Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാനഭംഗപ്പെടുത്തുന്ന ഓരോ കുറ്റവാളിയേയും തൂക്കിലേറ്റണം; ആശാദേവി

nirbhaya-mother

12 വയസ്സിൽ താഴെയുള്ള പെൺകുഞ്ഞുങ്ങളെ പീഡിപ്പിക്കുന്നവർക്ക് വധശിക്ഷ നൽകാമെന്ന് പോക്സോ നിയമം ഭേദഗതിക്ക് കേന്ദ്രസർക്കാർ അംഗീകാരം നൽകിയതിനെ അഭിനന്ദിക്കുകയാണ് നിർഭയയുടെ അമ്മ ആശാദേവി. നിയമഭേദഗതിയിൽ സന്തോഷമുണ്ടെങ്കിലും 12 വയസ്സിനു മുകളിലുള്ളവർ പീഡിപ്പിക്കപ്പെട്ടാലും പ്രതികൾക്ക് വധശിക്ഷ നൽകണമെന്നു തന്നെയാണ് തന്റെ അഭിപ്രായമെന്നും ആ അമ്മ പറഞ്ഞു.

'മാനഭംഗം ചെയ്യുന്ന ഓരോ പ്രതികളും തൂക്കിലേറ്റപ്പെടേണ്ടവരാണ്. മാനഭംഗത്തിനിരകളാകുന്ന 12 വയസ്സിനു മുകളിലുള്ള സ്ത്രീകൾക്കും നീതി ലഭിക്കണം മാനഭംഗത്തോളം ഹീനമായ കുറ്റകൃത്യം വേറെയില്ല. അതിനോളം വലിയ വേദനയും വേറെയില്ല''- ആശാദേവി പറയുന്നു. 

പോക്സോ നിയമം ഭേദഗതി ചെയ്യുന്നകാര്യം ഗൗരവമായി ആലോചിക്കുകയാണെന്നു കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം സുപ്രീംകോടതിയെ അറിയിച്ചിരുന്നു. എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ ഉപദ്രവിച്ചതു സംബന്ധിച്ച പൊതു താൽപര്യഹർജി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായുള്ള ബെഞ്ച് പരിഗണിക്കവെയാണു അഡീഷനൽ സോളിസിറ്റർ ജനറൽ പി.എസ്.നരസിംഹ ഇക്കാര്യം അറിയിച്ചത്.

അലഖ് അലോക് ശ്രീവാസ്തവയാണു പൊതു താൽപര്യഹർജി ഫയൽ ചെയ്തത്. കുട്ടികളെ ലൈംഗികമായി ഉപദ്രവിക്കുന്നവർക്കു മരണശിക്ഷ നൽകണമെന്നായിരുന്നു ആവശ്യം. എന്നാൽ ആദ്യ ഘട്ടത്തിൽ അഡീഷനൽ സോളിസിറ്റർ ജനറൽ വധശിക്ഷയെ എതിർത്തു. വധശിക്ഷ എല്ലാറ്റിനും പരിഹാരമല്ലെന്ന് അദ്ദേഹം വാദിച്ചു. തുടർന്നാണു പുതിയ നിയമം സർക്കാരിന്റെ പരിഗണനയിലാണെന്ന് അറിയിച്ചത്.