Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആനിയമ്മയ്ക്ക് വയസ്സ് 61, മക്കൾ 50

annie-santhwanam കളിചിരികളും കുസൃതിയും കുട്ടിക്കളികളുമായി കോട്ടയത്ത് ഒരു അമ്മക്കിളിക്കൂട് നടത്തുകയാണ് ആനി ഇപ്പോള്‍. സാന്ത്വനം എന്നു പേര്.

കുട്ടികളെ എല്ലാവര്‍ക്കും ഇഷ്ടമാണെങ്കിലും ഒന്നോ രണ്ടോ കുട്ടികളെ വളര്‍ത്തിവലുതാക്കുന്നതുപോലും വലിയ ജോലിയാണു മിക്ക മാതാപിതാക്കള്‍ക്കും. കുട്ടികള്‍ കൂടുന്നതനുസരിച്ചു കഷ്ടപ്പാടുകളും കൂടുന്നു. സമൂഹത്തിലെ പതിവുരീതി ഒരു വീട്ടില്‍ ഒരു കുട്ടി അല്ലെങ്കില്‍ രണ്ട് ആണെങ്കില്‍ 50 കുട്ടികളെ ഒരു പരാതിയുമില്ലാതെ വളര്‍ത്തുന്ന ഒരു അമ്മയെ പരിചയപ്പെടുക. ആക്ഷരാര്‍ഥത്തില്‍ പേരില്‍ത്തന്നെ അമ്മയുള്ള ആനിയമ്മ. 

മാതാപിതാക്കള്‍ ഉപേക്ഷിച്ച ഒരു പെണ്‍കുട്ടി എങ്ങും പോകാനില്ലാതെ അലഞ്ഞപ്പോള്‍ അവളെ ഉപേക്ഷിക്കാന്‍ മനസ്സുവന്നില്ല ആനിയുടെ അമ്മ മനസ്സിന്. ആരുമില്ലാത്ത, എങ്ങും പോകാനില്ലാത്ത കുട്ടികള്‍ പിന്നെയും വന്നുകൊണ്ടിരുന്നു ആനിയെത്തേടി. എല്ലാവരെയും മാറോടടുക്കിപ്പിടിച്ച് സ്നേഹവും വാല്‍സല്യവും പകര്‍ന്നു ആനി.

അന്‍പതോളം കുട്ടികളായി. ആനിക്ക് അറുപതു വയസ്സും കഴിഞ്ഞു. കളിചിരികളും കുസൃതിയും കുട്ടിക്കളികളുമായി കോട്ടയത്ത് ഒരു അമ്മക്കിളിക്കൂട് നടത്തുകയാണ് ആനി ഇപ്പോള്‍. സാന്ത്വനം എന്നു പേര്. സാന്ത്വനത്തെ അനാഥാലയമെന്നു വിളിച്ചാല്‍ ആദ്യം എതിര്‍ക്കുന്നത് ആനി ആയിരിക്കും. ഇതു ഞങ്ങളുടെ സ്വന്തം വീട്- ആനി പറയുന്നു. അഭയം തേടിയെത്തുന്ന കുട്ടികള്‍ക്ക് അമ്മയാണ് ആനി.  ഭര്‍ത്താവ് ബാബു അപ്പയും. വീടുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും വീട്ടിലെ എല്ലാ അംഗങ്ങളും ഒരുമിച്ചിരുന്ന് എടുക്കുന്നു. സന്തോഷവും സങ്കടവും പങ്കിടുന്നു. 

santhwanam-orphanage

90 ആംഗങ്ങളുണ്ട് സാന്ത്വനത്തില്‍. കുട്ടികളും ഉപേക്ഷിക്കപ്പെട്ട അമ്മമാരുമായി. 48 പേര്‍ വിദ്യാര്‍ഥികള്‍. മൂന്നു പേര്‍ പഠിക്കുന്നതു കോട്ടയത്തെ പ്രശസ്തമായ പള്ളിക്കൂടം സ്കൂളില്‍. ആനിയമ്മ വളര്‍ത്തിയ നാലു പെണ്‍കുട്ടികള്‍ വിവാഹിതരായി. അവര്‍ ഇപ്പോഴും മറന്നിട്ടില്ല തങ്ങള്‍ വളര്‍ന്ന വീടും വളര്‍ത്തിയ ആനിയമ്മയേയും. പുതിയ കുടുംബത്തോടൊപ്പം അവര്‍ പതിവായി എത്തും സാന്ത്വനത്തില്‍. 

