Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

583 പേരുടെ ജീവനെടുത്ത ലോകത്തെ ഏറ്റവും വലിയ വ്യോമയാനദുരന്തദിനത്തിന്റെ ഓർമ്മയ്ക്ക്

dorothy-kelly ഡൊറോത്തി കെല്ലർ .

പഴ്സർ ഡൊറോത്തി കെല്ലർ–വ്യോമയാനചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തത്തിനൊപ്പം സാഹസികതയുടെയും ധീരതയുടെയും മനുഷ്യത്വത്തിന്റെയും പര്യായമായി ഓർമ്മിക്കപ്പെടുന്ന പേര്. അടിയന്തര സാഹചര്യങ്ങളിലും ആപത്ഘട്ടങ്ങളിലും രക്ഷാദൗത്യത്തിനിറങ്ങാൻ പ്രചോദനം നൽകുന്ന വനിത.

41 വർഷം മുമ്പ് 583 പേരുടെ ജീവിതം അവസാനിപ്പിച്ച ലോകത്തെ ഏറ്റവും വലിയ വ്യോമയാനദുരന്തത്തിന്റെ വാർഷികമായ ഇന്ന് ( മാർച്ച് 27 ) കണ്ണീർപ്പൂക്കളർപ്പിക്കുന്നതിനൊപ്പം ലോകം ആവേശത്തോടെ ആ പേര് ഉരുവിടുന്നു–ഡൊറോത്തി കെല്ലർ എന്ന ധീരയായ വനിതയുടെ പേര്. 1977 മാർച്ച് 27 നു നടന്ന വ്യോമദുരന്തത്തിൽ പാൻ ആം ജംബോ വിമാനത്തിൽനിന്നു രക്ഷപ്പെട്ട 61 പേരിൽ ഒരാളാണു ഡോറോത്തി. 

പാൻ ആം 1736 വിമാനം യാത്ര പുറപ്പെട്ടത് ലൊസാഞ്ചലസ് വിമാനത്താവളത്തിൽനിന്ന്. ലക്ഷ്യം ഗ്രാൻ കനേറിയ. 12 ദിവസം അടിച്ചുപൊളിക്കാൻ പുറപ്പെട്ട 380 വിനോദസഞ്ചാരികൾ. 13 വിമാനജോലിക്കാരും. വിമാനത്തിന്റെ ക്യാപ്റ്റൻ വിക്റ്റർ ഗ്രബ്സ്. ഫസ്റ്റ് ഓഫിസർ റോബർട് ബ്രാഗ്. എൻജിനീയർ ജോർജ് വാൺസ്. വിമാനത്തിൽ ഫസ്റ്റ് ക്ലാസ് യാത്രക്കാരോടൊപ്പം ജോലി ചെയ്യാൻ ഡൊറോത്തിക്കു നിർദേശം ലഭിക്കുന്നതു യാത്രയുടെ തുടക്കത്തിൽ. യാത്രക്കാർക്കുള്ള നിർദേശങ്ങൾ മൈക്കിലൂടെ അറിയിക്കുന്നതിനുള്ള ചുമതലയുമുണ്ടായിരുന്നു ഡൊറോത്തിക്ക്.

പാൻ ആം വിമാനം പുറപ്പെടുന്ന അതേ സമയം ആംസ്റ്റർഡാമിൽനിന്നു മറ്റൊരു വിമാനവും ഗ്രാൻ കനേറയയ്ക്കു യാത്ര തുടങ്ങുന്നു. കെഎൽഎം ബോയിങ് 747. ക്യാപ്റ്റൻ ജേക്കബ് വെൽദുസൻ വാൻ സാന്റൻ. 235 യാത്രക്കാർ. 11 ജോലിക്കാർ. രണ്ടു വിമാനങ്ങളും ലക്ഷ്യത്തോടടുത്തുകൊണ്ടിരിക്കെയാണ് ആ വാർത്ത എത്തുന്നത്: ലാസ് പാംസ് വിമാനത്താവളത്തിൽ ബോംബ് സ്ഫോടനം. അടച്ചിട്ട വിമാനത്താവളം തുറക്കുന്നതുവരെ ആകാശത്തു നിലയുറപ്പിക്കാൻ നിർദേശം ലഭിച്ചു അമേരിക്കൻ വിമാനത്തിന്.

