Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിറന്നത് ആൺകുട്ടി; തട്ടിപ്പ് പൊളിയാതിരിക്കാൻ ഡോക്ടർ ചെയ്ത ക്രൂരത

Baby

പെൺകുട്ടിയാണ് ജനിക്കാൻ പോകുന്നതെന്ന് ബന്ധുക്കളെ പറഞ്ഞു വിശ്വസിപ്പിച്ച ഡോക്ടർ ഒടുവിൽ ആ കടുംകൈ ചെയ്തു. തന്റെ പ്രവചനം തെറ്റിച്ചു കൊണ്ടു പിറന്ന ആൺകുട്ടിയുടെ ലിംഗം അയാൾ മുറിച്ചു കളഞ്ഞു. ജാർഖണ്ഡിലെ ചത്ര ജില്ലയിലാണ് വ്യാജ ഡോക്ടർ ഒരു പിഞ്ചു കുഞ്ഞിന്റെ ജീവനെടുത്തത്. ജയ്പ്രകാശ് നഗറിൽ ഒ.എം നഴ്സിങ് ഹോമിന്റെ നടത്തിപ്പുകാരനായ അനൂജ് കുമാറാണ് നവജാത ശിശുവിനോട് കൊടും ക്രൂരത ചെയ്തത്.

പ്രസവവേദനയെത്തുടർന്ന് ഗുഡിയ ദേവി എന്ന സ്ത്രീയെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് നഴ്സിങ്ഹോമിൽ പ്രവേശിപ്പിച്ചത്. അവരുടെ അൾട്രാസൗണ്ട് സ്കാനിങ് റിസൾട്ട് പരിശോധിച്ച ഡോക്ടർ ജനിക്കാൻ പോകുന്നത് പെൺകുഞ്ഞാണെന്ന് ഗുഡിയയുടെ ഭർത്താവിനെ ധരിപ്പിച്ചു. എന്നാൽ രാത്രിയോടെ യുവതി ആൺകുഞ്ഞിന് ജന്മം നൽകി.

പ്രവചനം തെറ്റിയതിനാൽ താൻ വ്യാജഡോക്ടറാണെന്ന് കുഞ്ഞിന്റെ ബന്ധുക്കൾ മനസ്സിലാക്കുമെന്നു ഭയന്ന ഡോക്ടർ കുഞ്ഞിന്റെ ലിംഗം ഛേദിച്ചു. വൈകല്യമുള്ള കുഞ്ഞു പിറന്നുവെന്ന് വരുത്തിത്തീർത്ത് തടിയൂരാനായിരുന്നു അയാളുടെ ശ്രമം. ഇതെത്തുടർന്ന് കുഞ്ഞു മരിച്ചു. കുഞ്ഞിന്റെ മരണത്തിൽ സംശയം തോന്നിയ ബന്ധുക്കൾ പൊലീസിനെ വിവരമറിയിച്ചു.

പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അനൂജ് കുമാർ വ്യാജഡോക്ടറാണെന്നു തെളിഞ്ഞത്. കുഞ്ഞിന്റെ ജഡം പോസ്റ്റ്മാർട്ടം ചെയ്തപ്പോഴാണ് ലിംഗഛേദനം നടത്തിയതാണ് മരണകാരണമെന്ന് ബോധ്യപ്പെട്ടത്.