ആനിക്കും ബാബുവിനും രണ്ട് ആണ്‍മക്കളാണ്. അടിപൊളിയായി ജീവിക്കുന്നതിനിടെ ഉണ്ടായ ഒരു സംഭവം അവരുടെ ജീവിതം മറ്റൊരു വഴിയിലേക്കു തിരിച്ചുവിട്ടു. തണല്‍ എന്ന സന്നദ്ധസംഘടനയില്‍ ജോലി ചെയ്തിരുന്നു ആനി. പാര്‍ട്ട് ടൈം ജോലിയായിരുന്നു തുടക്കത്തില്‍. തണലിലെ പ്രശ്നങ്ങളില്‍ കൂടുതലായി മുഴുകിയപ്പോള്‍ മുഴുവന്‍ സമയവും ജോലി ചെയ്തുതുടങ്ങി ആനി. തണലിന്റെ സെക്രട്ടറിയുമായി. സ്ഥാപനം വളര്‍ന്നു. ഇനി കൂടുതല്‍ കുട്ടികളെ ഉള്‍ക്കൊള്ളാനുള്ള സൗകര്യവും ഇല്ലാതായി. 

santhwanam-annie-family അഭയം തേടിയെത്തുന്ന കുട്ടികള്‍ക്ക് അമ്മയാണ് ആനി. ഭര്‍ത്താവ് ബാബു അപ്പയും. വീടുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും വീട്ടിലെ എല്ലാ അംഗങ്ങളും ഒരുമിച്ചിരുന്ന് എടുക്കുന്നു. സന്തോഷവും സങ്കടവും പങ്കിടുന്നു.

ജോലി മതിയാക്കാന്‍ തീരുമാനിച്ചു ആനിയും. സംഘാടകര്‍ അപേക്ഷിച്ചപ്പോള്‍ പകരമൊരാള്‍ വരുന്നതുവരെ തുടരാന്‍ തീരുമാനിച്ചു. ഇക്കാലത്താണ് മൂന്നുവയസ്സുള്ള ഒരു പെണ്‍കുട്ടിയുമായി പൊലീസുകാര്‍ തണലില്‍ വരുന്നത്. കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കാവുന്ന അവസ്ഥയില്‍ ആയിരുന്നില്ല തണല്‍. ആനി ദിവസവും വൈകിട്ടു കുട്ടിയെ വീട്ടില്‍കൊണ്ടുവരും. പുലര്‍ച്ചെ തിരികെ തണലിലേക്കും. അന്ധവിശ്വാസത്തെത്തുടര്‍ന്നാണു കുടുംബം കുട്ടിയെ ഉപേക്ഷിച്ചത്. കുട്ടിയെ ആനാഥാലയത്തിലാക്കാന്‍ തീരുമാനിച്ചു.

പക്ഷേ പോകാന്‍ തയ്യാറായില്ല പെണ്‍കുട്ടി. ആര്‍ക്കും വേണ്ടാത്ത കുട്ടിയെ ഏറ്റെടുക്കാന്‍ തീരുമാനിച്ചു ആനിയും ബാബുവും. പക്ഷേ കോടതി അതനുവദിച്ചില്ല. രണ്ടുപേരുടെയും കൂടി പ്രായം 90 വരും. ഏഴുദിവസത്തിനുള്ളില്‍ കുട്ടിയെ അനാഥാലയത്തിലാക്കണമെന്ന് കോടതി അവസാന ഉത്തരവും പുറപ്പെടുവിച്ചു. കോടതി എന്തു പറഞ്ഞാലും അനാഥാലയത്തില്‍ പോകാനോ ആനിയെ വിട്ടുപോകാനോ തയാറായില്ല പെണ്‍കുട്ടി. ഒരു വഴിയേ ഉണ്ടായിരുന്നുള്ളൂ ആനിക്കും ബാബുവിനും. അവര്‍ ഒരു അനാഥാലയം തുടങ്ങാന്‍ തീരുമാനിച്ചു. അങ്ങനെ കോടതി ഉത്തരവ് അനുസരിക്കാനും. 

santhwanam-children 90 ആംഗങ്ങളുണ്ട് സാന്ത്വനത്തില്‍. കുട്ടികളും ഉപേക്ഷിക്കപ്പെട്ട അമ്മമാരുമായി. 48 പേര്‍ വിദ്യാര്‍ഥികള്‍.

ആനിയുടെയും ബാബുവിന്റെയും അനാഥാലയത്തില്‍ 10 കുട്ടികളായിരുന്നു തുടക്കത്തില്‍. പക്ഷേ, ഓരോദിവസവും കുട്ടികളുടെ എണ്ണം കൂടിക്കൊണ്ടിരുന്നു. ചെല്‍ഡ് ലൈന്‍ പ്രവര്‍ത്തനങ്ങള്‍ അന്നു സജീവമായിട്ടില്ല. കുട്ടികളുടെ സംരക്ഷണത്തിനു ജില്ലാ സമിതികളുമില്ല. ഉപേക്ഷിക്കപ്പെട്ട കുട്ടികളെ കിട്ടിയാല്‍ പൊലീസുകാര്‍ അവരെ ആനിയുടെയും ബാബുവിന്റെയും അടുത്തുകൊണ്ടുവരും. ആനിയമ്മ മക്കളെ സ്നേഹത്തോടെ ചേര്‍ത്തുപിടിക്കും. സന്തോഷത്തോടെ ബാബു അതുകണ്ടുനില്‍ക്കും. 