പക്ഷേ, രണ്ടാമത്തെ സ്ഫോടനത്തിന്റെ വാർത്ത എത്തിയതോടെ വിമാനങ്ങൾ ടെനർഫിലെ ലോസ് റോഡിയോസ് വിമാനത്താവളത്തിലേക്കു തിരിച്ചുവിട്ടു. ചെറിയ വിമാനത്താവളമായിരുന്നു ലോസ് റോഡിയോസ്.  അടിയന്തര സാഹചര്യത്തിൽ കൂടുതൽ വിമാനങ്ങളെ ഉൾക്കൊള്ളാൻ സ്ഥലസൗകര്യമില്ലാത്തയിടം. 

സമയം മുന്നോട്ടുപോകുമ്പോഴും വിമാനത്തിൽനിന്നു പുറത്തിറങ്ങാൻ യാത്രക്കാർക്കു നിർദേശം കിട്ടുന്നില്ല. കലിഫോർണിയയിൽനിന്നും മറ്റും എത്തിയ യാത്രക്കാരിലധികം പേരും വിശപ്പും ദാഹവും  മൂലം ക്ഷീണിതരായിരുന്നു. അസ്വസ്ഥരായിക്കൊണ്ടിരുന്നു യാത്രക്കാർ. എന്തു ചെയ്യണമെന്ന് ഒരു രൂപവുമില്ലാത്ത അവസ്ഥ–അന്നത്തെ വിധിനിർണായക ദിവസത്തെക്കുറിച്ച് പിന്നീട് ഡൊറോത്തി ഓർമിച്ചു. 

ആംസ്റ്റർഡാമിൽനിന്നുള്ള കെഎൽഎം വിമാനമാണ് ആദ്യം എത്തിയത്. ആ വിമാനത്തിൽനിന്നുള്ള യാത്രക്കാരെ ആദ്യം പുറത്തെത്തിക്കണമെന്ന ക്യാപ്റ്റൻ വാൻ സാന്റണിന്റെ നിർദേശം അംഗീകരിച്ചു. ഏതാനും മണിക്കൂർ കഴിഞ്ഞപ്പോൾ ലാസ് പാംസ് വിമാനത്താവളം തുറന്നുവെന്ന വാർത്ത കിട്ടി. പുറത്തേക്കിറങ്ങിയ യാത്രക്കാർ‌ തിരിച്ചുകയറാനുള്ള തിരക്കായി. വിമാനങ്ങൾ ഗ്രാൻ കനേറിയയ്ക്കു പുറപ്പെടാൻ ഒരുക്കം തുടങ്ങുമ്പോഴേക്കും പ്രതീക്ഷകളെ തകിടം മറിച്ചുകൊണ്ട് കനത്ത മഞ്ഞുവീഴ്ചയും മൂടൽമഞ്ഞും. യാത്രക്കാർക്കും പരസ്പരം കാണാനാവാത്ത അവസ്ഥ.

പാൻ ആം വിമാനത്തിൽ യാത്രക്കാരെല്ലാം കയറിക്കഴിഞ്ഞു.ആവശ്യത്തിന് ഇന്ധനവുമുണ്ട്. പക്ഷേ 12 അടി മാത്രം അകലെ യാത്ര തടസ്സപ്പെടുത്തിക്കൊണ്ട് കെഎൽഎം വിമാനം. ആ വിമാനത്തിൽ ഇന്ധനം നിറയ്ക്കണം. യാത്രക്കാർ എല്ലാവരും കയറിക്കഴിഞ്ഞിട്ടുമില്ല. ആദ്യം പുറപ്പെട്ടതു കെഎൽഎം. റൺവേയുടെ അവസാനഭാഗത്ത് എത്തി വിമാനം മുകളിലേക്കു കുതിക്കാൻ തുടങ്ങുന്നു. മൂ‍ടൽമഞ്ഞ് അപ്പോഴുമുണ്ടായിരുന്നു. വ്യക്തമായി കാഴ്ചകൾ കാണാനാകാത്ത അവസ്ഥ. കൺട്രോൾ റൂമിൽനിന്നുള്ള നിർദേശങ്ങൾ അവ്യക്തമായി മാത്രമേ ലഭിക്കുന്നുണ്ടായിരുന്നുള്ളൂ. പാൻ ആം വിമാനവും ഇതേ സമയം റൺവേയിലേക്കു കുതിച്ചു. അവർക്കും നിർദേശങ്ങൾ ലഭിച്ചത് അവ്യക്തമായി. ഏതാനും നിമിഷങ്ങൾക്കകം രണ്ടു വിമാനങ്ങളും നേർക്കുനേർ എത്തുന്നു. 

