ഒരൊറ്റ അക്ഷരം കൊണ്ട് മുഖമടച്ചൊരു അടി കിട്ടിയതു പോലുള്ള അനുഭവം! പെണ്ണെഴുത്തിന് കരുത്തു പകരാന്‍ ഇനി അത്തരമൊരു ‘ഫോണ്ടി’ന്റെ തന്നെ പിന്തുണയുണ്ട്. ലോകത്ത് ഇതാദ്യമായി വനിതകളുടെ അവകാശങ്ങൾക്കു വേണ്ടി സംസാരിക്കുന്ന ‘അക്ഷരങ്ങൾ’ തയാറായിരിക്കുന്നു. ‘ഫെമിനിസ്റ്റ് ലെറ്റേഴ്സ്’ എന്നു പേരിട്ട ഈ അക്ഷരങ്ങൾ ഇതിനോടകം രാജ്യാന്തര തലത്തിൽത്തന്നെ പ്രശസ്തമായിക്കഴിഞ്ഞു. പല രാജ്യങ്ങളിലും സ്ത്രീകളുടെ അവകാശങ്ങൾക്കു വേണ്ടിയുള്ള പ്രതിഷേധ പ്രകടനങ്ങളിലെ പ്ലക്കാർഡുകളിൽ ഇപ്പോൾ ഇടംപിടിച്ചിരിക്കുന്നത് ‘ഫെമിനിസ്റ്റ് ഫോണ്ടു’കളാണ്.
ന്യൂയോർക് ആസ്ഥാനമായുള്ള പരസ്യ ഏജൻസിയായ ‘വൈ ആൻഡ് ആർ’ ആണ് ഈ ഫോണ്ടുകൾ തയാറാക്കിയത്. ‘വിമൻ ഓഫ് സെക്സ് ടെക്ക്’ എന്ന കൂട്ടായ്മയാണ് ഇതിനു വേണ്ടി നിർദേശങ്ങളും പിന്തുണയും നൽകിയത്. ലൈംഗികോത്തേജനത്തിനായി സാങ്കേതികത ഉപയോഗപ്പെടുത്തി ഉപകരണങ്ങൾ നിർമിക്കുന്ന വ്യവസായങ്ങളിൽ സ്ത്രീകൾക്കും കൂടുതൽ പ്രാതിനിധ്യം വേണമെന്ന് ആവശ്യപ്പെട്ടു രംഗത്തുള്ള സംരംഭകരുടെ കൂട്ടായ്മയാണ് ‘വിമൻ ഓഫ് സെക്സ് ടെക്’.
സ്ത്രീകളുടെ അവകാശങ്ങൾക്കു വേണ്ടി പോരാടാനും അവരുടെ എഴുത്തിലും വാക്കിലും കൂടുതൽ കരുത്തു പകരാനുമാണ് ‘ഫെമിനിസ്റ്റ് ലെറ്റേഴ്സ്’ ഫോണ്ടുകൾ തയാറാക്കിയിരിക്കുന്നത്. മറ്റെല്ലാ ഫോണ്ടുകളെയും പോലെ ഇത് ആർക്കും ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം. സമൂഹമാധ്യമങ്ങളിലും മറ്റ് ഓൺലൈൻ മാധ്യമങ്ങളിലുമെല്ലാം പ്രയോഗിക്കുകയും ചെയ്യാം.
http://thefeministletters.com എന്ന വെബ്സൈറ്റിൽ ഡൗൺലോഡിനുള്ള ഓപ്ഷൻ ഒരുക്കിയിട്ടുണ്ട്. ഫെമിനിസ്റ്റ് ചിന്താഗതിയുമായി ബന്ധപ്പെട്ട ചിത്രങ്ങളുടെ സഹായത്തോടെയാണ് ഓരോ അക്ഷരവും തയാറാക്കിയിരിക്കുന്നത്. ഉദാഹരണത്തിന് ‘ബ്രാ’യുടെ ആകൃതിയിലാണ് ‘കെ’ എന്ന ഇംഗ്ലിഷ് അക്ഷരം. ഒപ്പം ‘കെ’ ഫോണ്ടിനു താഴെയായി ഒരു മുദ്രാവാക്യവുമുണ്ട്– Keep your hands off...ഇത്തരത്തിൽ ഓരോ അക്ഷരവും സ്ത്രീയുടെ അവകാശങ്ങളും അവർക്കു നൽകേണ്ട അധികാരങ്ങളും പ്രചോദനങ്ങളുമെല്ലാം ഉൾപ്പെടുത്തിയതാണ്. ഒപ്പം മറ്റുള്ളവർക്കുള്ള മുന്നറിയിപ്പും സൂചനയുമെല്ലാമായി മുദ്രാവാക്യങ്ങളുമുണ്ട്.
