ലണ്ടന്‍ മ്യൂസിയത്തിലെ പുരാവസ്തു വിഭാഗത്തില്‍ പരിശോധനയിലായിരുന്നു ചെറുപ്പക്കാരിയായ ഒരു ഗവേഷക. വിവിധ രേഖകള്‍ നോക്കുന്നതിനിടെ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത ഒരു ഓർമക്കുറിപ്പ് കിട്ടുന്നു. ഏതാണ്ട് ഒരു നൂറ്റാണ്ടു മുമ്പ് സ്ത്രീകളുടെ വോട്ടവകാശത്തിനുവേണ്ടി പ്രക്ഷോഭം നയിച്ച ഒരു സ്ത്രീയുടെ ആത്മകഥ.
ഇതുവരെ ആരും വായിച്ചുനോക്കാൻപോലും മെനക്കെട്ടിട്ടില്ലാത്ത രേഖകൾ. ചരിത്രത്തിന്റെ തിരുശേഷിപ്പിലൂടെ കടന്നുപോയ ഗവേഷക കണ്ടെത്തിയത് ഒരു അസാധാരണ സ്ത്രീയെ. സ്ത്രീകളുടെ വോട്ടവകാശത്തിനുവേണ്ടി പൊരുതിയ സ്ത്രീ. സഫ്രജെറ്റുകൾ എന്നാണവർ വിളിക്കപ്പെടുന്നത്. ഒരു പോരാളി മാത്രമായിരുന്നില്ല, മറിച്ച് തീവ്രവാദി കൂടിയായിരുന്നു അവർ എന്നുകൂടി ഗവേഷക കണ്ടെത്തുന്നു. നടിയും പാട്ടുകാരിയുമായി വളർന്ന് സമൂഹത്തിലെ ഏറ്റവും അപകടകാരിയായി മാറിയ സ്ത്രീ.
ഗവേഷകയുടെ പേര് ഫേൺ റിഡിൽ. ഭീകരപ്രവർത്തകയായി മാറിയ നടി കിറ്റി മരിയൻ.
2017 സെപ്റ്റംബർ 15. ലണ്ടനിലെ ഒരു അണ്ടർഗ്രൗണ്ട് സ്റ്റേഷനിൽ ബോംബ് സ്ഫോടനം. നിരവധി പേർക്കു പരുക്ക്. ഒരു വർഷത്തിനകം ലണ്ടൻ നഗരത്തിൽ നടക്കുന്ന അഞ്ചാമത്തെ ഭീകരാക്രമണം. ഗവേഷകയായ റിഡിൽ വാർത്തയെക്കുറിച്ചു കൂടുതൽ അന്വേഷിച്ചു. ബോംബ് വച്ചത് ഒരു വെളുത്ത പ്ലാസ്റ്റിക് ബക്കറ്റിൽ. വീട്ടിൽ പച്ചക്കറി വാങ്ങുന്ന പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ്. വീടുകളിൽ ഉണ്ടാക്കാവുന്ന ബോംബ് ആണത്. ഒരുകാലത്തു സഫ്രജെറ്റുകൾ( സ്ത്രീകളുടെ വോട്ടവകാശത്തിനുവേണ്ടി വാദിക്കുന്നവർ) ഉപയോഗിച്ച തരത്തിലുള്ള ബോംബ്. നാടിനെ ഭീതിയിലാഴ്ത്താൻ ഏതോ സ്ത്രീയായിരിക്കണം ആ ബോംബ് വച്ചതെന്നു റിഡിലിന് ഉറപ്പായിരുന്നു. കാരണം അവർ ഗവേഷണം നടത്തിക്കൊണ്ടിരുന്നത് സഫ്രജെറ്റുകളെക്കുറിച്ച്.
അഞ്ചുവർഷം മുമ്പാണ് സഫ്രജെറ്റുകളെക്കുറിച്ച് റിഡിൽ പഠിക്കാനും വായിക്കാനും ആരംഭിച്ചത്. യാദൃഛികമായിരുന്നു അത്. ചരിത്രത്തിൽ ഗവേഷണം നടത്തുകയായിരുന്നു റിഡിൽ. ലണ്ടനിലെ മ്യൂസിയത്തിൽ പതിവുസന്ദർശനത്തിനിടെ അർക്കൈവിസ്റ്റ് ബെവർലി കുക്ക് ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത ഒരു ആത്മകഥയെക്കുറിച്ചു പറഞ്ഞു. മ്യൂസിക് ഹാൾ ആർട്ടിസ്റ്റ് ആയിരുന്ന ഒരു സ്ത്രീയുടെ ഓർമക്കുറിപ്പുകൾ.
