Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആക്രമിക്കാൻശ്രമിച്ചയാളുടെ ചിത്രം പകർത്തി കുടുക്കിയ പെൺകുട്ടി ആ ‘കാളരാത്രി’ ഒാർമിക്കുന്നു

murukan പിടിച്ചാൽ ഇങ്ങനെ പിടിയിലാകും.. ജനലിലൂടെ കടന്നുപിടിക്കാൻ ശ്രമിച്ച ഓട്ടോറിക്ഷാ ഡ്രൈവർ മുരുകന്റെ ചിത്രം യുവതി മൊബൈൽ ഫോണിൽ പകർത്തിയപ്പോൾ. ഈ ചിത്രത്തിന്റെ സഹായത്തോടെയാണു പൊലീസ് മുരുകനെ പിടികൂടിയത്.

തിരുവനന്തപുരം∙ ‘‘എന്തു ചെയ്യണമെന്നറിയാതെ നടുങ്ങിപ്പോയ ആ രാത്രിയിൽ, അയാളുടെ ചിത്രം എടുക്കാൻ കഴിഞ്ഞുവെന്നത് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല. ഒരു കൂസലുമില്ലാതെ അയാൾ മുന്നോട്ടു വന്നിട്ടും എന്റെ മനസ്സു പതറിയില്ല. അപ്പോൾ ചിത്രമെടുത്തതു കണ്ടതോടെയാണ് അയാൾ പിന്മാറിയത്. ചിത്രം പൊലീസിനും സഹായകമായി. ’’ ജനൽ വഴി കയ്യിട്ടു പിടിച്ചയാളുടെ ചിത്രം മനസ്സാന്നിധ്യത്തോടെ പകർത്തിയ ടെക്നോപാർക്ക് ജീവനക്കാരി ആ ദുരനുഭവത്തെക്കുറിച്ച്:

 രാത്രി 7.30ന് ആണു ഷിഫ്റ്റ് കഴിഞ്ഞു പുറത്തിറങ്ങിയത്. പിന്നെ സുഹൃത്തുക്കളുമൊത്ത് ബൈപാസിനു സമീപത്തെ ഹോട്ടലിൽനിന്നു ഭക്ഷണം കഴിച്ചു. റൂംമേറ്റായ കുട്ടി നാട്ടിൽ പോയതിനാൽ റൂമിലെത്തിയ ഉടൻ കുളി കഴിഞ്ഞു നേരത്തെ ഉറങ്ങാൻ കിടന്നു. കടുത്ത ചൂടായതിനാൽ ചില ദിവസങ്ങളിൽ ജനൽ അടയ്ക്കാറില്ല. അന്നും ജനലുകൾ തുറന്നിട്ടു. ഒരു മുറിയിൽ രണ്ടുപേർ വീതം ആറുപേരാണ് ഒന്നാം നിലയിൽ. താഴെ വീട്ടുടമയായ സ്ത്രീയും അവരുടെ കുടുംബവും.

അന്നു സമയം ഏകദേശം 2.30 ആയിക്കാണും. ചുവരിനോടു ചേർന്നു കിടന്ന എന്റെ ദേഹത്തേക്കു വളരെ വേഗത്തിലാണ് ഒരു കൈ വന്നു പതിച്ചത്. നല്ല ഉറക്കമായിരുന്നിട്ടും ഒരുനിമിഷം കൊണ്ട് ഞാൻ ചാടി എഴുന്നേറ്റു. നേരിയ വെളിച്ചത്തിൽ ജനലിനരികിൽ അയാളെ ഞാൻ കണ്ടു. ലൈറ്റിട്ടതും പിന്നോട്ടു പോയ അയാൾ പക്ഷേ ഒട്ടും ഭയമില്ലാതെ വീണ്ടും മുന്നോട്ടു വന്നു. ഈ സമയം ആളെക്കൂട്ടാനായി ഉച്ചത്തിൽ നിലവിളിച്ചു ബഹളം വച്ചു. 

പക്ഷേ ആരും വന്നില്ല. ആ സമയം നന്നായി പേടിച്ചു. എന്തു ചെയ്യണമെന്നറിയാതെ സ്തംഭിച്ചു പോയി. കരച്ചിൽ വന്നിട്ടും പിടിച്ചുനിന്നു. അപ്പോ​ഴേക്കും അയാൾ വീണ്ടും മുറിയിലേക്കു കൈ കടത്തി. പിന്തിരിയില്ലെന്നു കണ്ടതോടെ കയ്യിൽ കിട്ടിയ പേനയും മറ്റുമെടുത്ത് കൈത്തണ്ടയിൽ കുത്തി. 

കട്ടിലിൽ കിടന്ന മൊബൈൽ ഫോണെടുത്തു രണ്ടു മൂന്നു ചിത്രങ്ങൾ പകർത്തി. എന്നിട്ടും അയാൾ പിന്മാറാൻ കൂട്ടാക്കാതെ അവിടെത്തന്നെ നിന്നു. രക്ഷയില്ലെന്നു വന്നതോടെ വളരെ ഉച്ചത്തിൽ നിലവിളിച്ചു. ഇതു കേട്ടു താഴത്തെ ഫ്ലോറിലും സമീപ വീടുകളിലും ലൈറ്റുകൾ തെളിഞ്ഞു. ഇതോടെ അയാൾ സ്ഥലംവിട്ടു. രാത്രികാലങ്ങളിൽ ഇത്തരം ശല്യങ്ങൾ ഉണ്ടാകാറുണ്ടെന്നു സുഹൃത്തക്കൾ പറഞ്ഞിട്ടുണ്ട്. പക്ഷേ അന്നതു കാര്യമാക്കിയില്ല.