ഹോർമോൺ ചികിത്സയിലൂടെ മുലപ്പാൽ ഉൽപ്പാദിപ്പിച്ച് ട്രാൻസ്ജെൻഡർ യുവതി തന്റെ പങ്കാളിയുടെ കുഞ്ഞിനെ മുലയൂട്ടി. ലോകത്താദ്യമായി ഒരു ട്രാൻസ്ജെൻഡർ യുവതി കുഞ്ഞിനെ മുലയൂട്ടിയ വാർത്ത പുറത്തുവിട്ടത് യുഎസിലെ ട്രാൻസ്ജെൻഡർ മാഗസിനാണ്. തന്റെ പങ്കാളി ഒരു കുഞ്ഞിന് ജന്മം നൽകാൻ പോകുന്നുവെന്നും എന്നാൽ കുഞ്ഞിനെ മുലയൂട്ടാൻ അവർക്ക് താൽപ്പര്യമില്ലെന്നും പറഞ്ഞുകൊണ്ടാണ് യുവതി ഡോക്ടർമാരെ സമീപിച്ചത്.
പങ്കാളിയുടെ കുഞ്ഞിനെ പാലൂട്ടാൻ തനിക്കാഗ്രഹമുണ്ടെന്നും ചികിത്സയിലൂടെ മുലപ്പാൽ ഉൽപ്പാദിപ്പിക്കുവാൻ സാധിക്കുമെങ്കിൽ തന്റെ ആഗ്രഹം നിറവേറുമായിരുന്നു എന്ന ആവശ്യവുമായാണ് അവർ ഡോക്ടർമാരുടെ പക്കലെത്തിയത്. മുലപ്പാലില്ലാത്ത സ്ത്രീകളിൽ ചെയ്യുന്ന ഹോർമോൺ ചികിത്സയാണ് ഡോക്ടർമാർ ട്രാൻസ്ജെൻഡർ യുവതിക്ക് നിർദേശിച്ചത്.
ചികിത്സ തുടങ്ങി ഒരുമാസത്തിനകം തന്നെ ഫലം കണ്ടു തുടങ്ങി. ദിവസവും 240 മില്ലിലിറ്റർ മുലപ്പാൽ യുവതിയുടെ ശരീരം ഉൽപ്പാദിപ്പിക്കുന്നുണ്ടെന്നും ഏതാനും ആഴ്ചകൾക്കകം കുഞ്ഞിന് ആവശ്യമായ മുലപ്പാൽ ഉൽപ്പാദിപ്പിക്കാൻ യുവതിക്കാവും എന്നും ഡോക്ടർമാർ പറയുന്നു. വൈദ്യശാസ്ത്രരംഗത്തെ ആദ്യത്തെ സംഭവമാണിതെന്നാണ് ചികിത്സയ്ക്കു നേതൃത്വം നൽകുന്ന ഡോക്ടർമാരുടെ അഭിപ്രായം.
കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും പ്രസവിച്ച സ്ത്രീയിൽ നിന്നുണ്ടാവുന്ന മുലപ്പാലിന്റെ ഗുണങ്ങൾ ചികിത്സയിലൂടെ സൃഷ്ടിച്ചെടുത്ത മുലപ്പാനുണ്ടോയെന്ന കാര്യത്തിൽ ഉറപ്പു പറയാൻ ഡോക്ടർമാർക്ക് ആവുന്നില്ല.