ബോക്കോ ഹറമിന്റെ കൊടും ക്രൂരതകളുടെ തടവറയില്‍ നിന്ന് രണ്ടുവര്‍ഷത്തെ ഇരുട്ടിന് ശേഷം തിരികെ ജന്മനാട്ടില്‍ എത്തിച്ചേര്‍ന്നപ്പോള്‍ റബേക്ക ബിട്രസ് ഒരിക്കലും കരുതിയിരുന്നില്ല തന്റെ ഭര്‍ത്താവ് ജീവനോടെയുണ്ടാകുമെന്നോ അദ്ദേഹവുമായി വീണ്ടും ഒരു സമാഗമം ഉണ്ടാകുമെന്നോ ഒന്നും. ഭാര്യ എന്നേ മരിച്ചുപോയിരിക്കണം എന്നു തന്നെയായിരുന്നു ഭര്‍ത്താവും കരുതിയിരുന്നത്. പക്ഷേ പരസ്പരം അദ്ഭുതപ്പെടുത്തിക്കൊണ്ട് ഇരുവരും കണ്ടുമുട്ടിയപ്പോള്‍ അതിന്റെ പിന്നിലെ ദൈവികപദ്ധതിയോര്‍ത്ത് കെട്ടിപിടിച്ച് കരയാന്‍ മാത്രമേ അവര്‍ക്ക് കഴിഞ്ഞുള്ളൂ.
രണ്ടുമക്കളും ഭര്‍ത്താവുമൊത്ത് സന്തോഷത്തോടെ ജീവിച്ചുപോന്നിരുന്ന ഒരു നാളിലാണ് ദുർവിധി റബേക്കയുടെ എല്ലാ സന്തോഷങ്ങളെയും അപഹരിച്ചുകൊണ്ട് കടന്നുവന്നത്. 2014 ഓഗസ്റ്റിലായിരുന്നു ബോക്കോ ഹറമിന്റെ അധിനിവേശം. റബേക്കയും കുടുംബവും താമസിച്ചിരുന്ന ചെറിയ ടൗണ്‍ ബോക്കോ ഹറം എന്ന തീവ്രവാദി സംഘടന കീഴടക്കി. വിവരമറിഞ്ഞ് അവിടെ നിന്ന് ഓടി രക്ഷപ്പെടാനാണ് അവര്‍ ശ്രമിച്ചത്.
അതിനിടയില്‍ റബേക്കയും അഞ്ചുവയസുകാരനായ സക്കറിയയും മൂന്നുവയസുകാരനായ ജോഷ്വയും ബോക്കോ ഹറമെന്ന തീവ്രവാദസംഘടനയുടെ പിടിയിലായി. മൂന്നാമത്തെ കുഞ്ഞ് അവളുടെ ഉദരത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്നുമുണ്ടായിരുന്നു. അതുവരെ ശാന്തമായി ഒഴുകിയിരുന്ന ജീവിതനദി പ്രതികൂലമായി മാറുകയായിരുന്നു. മനുഷ്യന് സഹിക്കാന്‍ കഴിയാവുന്നതിന്റെ അങ്ങേയറ്റത്തേക്ക് അവളുടെ ജീവിതം ദുരിതക്കടലിലേക്ക് ചെന്നു ചേരുകയായിരുന്നു.
റബേക്കയുടെ പേര് അവരു മാറ്റി. ലേബര്‍ ക്യാമ്പില്‍ കഠിനാധ്വാനം ചെയ്തു തളര്‍ന്നുവരുമ്പോഴായിരിക്കും പട്ടാളക്കാരുടെ ലൈംഗികാതിക്രമം. അങ്ങനെ മൂന്നാമത്തെ കുഞ്ഞിനെ അവള്‍ക്ക് നഷ്ടമായി. മതവിശ്വാസം മാറ്റാൻ അവർ അവളെ നിർബന്ധിച്ചുകൊണ്ടിരുന്നു. താന്‍ വളര്‍ന്നുവന്ന വിശ്വാസജീവിതം കൈവെടിയാന്‍ അവള്‍ തയാറായിരുന്നില്ല. അതിന് അവളോട് അവര്‍ പ്രതികാരം ചെയ്തത് ഇളയമകന്‍ ജോഷ്വയെ നദിയിലേക്ക് വലിച്ചെറിഞ്ഞുകൊണ്ടായിരുന്നു. നദിയുടെ ആഴങ്ങളിലേക്ക് ആ കുഞ്ഞുജീവന്‍ നിലവിളിയോടെ താണുപോകുന്നത് റബേക്ക ചങ്ക് പൊടിയുന്ന വേദനയോടെ നോക്കിനിന്നു.
