Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ നീലക്കണ്ണുകൾ മാധ്യമങ്ങളിൽ നിറയുന്നു; പാലസ്തീനു വേണ്ടിയുള്ള പോരാട്ടത്തിന്റെ പ്രതീകമായി

x-default പ്രതീകാത്മക ചിത്രം.

അമ്മറിനു വയസ്സ് 12. കാഴ്ചയ്ക്ക് അതിലും കുറവേ അവനെ കണ്ടാല്‍ പറയൂ. തിങ്കളാഴ്ച അവനൊരു കൂട്ടുകാരിയെ കിട്ടി. സഹോദരിയുടെ 10 വയസ്സുകാരി മകള്‍ ലൈല. ഗാസമുമ്പിലെ പാര്‍പ്പിടത്തിനു പുറത്ത് അവര്‍ ഓടിച്ചാടി കളിച്ചു. നീലക്കണ്ണുകളുള്ള ലൈലയ്ക്ക് ഇടയ്ക്കു വിശന്നു. അമ്മറിന്റെ കയ്യിലുണ്ടായിരുന്ന ബ്രെഡ് അവരിരുവരും കൂടി കഴിച്ചു.ലൈലയുടെയും അമ്മറിന്റെയും അമ്മമാര്‍ അവിടെയില്ല. ബന്ധുക്കള്‍ക്കൊപ്പം പലസ്തീന്‍ പ്രക്ഷോഭകാരികള്‍ കൂട്ടമായി പാര്‍ക്കുന്ന സ്ഥലത്താണുള്ളത്. ലൈലയുമായി അമ്മയുടെ അടുത്തേക്കു പോകാന്‍ തീരുമാനിച്ചു അമ്മര്‍. 

ഗാസയുടെ കിഴക്കന്‍ ഭാഗത്ത് പ്രക്ഷോഭം രൂക്ഷമാണ്. അടുത്തുള്ള പള്ളിയുടെ പരിസരത്തുനിന്നു കിഴക്കോട്ടു പോകുന്ന ബസില്‍ അമ്മര്‍ ലൈലയുമായി കയറി. ലക്ഷ്യസ്ഥാനത്ത് എത്തുമ്പോള്‍ ആയിരക്കണക്കിനുപേര്‍ തടിച്ചുകൂടി നില്‍ക്കുന്നു. ബാരിക്കേഡുകള്‍ കടന്നു മുന്നോട്ടുപോകാനുള്ള ശക്തി സംഭരിക്കുകയാണവര്‍. അവരെ തടയാന്‍ സുരക്ഷാസൈനികരുണ്ട്. ഇസ്രയേലിലെ സ്വന്തം നാടുകളിലേക്കു മടങ്ങാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മാര്‍ച്ച് 30 മുതല്‍ ആയിരക്കണക്കിനു പലസ്തീന്‍ പ്രക്ഷോഭകരാണ് ഗാസ അതിര്‍ത്തിയില്‍ തമ്പടിച്ചത്. ആറാഴ്ച നീണ്ട പ്രക്ഷോഭത്തില്‍ നൂറിലേറെപ്പേര്‍ കൊല്ലപ്പെടുകയും ആയിരങ്ങള്‍ക്കു പരുക്കേല്‍ക്കുകുയുംചെയ്തു. 

