പോൺതാരത്തെപ്പോലെ ഭർത്താക്കന്മാർ ഭാര്യമാരെ കാണാൻ തുടങ്ങിയാലോ? പോൺഫിലിമുകളിൽ കാണുന്ന പ്രാകൃതവും വന്യവുമായ രീതികൾ സ്വന്തം ഭാര്യമാരിൽ പരീക്ഷിക്കാൻ തുടങ്ങിയാലോ? വിവാഹജീവിതം നരകമാകാൻ അതിലപ്പുറമൊന്നും വേണ്ട. മുംബൈ സ്വദേശിയായ ഒരു യുവതിയാണ് പോൺസൈറ്റുകൾ നിരോധിക്കണമെന്ന ആവശ്യവുമായി സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. ഭർത്താവ് പോൺസൈറ്റിനടിമയാണെന്നും പ്രകൃതിവിരുദ്ധമായ പല കാര്യങ്ങൾക്കും അദ്ദേഹം സ്വകാര്യവേളയിൽ നിർബന്ധിക്കാറുണ്ടെന്നും അതിൽ മനം മടുത്ത് താൻ വിവാഹമോചനം നേടുകയാണെന്നും അവർ പറഞ്ഞു.
വിവാഹജീവിതം തകരാറിലായതിന്റെ യഥാർഥകാരണം വെളിപ്പെടുത്താൻ ആ 27 വയസ്സുകാരി തയാറായപ്പോൾ അതേകാരണം കൊണ്ടുതന്നെ വിവാഹമോചനം നേടിയ എത്രയെത്ര പെൺകുട്ടികൾ ലോകത്തിന്റെ പലഭാഗത്തുമുണ്ടാകും. നാണക്കേടോ, ധൈര്യമില്ലായ്മയോ മൂലം അവർ നിശ്ശബ്ദമായി വിവാഹബന്ധം തകരാറിലായതിന്റെ എല്ലാക്കുറ്റവും സ്വന്തം തലയിൽപ്പേറി ജീവിക്കുന്നു.
പെരുകുന്ന വിവാഹമോചനങ്ങളും തകരാറിലാവുന്ന വിവാഹ ജീവിതവും മിക്കവാറും വിരൽ ചൂണ്ടുന്നത് ഒരേയൊരു വില്ലനുനേരെയാകും. അവയാണ് പോൺസൈറ്റുകൾ. സൗജന്യമായി പോൺവിഡിയോകളും ദൃശ്യങ്ങളും ലഭ്യമാകുമ്പോൾ പലപ്പോഴും ആളുകൾ മനുഷന്മാരാണെന്നു പോലും മറന്നുപോകുന്നു. മാനസീകമായും ശാരീരികമായും തങ്ങൾക്ക് ആനന്ദം പകരം മാത്രമുള്ള ഉടലുകളായി അവർ സ്ത്രീകളെയും കുഞ്ഞുങ്ങളെയും കാണുന്നു. അവരും മജ്ജയും മാംസവും മനസാക്ഷിയുമുള്ള മനുഷ്യജന്മങ്ങളാണെന്ന് പലപ്പോഴും മറന്നുപോകുന്നു.
പ്രായഭേദമില്ലാതെ, ലിംഗഭേദമില്ലാതെ ഇന്ന് ആളുകൾ പോൺദൃശ്യങ്ങൾ ആസ്വദിക്കുന്നു. പോൺസൈറ്റുകൾ കണ്ടു കണ്ട് അതിനടിമയായിത്തീരുന്ന വിദ്യാർഥികളും യുവത്വവുമാണ് ഇന്ന് നമുക്കുചുറ്റുമുള്ളത്. പോൺസൈറ്റുകളിലെ കാമപ്പേക്കൂത്തുകൾ കണ്ട് വിലപ്പെട്ട സമയവും വിലപിടിച്ച ജീവിതവും അവർ പാഴാക്കുന്നു. ഉത്തേജക മരുന്നു കഴിച്ച് പോൺതാരങ്ങൾ കാട്ടിക്കൂട്ടുന്ന വൃത്തികേടുകൾ പലതും കിടപ്പറയിൽ വേണമെന്ന് ഭർത്താക്കന്മാർ ശഠിക്കുമ്പോൾ അവിടെ തകരുന്നത് ഒരു കുടുംബം കൂടിയാണ്.
