Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പത്മാവതിലെ കൂട്ടസതി തോൽവിയല്ല, യുദ്ധമാണ്; സഞ്ജയ് ലീലാ ബൻസാലി

deepika

റിലീസിനു മുമ്പും ശേഷവും വിവാദങ്ങളുടെ ശരശയ്യയിലാണു പത്മവത് സിനിമയും സംവിധായകന്‍ സഞ്ജയ് ലീലാ ബന്‍സാലിയും. രജപുത്രരെ മോശമായി ചിത്രീകരിക്കുന്നുവെന്ന വിവാദത്തെത്തുടര്‍ന്നു റിലീസ് വൈകിയ ചിത്രം സുപ്രീം കോടതിയുടെ ഇടപെടലിനെത്തുടര്‍ന്നാണ് തിയറ്ററുകളിലെത്തിയത്.

അപ്പോഴേക്കും കഥയെക്കുറിച്ചായി വിവാദങ്ങള്‍. ഇപ്പോള്‍ വിവാദമായിരിക്കുന്നതു ചിത്രത്തിന്റെ ക്ലൈമാക്സ്. ദീപിക പദുക്കോണ്‍ ജീവന്‍ നല്‍കിയ പത്മാവതി കൊട്ടാരത്തിലെ മറ്റു സ്ത്രീകള്‍ക്കൊപ്പം അഗ്നികുണ്ഡത്തിലക്കു ചാടി ജീവന്‍ അവസാനിപ്പിക്കുന്നതാണു ചിത്രത്തിന്റെ അന്ത്യരംഗം. ഈ രംഗത്തിനെതിരെ രംഗത്തു വന്നിരിക്കുകയാണ് സിനിമാ-സാംസ്കാരിക മഖലയില്‍നിന്നുള്ള ഒട്ടറെപ്പര്‍.

എത്ര വലിയ ദുരന്തത്തിലും എന്തിന് ഒരു സ്ത്രീ ജീവിതം അവസാനിപ്പിക്കണം എന്നാണവരുടെ ചോദ്യം. യുദ്ധത്തില്‍ തോറ്റത് ആത്മഹത്യ ചെയ്യാനുള്ള കാരണമാണോ ? മാനഭംഗം ചെയ്യപ്പെട്ടേക്കാം,തെരുവില്‍ ജീവനോടെ വലിച്ചിഴയ്ക്കപ്പെട്ടേക്കാം, പരസ്യമായി അപമാനിക്കപ്പെടാം എന്തുമായിക്കോട്ടെ എന്തിന് ആത്മഹത്യ ചെയ്യണം സ്ത്രീ എന്നതാണ് ചോദ്യം. 

deepika-002

വിമര്‍ശനം വ്യാപകമായതോടെ മറുപടിയുമായി രംഗത്തെത്തിയിരിക്കുന്നു സംവിധായകന്‍ സഞ്ജയ് ലീലാ ബന്‍സാലി. പത്മാവതി ആത്മഹത്യ ചെയ്യുക തന്നെയാണ്: അദ്ദേഹം സമ്മതിക്കുന്നു. അതു പക്ഷേ പരാജയമല്ല. തുടരുന്ന യുദ്ധത്തിന്റെയും ആത്മാഭിമാനത്തിന്റെയും വിജയത്തിന്റെയും പ്രതീകം: ബന്‍സാലി വിശദീകരിക്കുന്നു. ജൗഹര്‍(കൂട്ടസതി) ഇവിടെ യുദ്ധം തന്നെയാണ്.