ബസില്‍ നിന്ന് ലൈലയുമായി ഇറങ്ങുമ്പോള്‍ പെട്ടെന്നു ചുറ്റും പുക നിറയുന്നത് അനുഭവപ്പെട്ടു അമ്മറിന്. കണ്ണീര്‍ വാതക ഷെല്ലുകളാണ്. ലൈല ചുമയ്ക്കുന്നു. ഒരു സ്കാര്‍ഫ് കൊണ്ടു മുഖം മൂടി അമ്മര്‍ ലൈലയുമായി തിരക്കില്‍ ബന്ധുക്കളെ തിരഞ്ഞു. അവസാനം അമ്മയേയും ലൈലയുടെ ഒരു അമ്മായിയേും അവന്‍ കണ്ടുപിടിച്ചു. സ്ത്രീകള്‍ നോക്കുമ്പോള്‍ കനത്ത പുകപടലങ്ങളിലൂടെ കുട്ടിയെ കയ്യിലെടുത്തുനടന്നുവരുന്നു അമ്മര്‍. ലൈലയുടെ നിറം മാറിക്കൊണ്ടിരുന്നു. നീല പടര്‍ന്നുകയറുന്നു അവളുടെ ശരീരത്തില്‍. ബസ് യാത്രയ്ക്കിടെ ലൈല ഉറങ്ങിപ്പോയിക്കാണുമെന്നാണ് അവര്‍ വിചാരിച്ചത്. തട്ടിവിളിച്ചിട്ടും ഉണരുന്നില്ല. ബന്ധുക്കള്‍ ബസിന്റെ  ഡ്രൈവറെ സമീപിച്ചു. ആശുപത്രിയിലേക്കു പോകണം. ഡോക്ടര്‍ കൊച്ചു ലൈലയെ ഉണര്‍ത്താന്‍ ശ്രമിക്കുന്നതു നിറകണ്ണുകളോടെ അമ്മര്‍ നോക്കിനിന്നു. അവള്‍ ഉടനെ ഉണരുമെന്നും തന്നോടൊത്തു കളിക്കാന്‍ വരുമെന്നും അവന്‍ പ്രതീക്ഷിച്ചു. അവള്‍ പിന്നെ ഉണര്‍ന്നതേയില്ല: കരച്ചിലടക്കാനാകാതെ അമ്മര്‍ പറയുന്നു.

ലൈല ഇപ്പോള്‍ രാജ്യാന്തര മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നു; പാലസ്തീനു വേണ്ടിയുള്ള പോരാട്ടത്തിന്റെ പ്രതീകമായി. ഏറ്റവും പ്രായം കുറഞ്ഞ രക്തസാക്ഷികളുടെ പട്ടികയിലാണവള്‍. ജന്മനാടിനുവേണ്ടി നടത്തുന്ന പ്രക്ഷോഭത്തിനിടെയാണു ലൈല മരിച്ചതെന്ന കാര്യം ഇസ്രയേലി അധികൃതര്‍ അംഗീകരിക്കുന്നില്ല. ലൈലയുടെ ഹൃദയത്തിനു തകരാറുണ്ടായിരുന്നതായി അവളെ ചികില്‍സിച്ച ആശുപത്രിയിലെ ഡോക്ടറും വെളിപ്പെടുത്തുന്നു. ലൈലയ്ക്ക് അസുഖമുണ്ടായിരുന്നെന്ന കാര്യം കുടുംബവും സമ്മതിക്കുന്നുണ്ട്. പക്ഷേ, അമ്മറിനൊപ്പം ഗാസ അതിര്‍ത്തിയില്‍ എത്തുമ്പോള്‍ ഇസ്രയേലി സൈനികര്‍ പൊട്ടിച്ച കണ്ണീര്‍ വാതക ഷെല്ലുകളാണ് അവളുടെ ജീവനെടുത്തതെന്നു പറയുന്നു കുടുംബം. രണ്ടുദിവസത്തിനിടെ 64 പലസ്തീനികളാണു സൈനിക നടപടിക്കിടെ മരിച്ചത്. അവരിലൊരാളാണു ലൈലയും. 