മുന്നൊരുക്കങ്ങളൊന്നുമില്ലാതെയായിരുന്നു ആനിയുടെയും ബാബുവിന്റെയും സാന്ത്വനത്തിന്റെ തുടക്കം. പ്രതിസന്ധികള്‍ ഏറെയുണ്ടായി. വാടക കൊടുക്കണം. കുട്ടികള്‍ക്ക് ആഹാരം കൊടുക്കണം. അവസാന നിമിഷം എവിടെനിന്നെങ്കിലും ആഗ്രഹിച്ച സഹായം കിട്ടും. പ്രതിസന്ധിയില്‍ നിന്നവര്‍ കര കയറും. അങ്ങനെ മുന്നോട്ടുപോയി ആനിയമ്മയുടെ അമ്മക്കിളിക്കൂട്. 

santhwanam-annie-kids ആനിയുടെയും ബാബുവിന്റെയും സ്വാന്ത്വനത്തിൽ 10 കുട്ടികളായിരുന്നു തുടക്കത്തില്‍.

വീടുകളില്‍നിന്ന് ഇറക്കിവിട്ട അമ്മമാരുണ്ട് സാന്ത്വനത്തില്‍. മക്കള്‍ അടിച്ചിറക്കിയ അമ്മമാരുണ്ട്. മാനഭംഗത്തിന്റെയും പീഡനങ്ങളുടെയും ഇരകളുണ്ട്. വിവിധ കാരണങ്ങളാല്‍ ജീവിതം വഴിമുട്ടിയ പെണ്‍കുട്ടികളും. സ്നേഹം സ്വന്തം മക്കള്‍ക്കുമാത്രമായി പരിമിതപ്പെടുത്തരുത്. സ്നേഹവും പരിചരണവും വേണ്ട ഏറെപ്പേര്‍ നമ്മുടെ സമൂഹത്തിലുണ്ട്. അവരെക്കൂടി ഓര്‍ക്കുക- എല്ലാ അമ്മമാരോടും ആനിയമ്മയ്ക്ക് പറയാനുള്ളത് ഇതാണ്. 

സര്‍ക്കാരില്‍നിന്നോ വിദേശരാജ്യങ്ങളില്‍നിന്നോ ആനിയുടെ സ്ഥാപനത്തിന് ഒരു സഹായവും ലഭിക്കുന്നില്ല. വ്യക്തികള്‍ നല്‍കുന്ന സംഭാവനകളെ മാത്രം ആശ്രയിച്ചാണ് സാന്ത്വനം മുന്നോട്ടുപോകുന്നത്. അനാഥാലയങ്ങളുമായി ബന്ധപ്പെട്ട് സുപ്രീം കോടതി അടുത്തിടെ പുറപ്പെടുവിച്ചതു കര്‍ശന നിയമങ്ങള്‍.  നിയമം പാലിക്കാനാകാതെ  മിക്ക സ്ഥാപനങ്ങളും പൂട്ടി. മക്കളെ ഉപേക്ഷിക്കാനോ വീട് അടച്ചിടാനോ ആനിയമ്മയ്ക്കു കഴിയില്ല. ശമ്പളം കൊടുക്കാന്‍ മാത്രം മാസം മൂന്നുലക്ഷം രൂപയോളം വേണമെന്നു പറയുന്നു ആനിയമ്മ. 

prizes-children സാന്ത്വനത്തിലെ കുട്ടികൾ നേടിയ സമ്മാനങ്ങൾ.

നിയമം പാലിക്കാനായി പുതിയൊരു കെട്ടിടം പണിയേണ്ടിവന്നു സാന്ത്വനത്തിന്. ബുക്കര്‍ പുരസ്കാര ജേതാവ് അരുന്ധതി റോയി, മേരി റോയ് എന്നിവരൊക്കെക്കൂടി സഹായിച്ചിട്ടാണ് പുതിയ കെട്ടിടം നിര്‍മിച്ച് സ്ഥാപനത്തിന്റെ പ്രവര്‍ത്തനം നിയമവിധേയമാക്കിയത്. ഇനിയും സഹായം ആവശ്യമുണ്ട് സാന്ത്വനത്തിന്. സംഭാവനകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നവരും സഹായിക്കാന്‍ ആഗ്രഹിക്കുന്നവരും വിളിക്കുക: 9447568244.