Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാനഭംഗം ചെയ്യാൻ ശ്രമിച്ച അച്ഛനെ കൊന്ന യുവതി അറസ്റ്റിൽ

rape

മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച പിതാവിനെ കൊന്നു കുഴിച്ചുമൂടിയെന്ന ആരോപണത്തെത്തുടര്‍ന്ന് ഇരുപത്തിയഞ്ചുകാരി അറസ്റ്റില്‍. 

അസ്സാമിലെ ബിശ്വനാഥ് ഗ്രാമത്തില്‍ ഈ വര്‍ഷം ആദ്യമാണു സംഭവം നടന്നത്. ഇന്നലെയാണ് കേസിന്റെ വിശദാശങ്ങള്‍ പൊലീസ് പുറത്തുവിട്ടത്. 

71 വയസ്സുകാരന്റെ ചീഞ്ഞളിഞ്ഞ മൃതദേഹം വീടിന്റെ പിന്നിലെ കുഴിയില്‍നിന്നും ചൊവ്വാഴ്ച പൊലീസ് പുറത്തെടുത്തു. 15 അടി താഴ്ചയില്‍ കുഴിച്ചിട്ടിരിക്കുകയായിരുന്നു ശവശരീരം. യുവതിയെ അറസ്റ്റ് ചെയ്ത പൊലീസ് കുറ്റകൃത്യത്തില്‍ പങ്കാളികളാണെന്നു ചൂണ്ടിക്കാട്ടി കുടുംബാംഗങ്ങളായ മറ്റു നാലുപേരെയും അറസ്റ്റ് ചെയ്തു. 

മാര്‍ച്ച് മൂന്നിന് രാത്രിയിലാണു സംഭവം നടന്നതെന്നാണ് പൊലീസ് പറയുന്നത്. രാത്രി 11 മണിയോടെ പിതാവ് മകളെ മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ഇതു വഴക്കില്‍ കലാശിച്ചു. അവസാനം കൊലപാതകത്തിലും. യുവതിയെ കൊലപാതകത്തിന് അറസ്റ്റ് ചെയ്ത പൊലീസ് കുടുംബാംഗങ്ങളെക്കൂടി അറസ്റ്റ് ചെയ്തത് കുറ്റകൃത്യം മറച്ചുവയ്ക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍. 

കാണ്‍മാനില്ല എന്ന പേരില്‍ കുടുംബം പൊലീസില്‍ സമര്‍പ്പിച്ച ഒരു പരാതിയാണ് കുറ്റകൃത്യം വെളിച്ചത്തുവരാന്‍ കാരണമായത്. കുടുംബാംഗങ്ങളെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ചതു പരസ്പര വിരുദ്ധമായ മറുപടികള്‍. സംശയത്തെത്തുടര്‍ന്നുള്ള അന്വേഷണം കൊലപാതകം പുറത്തുകൊണ്ടുവന്നെന്നു പറയുന്നു പൊലീസ് സൂപ്രണ്ട് ദിഗാന്ത കുമാര്‍ ചൗധരി. കുടുംബാംഗങ്ങളുടെ പരസ്പര വിരുദ്ധ മറുപടികളെത്തുടര്‍ന്ന് കൂടുതല്‍ അന്വേഷണം നടത്തിയപ്പോള്‍ അടുത്തിടെ വീട്ടുകാര്‍ വീടിന്റെ പിന്നില്‍ ഒരു കുഴിയെടുത്ത വിവരം ലഭിച്ചു. 

അര്‍ധരാത്രിയോടെ പിതാവ് തന്നെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചുവെന്നു പറയുന്നു കുറ്റസമ്മത മൊഴിയില്‍ യുവതി. ചെറുക്കാന്‍ ശ്രമിച്ചപ്പോള്‍ അയാള്‍ ആയുധമെടുത്ത് ആക്രമിക്കാന്‍ ശ്രമിച്ചു. പിതാവിനെ ബലമായി കീഴ്പ്പെടുത്തിയ യുവതി അയാളുടെ കൈയിലിരുന്ന ആയുധം കൊണ്ടുതന്നെ പിതാവിനെ കൊലപ്പെടുത്തുകയായിരുന്നത്രെ. യുവതിയുടെ അമ്മയും സഹോദരനും കൂടി ശവശരീരം അടുത്ത മുറിയില്‍ ഒളിപ്പിച്ചുവച്ചു. പിറ്റേന്നു രാവിലെ സഹോദരിമാരും കൂടി സഹായിച്ചതോടെ വീട്ടില്‍ ഒളിപ്പിച്ചുവച്ച മൃതദേഹത്തെക്കുറിച്ച് പുറത്താരും അറിഞ്ഞില്ല. 

മൂന്നുദിവസം കൊണ്ടാണ് വീടിനു പിന്നില്‍ കുഴിയെടുത്തത്. അത്രയും ദിവസം മൃതദേഹം പ്ലാസ്റ്റിക് പേപ്പറില്‍ പൊതിഞ്ഞുവീട്ടില്‍തന്നെ വച്ചു. മാര്‍ച്ച് ഏഴിനു രഹസ്യമായി കുഴിയില്‍ മറവുചെയ്തു. വീടിനടുത്തുതന്നെയുള്ള ഒരു കൊളേജ് വിദ്യാർഥിനിയെ പിതാവ് പതിവായി ശല്യം ചെയ്യാറുണ്ടായിരുന്നെന്നു പറയുന്നു കുടുംബാംഗങ്ങള്‍. ഒടുവില്‍ ശല്യം സഹിക്കാനാകാതെ വന്നപ്പോഴാണത്രെ യുവതിക്ക് കടുംകൈ ചെയ്യേണ്ടിവന്നത്. 

എന്തായാലും സ്വത്തുതര്‍ക്കം ഉള്‍പ്പെടെ മറ്റെന്തെങ്കിലും പ്രശ്നങ്ങള്‍ സംഭവത്തിനു പിന്നിലുണ്ടോയെന്നു പരിശോധിച്ചുവരുന്നതായി പൊലീസ് അറിയിച്ചു.