Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചോരയിറ്റുന്ന ഭ്രൂണവുമായി പെൺകുട്ടി പൊലീസ് സ്റ്റേഷനിൽ; പുറത്തുവന്നത് ക്രൂരമായ പീഡനകഥ

x-default പ്രതീകാത്മക ചിത്രം.

അവശയായ പെൺകുട്ടിയും അവളുടെ അമ്മയും പൊലീസ് സ്റ്റേഷനിലെത്തിയത് എസ്പിയെ കാണണമെന്നാവശ്യപ്പെട്ടുകൊണ്ടാണ്. അമ്മയുടേയും മകളുടേയും വരവിൽ സംശയം തോന്നിയ പൊലീസ് അവരുടെ പക്കലുണ്ടായ ബാഗ് പരിശോധിച്ചപ്പോഴാണ് ഞെട്ടിയത്. ചോരയിറ്റുന്ന ഭ്രൂണമായിരുന്നു അതിലുണ്ടായിരുന്നത്. മധ്യപ്രദേശിലെ സാത്‌നയിലാണ് സംഭവം. 

10–ാംക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടി പറഞ്ഞ കാര്യങ്ങൾ കേട്ട് പൊലീസ് ഉദ്യോഗസ്ഥരുടെ പോലും മനസ്സു തകർന്നു. ഏഴുമാസം മുൻപ് പെൺകുട്ടി കൂട്ടമാനഭംഗത്തിനിരയായിരുന്നു. മുഖ്യപ്രതിയുടെ പേരുൾപ്പടെയുള്ള വിവരങ്ങൾ ചേർത്ത് അന്നവൾ പൊലീസിന് പരാതി നൽകിയിരുന്നു. എന്നാൽ അവളുടെ പരാതിയിൽ യാതൊരു നിയമനടപടിയുമുണ്ടായില്ല. 

സംഭവം കഴിഞ്ഞ് മാസങ്ങൾക്കുശേഷം പെൺകുട്ടിക്ക് കഠിനമായ വയറുവേദനയുണ്ടായി. തുടർന്നു നടത്തിയ പരിശോധനയിലാണ് ഗർഭിണിയാണെന്നറിഞ്ഞത്. കഴിഞ്ഞ ദിവസം പെൺകുട്ടിക്ക് വീണ്ടും വയറുവേദന കലശലായപ്പോഴാണ് അവൾ അമ്മയേയും കൂട്ടി ആശുപത്രിയിലേക്ക് പുറപ്പെട്ടത്. പക്ഷേ വഴിയിൽ വെച്ച് അവളെ മാനഭംഗപ്പെടുത്തിയ സംഘം ഓട്ടോ തടഞ്ഞു. 

ദയവുചെയ്ത് ഉപദ്രവിക്കരുതെന്നും ആശുപത്രിയിൽ പോകാൻ അനുവദിക്കണമെന്നും കരഞ്ഞപേക്ഷിച്ചതിനെത്തുടർന്ന് അവർക്ക് പരിചയമുള്ള ഒരു ഡോക്ടറിന്റെ വീട്ടിലെത്തിക്കുകയും പെൺകുട്ടിയെ നിർബന്ധിച്ച് ഗർഭഛിദ്രത്തിന് വിധേയയാക്കുകയും ചെയ്തു. ഗർഭഛിദ്രത്തെക്കുറിച്ച് പുറത്തു പറഞ്ഞാൽ കൊന്നുകളയുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. ശേഷം ഭ്രൂണം ഒരു ബാഗിലാക്കി പെൺകുട്ടിയുടെ കൈയിൽ കൊടുത്ത ഡോക്ടർ അത് വഴിയിലെവിടെയെങ്കിലും കളയാൻ പറയുകയും  ചെയ്തു.

വളരെ ക്രൂരമായി ഭ്രൂണത്തെ ഇല്ലാതാക്കിയ ഡോക്ടർ ഓട്ടോക്കൂലിയായി 20 രൂപ നൽകിയെന്നും ഗർഭഛിദ്രത്തിനു ശേഷം അവശനിലയിലായ തന്നെ പുറത്താക്കി വാതിലടക്കുകയും ചെയ്തെന്നും പെൺകുട്ടി പറയുന്നു. ക്രൂരമായ പീഡനങ്ങളിൽ മനസ്സുമടുത്ത പെൺകുട്ടിയും അമ്മയും ഭ്രൂണമടങ്ങിയ ബാഗുമായി പൊലീസ് സ്റ്റേഷനിലെത്തി. എന്നാൽ എസ്പി സ്ഥലത്തില്ലാതിരുന്നതിനാൽ അനുഭവിച്ച പീഡനങ്ങളെക്കുറിച്ച് വിശദമായ പരാതിയെഴുതി നൽകിയ ശേഷം പെൺകുട്ടിയും അമ്മയും മടങ്ങി.

നീരജ് പാണ്ഡെ എന്നയാളും സുഹൃത്തുക്കളും ചേർന്നാണ് തന്നെ ഉപദ്രവിച്ചതെന്ന് യുവതി ആദ്യം തന്നെ ലോക്കൽ പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ അന്നു നടിപടിയൊന്നും ഇല്ലാതിരുന്നതുകൊണ്ടാണ് തനിക്കു സംഭവിച്ച ദുരിതങ്ങളെപ്പറ്റി പരാതി നൽകാൻ യുവതി എസ്പി ഓഫീസിലെത്തിയത്. കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.