മകനെ നഷ്ടമായ നിമിഷം മുതല്‍ മതവിശ്വാസം മാറിയതായി അവള്‍ അഭിനയിച്ചു തുടങ്ങി. കാരണം മറ്റൊരു മകന്റെ ജീവന്‍ രക്ഷിക്കാന്‍ അവള്‍ക്ക് അതാവശ്യമായിരുന്നു. നിരവധിതവണ ഭീകരര്‍ അവളെ മാനഭംഗപ്പെടുത്തി. ഒടുവില്‍ ഒരുവന്‍ അവളെ നിര്‍ബന്ധിതമായി വിവാഹം കഴിച്ചു. അന്നേ ദിവസം റബേക്ക തന്റെ ഭര്‍ത്താവിനെ ഓര്‍ത്തു കരഞ്ഞു. അദ്ദേഹം എവിടെയായിരിക്കും? ജീവനോടെയുണ്ടാകുമോ?
രണ്ടുവര്‍ഷത്തെ നരകയാതനകള്‍ക്ക് ശേഷം രക്ഷപ്പെടാന്‍ ഒരുദിവസം അവള്‍ക്കും സഹതടവുകാര്‍ക്കും അവസരം ലഭിച്ചു. എന്നാല്‍ ഒരു മാസം കൊടുംകാട്ടില്‍ ഭക്ഷണമോ വെള്ളമോ ഇല്ലാതെ അവര്‍ക്ക് കഴിച്ചുകൂട്ടേണ്ടിവന്നു. കൊതുകുകളുടെ ആക്രമണമായിരുന്നു അസഹനീയം. അവറ്റകള്‍ റബേക്കയുടെ ശരീരത്തെ വികൃതമാക്കി. മുഖത്തും കൈകളിലുമെല്ലാം വലിയ വടുക്കള്‍. ഒടുവില്‍ കാടിന് വെളിയിലേക്ക് ഒരുനാള്‍ വാതില്‍ തുറക്കപ്പെട്ടു. നൈജീരിയന്‍ ആര്‍മിയുടെ സങ്കേതത്തിലേക്കായിരുന്നു അത്.
പക്ഷേ പട്ടാളം റബേക്കയെ അന്ധമായി വിശ്വസിച്ചില്ല.ബോക്കോ ഹറമിലെ അംഗം തന്നെയാണ് അവള്‍ എന്നാണ് അവര്‍ തെറ്റിദ്ധരിച്ചത്. അപ്പോള്‍ തന്റെ ക്രിസ്തീയ പ്രാര്‍ത്ഥനകള്‍ ചൊല്ലിയാണ് അവരുടെ സംശയം റബേക്ക തീര്‍ത്തുകൊടുത്തത്. മെഡിക്കല്‍ പരിശോധനയ്ക്കായി പട്ടാളം റബേക്കയെ ആശുപത്രിയിലേക്ക് പറഞ്ഞയച്ചു. അവിടെ നിന്ന് ഡിസ്ചാര്‍ജ് ആയപ്പോള്‍ അവളും കുട്ടികളും കൂടി തന്റെ ജന്മനാടായ മൈദുഗുരിയിലേക്ക് പുറപ്പെട്ടു. അവിടെ ചെന്നപ്പോഴാണ് ഭര്‍ത്താവുമൊത്തുള്ള അവിശ്വസനീയമായ കൂടിക്കാഴ്ച നടന്നത്.
ആറുമാസം പ്രായമുള്ള ഇളയ കുഞ്ഞുമുണ്ടായിരുന്നു റബേക്ക് ഒപ്പം. അതിനെ സ്വീകരിക്കാനോ സ്‌നേഹിക്കാനോ ഭര്‍ത്താവ് ഒരുക്കമായിരുന്നില്ല. റബേക്കയ്ക്കും അതിനു സാധിച്ചില്ല കാരണം നരകയാതനകളുടെ ഫലമായിരുന്നുവല്ലോ ആ ശിശു. പക്ഷേ സ്ഥലത്തെ മെത്രാന്‍ റബേക്കയെയും ഭര്‍ത്താവിനെയും ഉപദേശിച്ചു, അവനെ സ്വീകരിക്കാനും സ്‌നേഹിക്കാനും. ബിഷപ്പിന്റെ വാക്കുകളെ റബേക്കയും ഭര്‍ത്താവും സ്വീകരിച്ചു, വളരെ ദുഷ്‌ക്കരമായിരുന്നു അതെങ്കിലും