എമർജൻസി എക്സിറ്റിന്റെ അടുത്താണ് അപ്പോൾ ഡൊറോത്തി നിന്നിരുന്നത്. കാപ്പി കുടിക്കുകയായിരുന്നു അവർ. പെട്ടെന്ന് എന്തോ സംഭവിക്കുന്നു. വലിയൊരു ബോംബ് സ്ഫോടനമാണു സംഭവിക്കുന്നതെന്നു തോന്നി ഡൊറോത്തിക്ക്. ഏതാനും നിമിഷങ്ങൾക്കകം രണ്ടു വിമാനങ്ങളും കൂട്ടിയിടിച്ചു–അഗ്നിനാളങ്ങൾ ആകാശത്തേക്ക് ഉയർന്നു. തലയിൽ എന്തോ ശക്തമായി വന്നിടിക്കുന്നതായി തോന്നി ഡൊറോത്തിക്ക്. വീണുപോയി. പിന്നെയെഴുന്നേറ്റപ്പോൾ ഇരുട്ട്. കെഎൽഎം വിമാനം കത്തുകയായിരുന്നു. പരിശീലന ക്ലാസുകളിലെ പാഠങ്ങൾ അവരുടെ ഓർമയിലെത്തി. എല്ലാവരും പുറത്തേക്കു ചാടിയിറങ്ങൂ..ഡൊറോത്തി വിളിച്ചുകൂവി. വിമാനത്തിന്റെ വാതിലുകൾ വലിച്ചുതുറക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. യാത്രക്കാർ പെട്ടെന്നു തുറന്നുകിട്ടയ പ്രവേശന മാർഗങ്ങളിലൂടെ പുറത്തേക്കു ചാടാൻ വിസമ്മതിച്ചു. ഡൊറോത്തി കഴിയുന്നത്രപേരെ വിമാനത്തിൽനിന്നു പുറത്തേക്ക് തള്ളിയിട്ടു. ഡോറോത്തിയുടെ തലയിലെ മുറിവിൽനിന്നു രക്തം ഒഴുകുന്നുണ്ടായിരുന്നു.

വേദന വകവയ്ക്കാതെ അവർ രക്ഷാപ്രവർത്തനം തുടർന്നു. കത്തിക്കാളുന്ന വിമാനത്തിൽനിന്നു കൂടുതൽ പേരെ രക്ഷിക്കാൻ ഓടുമ്പോൾ അങ്ങോട്ടു പോകല്ലേ എന്നു പലരും ഡൊറോത്തിയോട് വിളിച്ചുപറയുന്നുണ്ടായിരുന്നു. പക്ഷേ, ഡൊറോത്തി അതു കാര്യമാക്കിയില്ല. വിമാനത്തിൽനിന്നു കൂടുതൽപേരെ അവർ പുറത്തേക്കു ചാടാനും രക്ഷാസ്ഥലത്തേക്കു നീങ്ങാനും സഹായിച്ചു. കുറെയധികം വയോധികരും വിമാനത്തിലുണ്ടായിരുന്നു. അവരെയൊക്കെ വലിച്ചിഴച്ചു പുറത്തെത്തിക്കേണ്ടിവന്നു ഡോറോത്തിക്ക്. രക്ഷാപ്രവർത്തനത്തിനിടെ വിമാനത്തിനു മുൻവശത്ത് എന്തോ അനങ്ങുന്നതുപോലെ തോന്നി ഡൊറോത്തിക്ക്. അടുത്തുചെന്നപ്പോൾ രക്ഷപ്പെടാനാവാതെ പുളയുകയായിരുന്നു ക്യാപ്റ്റൻ ഗ്രബ്സ്. ഡൊറോത്തി കൈ നീട്ടി അദ്ദേഹത്തെ പിടിച്ചു. എഴുന്നേൽക്കാൻ സഹായിച്ചു. പുറത്തേക്കു കൊണ്ടുവന്നു. വിമാനത്തിന്റെ മറ്റൊരു വശത്ത് ഒരു സ്ത്രീ കിടക്കുന്നു. ആദ്യം ചാടിയവരിൽ ഒരാൾ. പിന്നീടു ചാടിയവർ ആ യുവതിയുടെ പുറത്തേക്കു വീണതിനാൽ അവർക്ക് എഴുന്നേൽക്കാൻ കഴിയുന്നില്ല. 

