Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിഐഎയെ ജിന നയിക്കുന്നത് എങ്ങോട്ട്?; വിദ്വേഷത്തിന്റെ വിത്തുകള്‍ വീണ്ടും വിതയ്ക്കുമോ?

Gina Haspel

കേരളത്തിലെ നാട്ടിന്‍പുറത്തെ കവലകളില്‍ ദുരൂഹസാഹചര്യത്തില്‍ കാണുന്ന, സംശയം തോന്നുന്ന വ്യക്തിയെ സിഐഎ  ചാരന്‍ എന്നു മുദ്രകുത്തുന്ന ഒരു കാലമുണ്ടായിരുന്നു. നാട്ടില്‍ അപ്രതീക്ഷിതമായി എന്തെങ്കിലും സംഭവിച്ചാല്‍, അതൊരു പഞ്ചായത്ത് ഭരണത്തില്‍ നടന്ന അട്ടിമറിയാണെങ്കില്‍പ്പോലും സിഐഎക്കു പങ്കുണ്ടെന്ന ആരോപണം ഉയരും. ഇടതുപക്ഷ രാഷട്രീയനേതാക്കളുടെ പ്രസംഗങ്ങളിലും പതിവായി കടന്നുവരും സിഐഎയും  ചാരസംഘടനയുടെ ഗൂഢനീക്കങ്ങളും.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, സാമ്പത്തിക മേഖലകളില്‍ ഇടപെട്ടും തങ്ങള്‍ക്കനുകൂലമായി സാഹചര്യങ്ങളെ മാറ്റിയും ഒരു അത്ഭുതശക്തിയുടെ പരിവേഷമാണ് അമേരിക്കയുടെ രഹസ്യാന്വേഷണ സംഘടനയായ സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി എന്ന സിഐഎക്കു ജനമനസ്സുകളില്‍.

സിഐഎ അറിയാതെ ഒരിലപോലും അനങ്ങില്ലെന്നു കരുതിയ കാലത്തുനിന്നു ലോകം മുന്നേറിയെങ്കിലും  ഇന്നും ശക്തമാണ് അമേരിക്കയുടെ ചാരസംഘടന: നിഗൂഡമാണു പ്രവര്‍ത്തനങ്ങള്‍. ഭയവും നിഗൂഡതയും നിലനിര്‍ത്തി ലോകത്തിന്റെ ശാക്തിക ചേരികളെ തങ്ങളുടെ വരുതിക്കുകൊണ്ടുവരുന്ന രഹസ്യാന്വേഷണ സംഘടനയുടെ തലപ്പത്തേക്ക് ചരിത്രത്തിലാദ്യമായി ഒരു വനിത വരികയാണ്. വിവാദനായികയായ ജിന ഹസ്പല്‍. അമേരിക്കന്‍ പ്രസിഡന്റിന്റെ പൂര്‍ണപിന്തുണയുണ്ട് ജിനയ്ക്ക്. സെനറ്റില്‍ ഒമ്പതു വോട്ടുകളുടെ ഭൂരിപക്ഷവുമുണ്ട്. ആദ്യത്തെ വനിതാ മേധാവിക്ക് അഭിനന്ദനങ്ങള്‍ ചൊരിയുമ്പോള്‍തന്നെ ആശങ്കയുടെ മുള്‍മുനയിലാണു ലോകം. സിഐഎയെ ജിന നയിക്കുന്നത് എങ്ങോട്ട് ? വിദ്വേഷത്തിന്റെ വിത്തുകള്‍ വീണ്ടും വിതയ്ക്കുമോ ? പ്രതികാരത്തിന്റെ അഗ്നി ആളിക്കത്തുമോ. സ്നേഹത്തിനും സൗഹൃദത്തിനും പകരം ഭയവും സംശയവും നിറയുമോ മനുഷ്യബന്ധങ്ങളില്‍. 

gina-haspel-

ജിനയുടെ നിയമനത്തില്‍ ലോകം ആശങ്കപ്പെടാന്‍ കാരണമുണ്ട്. 2002 മുതല്‍ 5 വരെ മുന്നുവര്‍ഷക്കാലത്തെ ജിനയുടെ പ്രവര്‍ത്തനങ്ങള്‍. തായ്‍ലന്‍ഡിലെ അമേരിക്കന്‍ രഹസ്യത്തടവറയുടെ നടത്തിപ്പുകാരിയായിരുന്നു ജിന. രഹസ്യതാവളത്തില്‍ അന്നുനടന്ന പീഡനമുറകളുടെ വിവരങ്ങള്‍ പിന്നീടു ലോകം കേട്ടതു ശ്വാസം അടക്കിപ്പിടിച്ച്. ഇന്നും ശ്വാസഗതിയുടെ വേഗം കൂട്ടുന്ന മര്‍ദനമുറകള്‍. മനുഷ്യത്വത്തെ കുഴിച്ചുമൂടി പരപീഡനരതി ആധിപത്യം നേടിയ കരാളതയുടെ നാളുകള്‍. ലോകമനസാക്ഷിയെ ഇന്നും നടുക്കുന്ന ആ ദിവസങ്ങള്‍ സമ്മാനിക്കുന്ന ഓര്‍മയുടെ നടുക്കത്തില്‍നിന്ന് ലോകത്തെ വിമോചിപ്പിക്കാനാവുമോ ജിനയ്ക്ക്. സമാധാനം സ്വപ്നം കാണാനാവുമോ. പ്രത്യാശയുടെ പുഞ്ചിരി തിരിച്ചുകിട്ടുമോ ലോകത്തിന്. 