വെസ്റ്റ് ബാങ്കിലും പരിസരത്തും ഒറ്റപ്പെട്ട പ്രക്ഷോഭങ്ങള്‍ നടക്കുന്നുണ്ടെന്നു പറയുന്നു ഇസ്രയേലി അധികൃതര്‍. പ്രക്ഷോഭകര്‍ ടയറുകള്‍ കത്തിച്ചെറിച്ചും കല്ലുകള്‍ വലിച്ചെറിഞ്ഞും മറ്റും സൈനികരെ ആക്രമിക്കുകയാണ്. ഇസ്രയേലിന്റെ വ്യോമാക്രമണത്തില്‍ പലസ്തീന്‍ യുവാക്കള്‍ കൂട്ടമായി കൊല്ലപ്പെട്ടതിനു പിന്നാലെ ലൈലയ്ക്കുവേണ്ടി വിലാപയാത്രയില്‍ പങ്കെടുത്തത് ആയിരങ്ങള്‍. ലൈലയുടെ പിതാവിന് നിലവില്‍ ജോലിയൊന്നുമില്ല. കുടുംബത്തെ പോറ്റാന്‍ കഷ്ടപ്പെടുകയാണ് അദ്ദേഹം. ഒരു വര്‍ഷം മുമ്പ് ഒരു ആണ്‍കുട്ടിയേയും ലൈലയുടെ കുടുംബത്തിനു നഷ്ടപ്പെട്ടിരുന്നു. ആ കുട്ടിക്കും ഹൃദയത്തിനു തകരാറുണ്ടായിരുന്നു. ഒമ്പത് അംഗങ്ങളുള്ള കുടുംബം അന്നു താമസിച്ചിരുന്നത് മൂന്നു മുറികളുള്ള ഒരു വീട്ടില്‍. ഫര്‍ണിച്ചര്‍ കുറവാണു വീട്ടില്‍. ആഹാരം കഴിക്കാന്‍ ഒന്നുമില്ലാതെ വരുമ്പോള്‍ കയ്യില്‍കിട്ടുന്നതു പെറുക്കി വിറ്റാണു കുടുംബം ജീവിക്കുന്നത്. മക്കളുടെ ഏറ്റവും ലളിതമായ ആവശ്യങ്ങള്‍ പോലും നിറവേറ്റാന്‍ ലൈലയുടെ അച്ഛനു കഴിയുന്നില്ലെന്നു പരാതി പറയുന്നു ലൈലയുടെ അമ്മ മറിയം. ലൈലയുടെ മൃതദേഹം വീട്ടില്‍ കൊണ്ടുരുമ്പോള്‍ വൈദ്യുതിയില്ലായിരുന്നു വീട്ടില്‍. പൈപ്പില്‍ വെള്ളവുമില്ല. അയല്‍വീട്ടുകാര്‍ രണ്ടു ബക്കറ്റില്‍ വെള്ളവുമായെത്തി. മൊബൈല്‍ഫോണിന്റെ ടോര്‍ച്ച് തെളിയിച്ച വെളിച്ചത്തിലാണ് ബന്ധുക്കള്‍ കുട്ടിയെ അവസാനമായി കുളിപ്പിച്ചത്. പലസ്തീനിന്റെ ദേശീയപതാക അവര്‍ ലൈലയെ  പുതപ്പിച്ചു. 

എന്റെ ഒരേയൊരു സ്വത്തായിരുന്നു. അതും എനിക്കു നഷ്ടപ്പെട്ടല്ലോ---മകളുടെ ശരീരം മാറോടടുക്കിപ്പിടിച്ച് ലൈലയുടെ അമ്മ വിതുമ്പി. പള്ളിയില്‍ അവസാന പ്രാര്‍ഥനയ്ക്കുപോകുമ്പോള്‍ മകളുടെ മൃതദേഹം ചുമന്നതു പിതാവ്. പള്ളിയില്‍നിന്നു സെമിത്തേരിയിലേക്ക് അവര്‍ വിലാപയാത്രയായി നടന്നു. നൂറുകണക്കിനു പേരും അവരോടൊപ്പം ചേര്‍ന്നു. കുഴിയിലേക്ക് ലൈലയെ ഇറക്കിക്കിടത്തുമ്പോള്‍ ഒരു നിലവിളി ഉയര്‍ന്നു--എനിക്കവളെ ഒന്നുകൂടി കാണണം. ലൈലയുടെ അമ്മയായിരുന്നു അത്. എല്ലാം ദൈവത്തിന്റെ ആഗ്രഹം. അവനില്‍ വിശ്വസിക്കൂ. ചുറ്റും കൂടിയ പുരുഷന്‍മാര്‍ ലൈലയുടെ അമ്മയെ തള്ളിമാറ്റി. അപ്പോള്‍ നിഷ്കളങ്കയായ ആ കൊച്ചുപെണ്‍കുട്ടിയുടെ ശരീരത്തില്‍ മണ്ണുവന്നു വീഴുകയായിരുന്നു.