രക്തത്തിൽ‌ കുളിച്ചുകിടക്കുന്നു. അവരെയും ജീവിതത്തിലേക്കു കൊണ്ടുവന്നതു ഡൊറോത്തി. അപകടസ്ഥലത്തുനിന്ന് അന്ന് അവസാനം പുറത്തേക്കു നീങ്ങിയവരിൽ ഒരാളായിരുന്നു ഡൊറോത്തി. അതുകൊണ്ടും തീർന്നില്ല.ആശുപത്രയിലെത്തിയിട്ടും മുറിവേറ്റവരെ സഹായിച്ചും വൈദ്യസംഘത്തിനു നിർദേശങ്ങൾ കൊടുത്തും സജീവമായി നിന്നു ഡോറോത്തി. മുറിവിനുള്ള ചികിൽസപോലും മാറ്റിവച്ചാണ് അവർ യാത്രക്കാരെ സഹായിച്ചത്. കൈ ഒടിഞ്ഞിട്ടുണ്ടെന്ന് ഡൊറോത്തി മനസ്സിലാക്കുന്നതുപോലും വൈകി. 

ചികിൽസ പൂർണമായതിനുശേഷം അവർ അമേരിക്കയിലേക്കു മടങ്ങി.ഒന്നര വർഷത്തിനുശേഷം വീണ്ടും പാൻ ആം വിമാനത്തിൽ ആകാശത്തിലേക്കും. 1988 ആയപ്പോഴേക്കും ഡൊറോത്തി ലണ്ടനിൽ താമസിച്ചുകൊണ്ട് ഹീത്രൂ കേന്ദ്രമാക്കി ജോലി ചെയ്യുന്നു. 1991–ൽ പാൻ അമേരിക്ക പ്രവർത്തനം അവസാനിപ്പിച്ചു. യുണൈറ്റഡ് എയർലൈൻസ് മുന്നോട്ടുവന്നു. പക്ഷേ സാഹസികതയുടെ മുദ്രയായി അടയാളപ്പെടുത്തപ്പെട്ട ഡൊറോത്തി ഉൾപ്പെടെ പല മുൻജീവനക്കാരെയും പിരിച്ചുവിട്ടു. 

അഞ്ചുവർഷം നീണ്ട നിയമയുദ്ധത്തിനൊടുവിൽ ഡൊറോത്തിയെ തിരിച്ചെടുത്തു. നവംബറിലെ ഭീകരാക്രമണം ഉണ്ടായപ്പോൾ ഒരിക്കൽക്കൂടി രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകാനും ഡൊറോത്തി തയാറായി. 2006–ൽ അവർ അമേരിക്കിയിലേക്കു തിരിച്ചെത്തി സ്ഥിരതാമസവും തുടങ്ങി. വിമാനത്തിലെ ഒരു ജോലിക്കാരി എന്ന നില വിട്ട് മനുഷ്യജീവനുകളുടെ രക്ഷകയാകാനായിരുന്നു ഡൊറോത്തിയുടെ നിയോഗം.അതിലവർ പൂർണമായി വിജയിക്കുകയും ചെയ്തു. ഇന്നും രക്ഷദൗത്യങ്ങളിലെ മാലാഖമാരിൽ ഒന്നായി വാഴ്ത്തപ്പെടുന്നു ഡൊറോത്തി എന്ന ധീരവനിത,