2001 സെപ്റ്റംബര്‍ 11 ആക്രമണമാണ് 1985-ല്‍ സിഐഎയില്‍ ചേര്‍ന്ന ജിനയുടെ ലോകം മാറ്റിമറിച്ചത്. ഭീകരാക്രമണക്കേസിലെ പ്രതികളെ പാര്‍പ്പിച്ചത് തായ്‍ലന്‍ഡിലെ അമേരിക്കയുടെ രഹസ്യത്തടവറയില്‍. ഈ തടവറയുടെ നടത്തിപ്പുചുമതല ലഭിച്ചതാകട്ടെ ജിനയ്ക്കും. അന്നു നടന്ന ചോദ്യംചെയ്യലുകളില്‍ ക്രൂരമായ മര്‍ദനമുറകള്‍ നടന്നുവെന്നു പിന്നീടു പ്രതികള്‍തന്നെ വെളിപ്പെടുത്തി.

മര്‍ദനങ്ങള്‍ക്കും പീഡനങ്ങള്‍ക്കും നേതൃത്വം കൊടുത്തതു ജിനയും. 119 തടവുകാര്‍ക്ക് പിന്നീട് ഒരിക്കലും സാധാരണ ജീവിതം നയിക്കാന്‍ കഴിയാത്ത വിധത്തില്‍ ക്രൂരതകളിലൂടെ കടന്നുപോകേണ്ടിവന്നു. ഇവയുടെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവരാതിരിക്കാനും ജിന ഇടപെട്ടെന്ന് ആരോപണമുണ്ട്. വീഡിയോ ടേപ്പുകള്‍ നശിപ്പിക്കാന്‍ ജിന ഉത്തരവിട്ടെന്ന് 2014- ല്‍ സെനറ്റില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ജിനയ്ക്കെതിരെ എതിര്‍പ്പുകള്‍ ഉയരാന്‍ കാരണവും ഈ റിപോര്‍ട്ടുകള്‍ തന്നെ. പക്ഷേ ആരോപണങ്ങളെ നിഷേധിക്കുകയും പ്രസിഡന്റ് ട്രംപിന്റെ പിന്തുണയും വിശ്വാസവും ആര്‍ജിക്കുകയും ചെയ്തതോടെ ജിനയ്ക്ക് തലപ്പത്തേക്ക് ഉയരാനുള്ള വഴി തെളിഞ്ഞു. 

Gina-Haspel

ശരീരം മരവിച്ചുപോകുന്ന തണുപ്പില്‍ നഗ്നരാക്കി നിര്‍ത്തുന്നയായിരുന്നു പ്രതികള്‍ക്കെതിരെ ജിന പ്രയോഗിച്ച പീഡനങ്ങളിലൊന്ന്. കഷ്ടിച്ചുമാത്രം ശരീരം കടക്കുന്ന പെട്ടികളില്‍ അടച്ചിടുന്നതും പതിവായിരുന്നത്രേ. മൂക്കും വായും മൂടിക്കെട്ടി മുഖത്തേക്ക് ശക്തിയായി വെള്ളം ചീറ്റിക്കുക, ഉറങ്ങാന്‍ സമ്മതിക്കാതിരിക്കുക, ചുമരില്‍ ചേര്‍ത്തുനിര്‍ത്തി മര്‍ദിക്കുക തുടങ്ങിയവയും ജിനയുടെ പതിവു ക്രൂരതകളില്‍പ്പെടുന്നു. തടങ്കല്‍പാളയത്തില്‍നിന്നു പിന്നീടു രക്ഷപ്പെട്ട പ്രതികള്‍ തന്നെയാണ് ഇവ വെളിപ്പെടുത്തിയത്. 

മൂന്നാംമുറകളിലേക്ക് ഇനി ഒരിക്കലും തിരിച്ചുപോകില്ലെന്ന് ഉറപ്പുതന്നതുകൊണ്ടാണ് ജിനയെ പിന്തുണച്ചതെന്ന് പറയുന്നുണ്ട് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വെര്‍ജീനിയ സെനറ്റര്‍ മാര്‍ക് വാര്‍ണര്‍. അദ്ദേഹത്തിനു ലഭിച്ച ഉറപ്പിലാണു ലോകത്തിന്റെയും പ്രതീക്ഷ.