‘ജെ’ എന്ന അക്ഷരം രേഖപ്പെടുത്തിയിരിക്കുന്നത് ഒരു ടാമ്പോൺ ചിത്രം കൊണ്ടാണ്. ‘ജസ്റ്റിസ്’(നീതി) എന്നാണ് അത് അർഥമാക്കുന്നത്. തുല്യവേതനം, പ്രസവവുമായി ബന്ധപ്പെട്ടുള്ള അവകാശങ്ങള്‍, ചൂഷണത്തിനും പീഡനത്തിൽ നിന്നുമുള്ള സംരക്ഷണം തുടങ്ങിയ കാര്യങ്ങളെല്ലാം ഫോണ്ടിലൂടെ ലോകത്തിനു മുന്നിലെത്തിക്കാൻ സാധിക്കുമെന്നതാണ് ‘ഫെമിനിസ്റ്റ് ലെറ്റേഴ്സി’ന്റെ പ്രാധാന്യം. ഗർഭിണിയും സ്ത്രീ ലൈംഗികാവയവവും സാനിറ്ററി പാഡും സെക്സ് ടോയ്സും കോണ്ടവും കറൻസിയും മുടിയിഴകളും ഗർഭനിരോധന ഉപാധികളും ചുരുട്ടിപ്പിടിച്ച മുഷ്ടിയും വരെ ഫോണ്ടുകളായി മാറുന്ന അദ്ഭുതമാണ് ‘വൈ ആൻഡ് ആർ’ ഏജൻസി വനിതകൾക്കായി തയാറാക്കിയിരിക്കുന്നത്.
രണ്ടു സാനിറ്ററി പാഡുകൾ കൂട്ടിപ്പിണച്ചാണ് ‘എക്സ്’ എന്ന അക്ഷരമുണ്ടാക്കിയിരിക്കുന്നത്– എക്സ് ക്രോമസോംസ് എന്നതാണ് അതോടൊപ്പമുള്ള മുദ്രാവാക്യം. (ബീജത്തിലെ എക്സ് ക്രോമസോം പെൺകുട്ടിയെയാണു സൂചിപ്പിക്കുന്നത്). ‘വൈ’ എന്നാൽ ‘യുവർ റൈറ്റ് ടു ബ്രെസ്റ്റ് ഫീഡ്’ (മുലയൂട്ടാനുള്ള അവകാശം) എന്നാണു മുദ്രാവാക്യം. ഇത്തരത്തിൽ പെൺ അവകാശങ്ങളുടെയും അധികാരത്തിന്റെയും ആവശ്യങ്ങളുടെയും കൃത്യമായ വിളംബരമാണ് ഓരോ അക്ഷരവും. ഇവ ഓരോന്നും പകർന്നു തരുന്നതാകട്ടെ തങ്ങളുടെ അവകാശങ്ങൾക്കായി, തങ്ങൾക്ക് ഇഷ്ടമില്ലാത്തവയ്ക്ക് എതിരായി ശബ്ദമുയർത്താനുള്ള അസാധാരണമായ ധൈര്യവും.
‘ഓരോ അക്ഷരത്തിനും ഓരോ അർഥങ്ങളുണ്ട്. ഓരോ ലക്ഷ്യവുമുണ്ട്. ലിംഗസമത്വം ലക്ഷ്യമിട്ടാണ് ഈ ഫോണ്ടുകൾക്ക് രൂപം നൽകിയതു തന്നെ. തുല്യവേതനം, വനിതകളുടെ ആരോഗ്യം, രാഷ്ട്രീയത്തിലെ ഇടപെടൽ, വിദ്യാലയങ്ങളിലെ ചൂഷണം, ആക്രമണങ്ങളിൽ നിന്നുള്ള മോചനം...തുടങ്ങിയവയിലെല്ലാം ലോകത്തിന്റെ ശ്രദ്ധ പതിപ്പിക്കാനുള്ള ശ്രമം കൂടിയാണ് ഈ ഫോണ്ടുകൾ...’ – ‘വൈ ആൻഡ് ആർ’ വക്താവ് പറയുന്നു.
2017 ജനുവരിയിലാണ് ആദ്യമായി ഈ ഫോണ്ട് ലോകത്തിനു മുന്നിലെത്തിയത്. വനിതകളുടെ നേതൃത്വത്തിൽ ന്യൂയോർക്കിൽ നടന്ന ഒരു പ്രകടനത്തിലെ പ്ലക്കാർഡുകളിലായിരുന്നു ഫോണ്ടിന്റെ പ്രയോഗം. പിന്നാലെ ലോകമെമ്പാടുമുണ്ടായ അരക്കോടിയോളം പ്രതിഷേധ പ്രകടനങ്ങളിൽ ഇതിനോടകം ഈ ഫോണ്ട് ഭാഗമായി. #TimesUp #MeToo തുടങ്ങിയ ക്യാംപെയ്നുകൾ ശക്തമാകുമ്പോൾ ഒപ്പം ചേർന്ന് അതിനു വേണ്ടി പോരാടുന്നവരുടെ കൈപിടിക്കുക എന്ന ലക്ഷ്യവും ഫെമിനിസ്റ്റ് ലെറ്റേഴ്സിനുണ്ട്. അക്ഷരത്തെ തന്നെ സന്ദേശമാക്കി മാറ്റുക എന്ന വലിയ ലക്ഷ്യവും...