സ്വന്തം ശരീരത്തിനും മനസ്സിനും അറപ്പുളവാക്കുന്ന ഒന്നും ആർക്കുവേണ്ടിയും ചെയ്യാൻ പലയാളുകളും തയാറല്ല. അവരെ അത്തരം കാര്യങ്ങൾക്ക് നിർബന്ധിക്കുന്നത് അവരുടെ സ്വാതന്ത്ര്യത്തിനും സ്വകാര്യതയ്ക്കും മേലുള്ള കടന്നുകയറ്റം തന്നെയാണ്. സ്വന്തം വ്യക്തിത്വത്തെ മാനിക്കാത്ത പങ്കാളിയോടൊപ്പം കഴിയുന്നതിനേക്കാൾ നല്ലത് വിവാഹമോചനമാണെന്ന് സ്ത്രീകൾ ചിന്തിച്ചാലും അതിനു തെറ്റു പറയാനാവില്ല.
ലൈംഗികത ജീവിതത്തിന്റെ ഭാഗമാണ് എന്നതിൽ തർക്കമില്ല പക്ഷേ... ആ ഒരു കാര്യത്തെക്കുറിച്ചു മാത്രം ചിന്തിച്ച് ജീവിതത്തിലെ പ്രധാന ഉത്തരവാദിത്തങ്ങളെയെല്ലാം മറന്ന് മുഴുവൻ നേരവും പോൺസൈറ്റിൽ മുഴുകി ജീവിക്കുക എന്നത് ഒരു രോഗം തന്നെയാണ്. സ്വന്തം ജീവിതം മാത്രമല്ല തന്നിൽ ആശ്രയവും പ്രതീക്ഷയും അർപ്പിച്ചു കഴിയുന്ന കുടുംബത്തെക്കൂടെയാണ് അത് തകർക്കുന്നത്.
ലൈംഗികതയും പോൺസൈറ്റും ആസ്വദിക്കുന്നത് ഒരാളുടെ വ്യക്തിപരവും സ്വകാര്യവും ആയ കാര്യമാണെന്ന് പലരും തർക്കിക്കാറുണ്ട്. പക്ഷേ അതു തന്നെയാണ് ജീവിതമെന്ന് ചിന്തിച്ചത് ഭാര്യയെയും മറ്റും പരീക്ഷണ വസ്തുക്കളാക്കി മാറ്റുമ്പോഴാണ് ഒരു വ്യക്തി എന്ന നിലയിലും സാമൂഹിക ജീവി എന്ന നിലയിലും അയാൾ തീർത്തും പരാജയപ്പെടുന്നത്. ചൈൽഡ് പോൺ സൈറ്റുകൾ നിരോധിക്കുന്നതിനോട് കേന്ദ്രഗവൺമെന്റ് അനുകൂലമായ നിലപാടാണ് സ്വീകരിച്ചതെങ്കിലും പോൺസൈറ്റുകൾ മുഴുവനായി നിരോധിക്കുന്നതിനോട് അനുകൂലമായ നിലപാടുകളല്ല അവർസ്വീകരിക്കുന്നത്. തങ്ങൾക്ക് മോറൽ പൊലീസിങ്ങിനു താൽപ്പര്യമില്ലെന്നും അതൊക്കെ ഓരോരുത്തരുടെ വ്യക്തിപരമായ ഇഷ്ടങ്ങളാണെന്നുമുള്ള മുട്ടാപ്പോക്കു ന്യായങ്ങളിൽത്തൂങ്ങി അവർ ഉറച്ച തീരുമാനങ്ങൾ സ്വീകരിക്കാതെ ഉഴപ്പിമാറുന്നു.
പോൺസൈറ്റുകളുടെ എളുപ്പത്തിലുള്ള ലഭ്യത സദാചാര മൂല്യങ്ങളേയും ആത്മീയതയേയുമെല്ലാം മോശമായി ബാധിക്കുന്നുണ്ടെന്നും പെരുകുന്ന വിവാഹമോചനങ്ങൾക്കു മാത്രമല്ല വർധിച്ചു വരുന്ന ലൈംഗിക അതിക്രമങ്ങൾക്കും ഇതു കാരണമാകുന്നുണ്ടെന്നും യുവതി സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നു. അന്യനാട്ടുകാരിയായ ഒരു യുവതിയുടെ ജൽപ്പനങ്ങളായി മാത്രം ഇതിനെ കാണാതെ നമ്മൾ ജീവിക്കുന്ന സമൂഹത്തിലേക്കൊന്നു സൂക്ഷിച്ചു നോക്കുക. അപ്പോൾ കാണാം വാക്കുകൾ നഷ്ടപ്പെട്ട് മനസ്സു മരവിച്ച് കുടുംബത്തെയും കുഞ്ഞുങ്ങളേയുമോർത്ത് നിശ്ശബ്ദം ഈ കാമവെറികൾ സഹിക്കുന്ന ഒരു കൂട്ടം പെൺജന്മങ്ങളെ.