വിശപ്പിന്റെ വിലയായി സ്വന്തം ജീവൻ കൊടുക്കേണ്ടി വന്ന ആദിവാസി യുവാവാണ് ഇപ്പോൾ മാധ്യമങ്ങളിൽ നിറയുന്നത്. സ്വന്തം ഊരിലെ ആൾക്കൂട്ടം ശിക്ഷ നടപ്പാക്കിയപ്പോൾ ആ യുവാവിന് നഷ്ടപ്പെട്ടത് സ്വന്തം ജീവൻ തന്നെയായിരുന്നു. സംഭവത്തെക്കുറിച്ച് അറിഞ്ഞ നിമിഷം മുതൽ സമൂഹമാധ്യമങ്ങളിൽ ആളുകൾ ഒറ്റയ്ക്കും കൂട്ടമായും ധാർമിക രോഷം പ്രകടിപ്പിക്കുന്നവരുണ്ട്.
ഒരാളെ പരസ്യവിചാരണ ചെയ്യാനും കുറ്റാരോപിതരെ മർദ്ദിച്ച് അവരുടെ പ്രാണനെടുക്കാനും ഏതു നിയമമാണ് ആൾക്കൂട്ടത്തിന് അനുമതി നൽകിയത്. കൊച്ചുകുട്ടികളെ പീഡിപ്പിക്കുന്നവരും കൂട്ടക്കൊലപാതകങ്ങൾ നടത്തുന്നവരും മാന്യന്മാരെപ്പോലെ വിലസുന്ന നാട്ടിൽ ഒരു നേരത്തെ വിശപ്പടക്കാൻ അൽപ്പം ഭക്ഷണസാധനങ്ങൾ അനുവാദം ചോദിക്കാതെയെടുത്തതിനാണോ ഒരാളുടെ പ്രാണനെടുത്തത്? ചോദ്യങ്ങൾ നിരവധിയുയരുമ്പോളും അവയ്ക്കു മുന്നിൽ ലജ്ജയോടെ തലകുനിക്കാനേ സാക്ഷരർ എന്നഭിമാനിക്കുന്ന ജനങ്ങൾക്കാവുന്നുള്ളൂ...
മനസ്സുനോവിക്കുന്ന വാർത്തയെക്കുറിച്ചും മധുവിനെക്കുറിച്ചും നടി മഞ്ജു വാരിയർ ഫെയ്സ്ബുക്കിൽ കുറിച്ചതിങ്ങനെ;-
''അട്ടപ്പാടിയിലെ കടുകുമണ്ണ ഊരിൽ ജനിച്ചു വളർന്ന്, തൊഴിൽ ചെയ്തു ജീവിച്ച, എപ്പോഴോ ബോധം മറഞ്ഞു പോയ, ഒരിക്കലും ആരെയും നോവിക്കാതെ കഴിഞ്ഞു പോയ ഒരു ജീവൻ. ഒറ്റ വരിയിൽ പറഞ്ഞാൽ അതായിരുന്നില്ലേ മധു. കാട്ടിൽ കഴിക്കാൻ ഒന്നുമില്ലാതെ വരുമ്പോൾ നാട്ടിലേക്കു വന്നു വിശപ്പടക്കാൻ വഴി തേടിയ ഒരാൾ. സ്വന്തം ഊരിലെ ആൾക്കൂട്ടം നീതി നടപ്പിലാക്കിയപ്പോൾ വിശപ്പിന്റെ വിലയായി സ്വന്തം ജീവൻ കൊടുക്കേണ്ടി വന്ന യുവാവ്.
മധുവിന് മുന്നിൽ വീണ്ടും നമ്മുടെ കരുണയില്ലാത്ത മുഖം തെളിഞ്ഞു കണ്ടു, തിരിച്ചടിക്കാൻ ശേഷിയില്ലാത്തവർക്കും, പാവപ്പെട്ടവർക്കും, വിശക്കുന്നവർക്കും എതിരെ ക്രൂരമായി മുഖം തിരിക്കുന്ന നമ്മളിൽ കുറച്ചു പേരുടെയെങ്കിലും രാക്ഷസ മുഖം.
ആൾക്കൂട്ടത്തിന്റെ ഇത്തരം പ്രവർത്തനങ്ങളുടെ സ്ഥലമല്ല കേരളം എന്ന് വിചാരിച്ചിരുന്ന കാലം മുമ്പുണ്ടായിരുന്നു. മധുവിന്റെ കൊലപാതകത്തെ ശക്തമായി അപലപിക്കുന്നു, അദ്ദേഹത്തിന് മരണാനന്തരമെങ്കിലും നീതി ലഭിക്കും എന്ന് പ്രതീക്ഷിക്കുന്നു''.