പൊതുവെ എന്തുവിവാദങ്ങളുണ്ടായാലും അതിനെക്കുറിച്ച് മൗനം പാലിക്കുകയാണ് മുൻ ലോകസുന്ദരി ഐശ്വര്യറായ് ബച്ചന്റെ പതിവ്. ലോകമെമ്പാടും കോളിളക്കം സൃഷ്ടിച്ച മീടൂ ക്യാംപെയിനിന്റെ കാര്യത്തിലും ഐശ്വര്യ ആ പതിവ് തെറ്റിച്ചില്ല. ഹോളിവുഡ് നിർമാതാവ് ഹാർവി വിൻസ്റ്റണെതിരെയുള്ള ലൈംഗികാരോപണത്തെത്തുടർന്ന് ലോകമെമ്പാടുമുള്ള സ്ത്രീകൾ, തങ്ങൾക്ക് നേരിടേണ്ടി വന്ന ലൈംഗികാതിക്രമത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളിലൂടെയാണ് തുറന്നു പറഞ്ഞത്.
ഹാര്‍വി വിസ്റ്റണനിൽ നിന്നുണ്ടായ ദുരനുഭവങ്ങളെക്കുറിച്ച് പ്രമുഖ നടികൾ തുറന്നടിച്ചപ്പോഴും ഐശ്വര്യ മൗനം പാലിക്കുകയായിരുന്നു. ഒരു ഘട്ടത്തിൽ ഐശ്വര്യയുടെ മാനേജരായിരുന്ന വ്യക്തി ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ നടത്തിയിരുന്നു. ഐശ്വര്യയെയും ഉപദ്രവിക്കാൻ ഹാർവിക്ക് പദ്ധതിയുണ്ടായിരുന്നതായും ഭാഗ്യംകൊണ്ടാണ് ഐശ്വര്യ രക്ഷപെട്ടത് എന്നുമായിരുന്നു മാനേജർ വെളിപ്പെടുത്തിയത്.
എന്നാൽ ഐശ്വര്യ മാനേജരുടെ വെളിപ്പെടുത്തൽ സത്യമാണെന്നു പറയുകയോ നിരാകരിക്കുകയോ ചെയ്തില്ല. സിഡ്നിയിൽ നടന്ന ഒരു പൊതുപരിപാടിക്കിടെ മീടൂ ക്യാംപെയിനെപ്പറ്റി ഐശ്വര്യ തുറന്നു സംസാരിക്കാൻ തയാറായി. മീടൂവിലൂടെ ആളുകൾ തുറന്നു സംസാരിക്കാൻ തയാറായെന്നും അതിൽ വളരെ സന്തോഷമുണ്ടെന്നുമാണ് ഐശ്വര്യ പറഞ്ഞത്.
ഇത്തരം പോസിറ്റീവായ കാര്യങ്ങൾ നടക്കുന്നുണ്ടെങ്കിലും പലപ്പോഴും വ്യക്തി സ്വാതന്ത്ര്യം ഹനിക്കുന്നതുപോലെയാണ് ചിലർ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നതെന്നും ഐശ്വര്യ പറഞ്ഞു. സിനിമാ മേഖലയിലെ നെഗറ്റീവ് കാര്യങ്ങളെക്കുറിച്ചും സിനിമാതാരങ്ങളെപ്പറ്റിയുള്ള ഗോസിപ്പുകളെക്കുറിച്ചുമല്ലാതെ സിനിമയിൽ സ്ത്രീകൾക്കു ലഭിക്കുന്ന അവസരങ്ങളെപ്പറ്റി സംവദിക്കാനാണ് ഇത്തരം മാധ്യമങ്ങൾ ഉപയോഗിക്കേണ്ടതെന്നാണ് ഐശ്വര്യ പറഞ്ഞത്.