിവാഹം കഴിച്ചുകൊള്ളാം എന്ന് പറയുകയും ചെയ്തു.
എന്തായാലും വെറും മുന്നൂറ് ഡോളറിനാണ് ആ കച്ചവടം നടന്നത്. അങ്ങനെ ഒരു നാള്‍ റഹീമ കൊല്‍ക്കൊത്തയിലെത്തി. അവള്‍ വിവാഹിതയാകുകയും ചെയ്തു. തന്റെ അച്ഛനേക്കാള്‍ ഇത്തിരിയൊക്കെ പ്രായക്കുറവേ അയാള്‍ക്കുണ്ടായിരുന്നുള്ളൂ. അതിനെക്കാള്‍ റഹീമയെ വേദനിപ്പിച്ചത് അയാളില്‍ നിന്ന് കിട്ടിയ ശാരീരിക പീഡനങ്ങളായിരുന്നു.
ഇലക്ട്രിക് വയര്‍ കൊണ്ടായിരുന്നു അടികള്‍.അടി കിട്ടിയ വേളയിലാണ് താന്‍ അടിമയായി വിലയ്ക്ക് വാങ്ങപ്പെട്ടവളാണെന്ന് അവള്‍ മനസ്സിലാക്കിയത്. അടിമയ്ക്കെവിടെ സ്വാതന്ത്ര്യം.ചോദ്യം ചെയ്യാനും എതിര്‍ക്കാനുമുള്ള അവകാശം?. ഉടമയുടെ ഇഷ്ടമനുസരിച്ച് എന്തിനും വഴങ്ങിക്കൊടുക്കേണ്ടിവരുന്ന വെറും അടിമ മാത്രമായിരുന്നു അവള്‍.
നിരന്തരപീഡനങ്ങളുടെയും അവഗണനയുടെയും അഞ്ച് വര്‍ഷങ്ങള്‍. നരകത്തെ ലജ്ജിപ്പിക്കുന്ന വിധത്തിലുള്ള ജീവിതാനുഭവങ്ങളുടെ ആ ലോകത്ത് നിന്ന് ഒടുവില്‍ അവള്‍ക്കൊരു നാള്‍ മോചനം കിട്ടി. അപ്പോഴേയ്ക്കും അവള്‍ ഒരു കുട്ടിയുടെ അമ്മയും രണ്ടാമതൊരു കുട്ടിയെ അഞ്ചു മാസം ഉദരത്തില്‍ വഹിക്കുകയും ചെയ്യുന്നവളായിക്കഴിഞ്ഞിരുന്നു.
വര്‍ത്തമാനകാലത്തില്‍ സജീവമായി നിലനില്ക്കുന്ന രോഹിംഗ്യ അഭയാര്‍ഥികളുടെ ജീവിതദുരിതങ്ങളുടെ പട്ടികയില്‍ ഒന്നുമാത്രമാണ് റഹീമയുടെ ജീവിതകഥ. ബിബിസിയുടെ കണക്കനുസരിച്ച് ഒരു മില്യന്‍ രോഹിംഗ്യ അഭയാര്‍ഥികളാണ് ബുദ്ധമതത്തിന് ഭൂരിപക്ഷമുള്ള മ്യാന്‍മറില്‍ നിന്ന് അഭയാര്‍ത്ഥികളായി മാറിയിട്ടുള്ളത്.
അഭയാര്‍ത്ഥികളില്‍ പലരും ക്രൂരമായ മനുഷ്യക്കടത്തിന് ഇരകളാകുന്നു എന്നതിന് തെളിവുകൂടിയാണ് റഹീമ. മനുഷ്യക്കടത്തും അഭയാർഥി പ്രശ്‌നവും ഏറ്റവും കൂടുതല്‍ ബാധിക്കുന്നതും സ്ത്രീകളെയാണ്. പല സ്ത്രീകളും കുട്ടികളും ഇവിടെ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെടുന്നു. ലോകത്തിലെ ഏറ്റവും വലിയ ശക്തിയായി വളര്‍ന്നുകൊണ്ടിരിക്കുന്ന അഭയാർഥി പ്രതിസന്ധിയാണ് രോഹിംഗ്യയിലേതെന്ന് യുഎന്‍ വിശേഷിപ്പിക്കുന്നു.