തങ്ങളുടെ പുരുഷന്‍മാര്‍ പടക്കളത്തില്‍ മരിച്ചുവീണിരിക്കുന്നു. പക്ഷേ അതുകൊണ്ടു മാത്രം യുദ്ധം തീരുന്നില്ല. എല്ലാം പിടിച്ചടിക്കിയെന്നു സുല്‍ത്താന്‍ വ്യാമോഹിക്കുകയും വേണ്ട. തോറ്റിട്ടില്ല രജപുത്രന്‍മാര്‍. തോല്‍ക്കാന്‍ ഉദ്ദേശിക്കുന്നുമില്ല. തോറ്റു മരിച്ചുവീണ പുരുഷന്‍മാര്‍ക്കുവേണ്ടി ഇതാ അവരുടെ സ്ത്രീകള്‍ യുദ്ധം ഏറ്റെടുത്തിരിക്കുന്നു. ഒരിക്കലും തോല്‍ക്കാത്ത യുദ്ധം. 

ചിത്രത്തിന്റെ അവസാനരംഗത്തിനെതിരെ ബോളിവുഡ് നടി സ്വര ഭാസ്കര്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. ചിത്രം കണ്ടതിനുശഷം താന്‍ ഒരു ലൈംഗികാവയവം മാത്രമാണെന്നുപോലും തോന്നുന്നു എന്നായിരുന്നു സ്വര പറഞ്ഞത്. ഇതു വിവാദമാകുകയും മറ്റു പലരും വിമര്‍ശനവുമായി രംഗത്തുവരികയും ചെയ്തിരുന്നു.

തീരുമാനം പത്മാവതിയുടേതാണ്. അതിനെ എനിക്കു ചോദ്യം ചെയ്യാനാവില്ല. ഒരൊറ്റ പെണ്‍കുട്ടി പോലും ശത്രുക്കളുടെ കൈയില്‍ അകപ്പെടരുതെന്ന് അവര്‍ ആഗ്രഹിച്ചു. ഒരു സ്ത്രീ പോലും മാനഭംഗം ചെയ്യപ്പെടാന്‍ പാടില്ല. പത്മാവതി അങ്ങനെയൊരു തീരുമാനമെടുത്തപ്പോള്‍ ആര്‍ക്ക് അതിനെ ചോദ്യം ചെയ്യാനാവും- സംവിധായകന്‍ ചോദിക്കുന്നു.

padmavat

എന്റെ സിനിമയ്ക്ക് ആധാരമായ കഥയില്‍ നായിക ജൗഹര്‍ അനുഷ്ഠിക്കുന്നു. ആത്മഹത്യ അവര്‍ക്ക് പരാജയമല്ല; വിജയമാണ്. ശത്രുക്കള്‍ക്കുമേല്‍ നേടുന്ന അന്തിമവിജയം. അന്തസ്സിന്റെയും അഭിമാനത്തിന്റെയും വിജയം. മറ്റൊരു മാര്‍ഗവും മുന്നിലില്ലാത്തപ്പോള്‍ അക്കാലത്ത് ആത്മഹത്യ ചെയ്യുന്ന പതിവുണ്ടായിരുന്നു. താജ്മഹല്‍ നിര്‍മിക്കാന്‍വണ്ടി ചെലവഴിച്ച തുക ദാരിദ്ര്യം തുടച്ചുമാറ്റാന്‍ ഉപയോഗിച്ചുകൂടായിരുന്നോ എന്ന് ഇന്നു ചോദിക്കുന്നതുപോലെയാണ് പത്മാവതിയുടെ ആത്മഹത്യ ചോദ്യം ചെയ്യുന്നതും- ബന്‍സാലി പറയുന്നു. 

ചര്‍ച്ച നല്ലതുതന്നെ എന്നാണു സംവിധായകന്റെ അഭിപ്രായം. വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉയര്‍ന്നുവരാം. ചര്‍ച്ചയും നടക്കട്ടെ. ഒരു അഭിപ്രായവും അന്തിമമല്ല.വിയോജിക്കാന്‍വേണ്ടിയും യോജിക്കാം. പത്മാവതി ജനം കാണട്ടെ. വിലയിരുത്തട്ടെ. ചര്‍ച്ചയും തുടരട്ടെ.