അവർ ഒരു സഫ്രജെറ്റ് കൂടിയായിരുന്നു. നിങ്ങൾക്കിതിൽ താൽപര്യമുണ്ടോ എന്ന ചോദ്യത്തിനുമുമ്പിൽ റിഡിൽ വീണു, സഫ്രജെറ്റുകളെക്കുറിച്ച് കുറച്ചൊക്കെ റിഡിലിന് അറിയാമായിരുന്നു. അക്രമ സ്വഭാവം കാണിക്കുന്ന അവരുടെ പ്രതിഷേധങ്ങളെക്കുറിച്ചും. പ്രസിദ്ധീകരിച്ചിട്ടില്ലാത്തതും ഇപ്പോൾ യാദൃഛികമായി കയ്യിൽ കിട്ടിയതുമായ ഓർമക്കുറിപ്പുകളിൽ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു സഫ്രജെറ്റിനെ കണ്ടു റിഡിൽ. ചെറിയ അക്രമങ്ങൾക്കുപകരം ബോംബുകൾ വയ്ക്കുകയും സ്ഫോടനങ്ങൾ ആസൂത്രണം ചെയ്യുകയും ചെയ്ത ഒരു തീവ്രവാദിയുടെ ജീവിതം ചുരുൾ നിവരുകയായിരുന്നു. അതിശയകരമായ ഒരു കഥ.
കാതറിന മരിയ ഷാഫർ ലണ്ടനിലെത്തുന്നത് 15–ാം വയസ്സിൽ. ജർമനിയിലെ വീട്ടിൽ നിന്നു രക്ഷപ്പെടുകയായിരുന്നു. കാതറിനയുടെ ചെറുപ്പത്തിലെ അമ്മ മരിച്ചു. പിതാവാകട്ടെ സ്നേഹമില്ലാത്തയാളും കുട്ടിയെ ഉപദ്രവിക്കുന്ന സ്വഭാവക്കാരനും. കുട്ടിയെ സ്നേഹിച്ച പട്ടിക്കുട്ടിയെപ്പോലും അയാൾ കൊന്നു. കാതറിന അമ്മായിയും ബന്ധുക്കളും താമസിക്കുന്ന ലണ്ടനിലേക്ക് രക്ഷപ്പെട്ടു. അവിടെ മ്യൂസിക് ഹാളുകളുമായി ബന്ധപ്പെടാൻ തുടങ്ങി ആ കൗമാരക്കാരി. അക്കാലത്ത് ഏറ്റവും ഉർജസ്വലമായ കൂട്ടമായിരുന്നു മ്യൂസിക് ഹാളുകളിൽ. പാട്ടും നൃത്തവും അഭിനയവുമെല്ലാമായി ആഘോഷത്തിനു തീപ്പിടിപ്പിക്കുന്ന യുവത്വത്തിന്റെ നാളുകൾ.
കിറ്റി മരിയൻ എന്ന പേരു സ്വീകരിച്ചു കാതറിന. ശ്രദ്ധേയയായ നടിയായും നർത്തകിയായും പേരെടുത്തു. സാമൂഹിക ജീവിതത്തിന്റെ സ്പന്ദനങ്ങൾ ആദ്യമെത്തുമായിരുന്നു അന്നു മ്യൂസിക് ഹാളുകളിൽ. വിപ്ലവകരമായി ചിന്തിക്കുന്നവരുടെ ഒത്തുകൂടലുകൾ. സൗഹൃദങ്ങൾ. അക്കാലത്തെ ധൈഷണികമായി മുന്നിൽനിന്നവരുമായി കിറ്റി സൗഹൃദങ്ങൾ സൃഷ്ടിച്ചു. അവൾക്ക് ആദ്യത്തെ സിഗരറ്റ് കൊടുക്കുന്നത് ഒരു ചൈനീസ് നയതന്ത്രപ്രതിനിധിയുടെ മകൻ.
ജീവിതത്തിലും ലൈംഗികതയിലും കാഴ്ചപ്പാടുകളിലും പുതിയ സമീപനം പുലർത്തിയവർ കിറ്റിയുടെ കൂട്ടുകാരായി. പക്ഷേ, അക്കാലത്ത് ദൗർഭാഗ്യകരമായ ഒരു സംഭവം കിറ്റിക്കു നേരിടേണ്ടിവന്നു. ഒരു പുരുഷനിൽനിന്നുള്ള ലൈംഗിക പീഡനം. മ്യൂസിക് ഹാൾ ഏജന്റായിരുന്നു അക്രമകാരി. മിസ്റ്റർ ഡ്രെക്ക് എന്നാണയാളെ ആത്മകഥയിൽ കിറ്റി വിളിക്കുന്നത്. പുരുഷൻമാർ നിയന്ത്രിച്ചിരുന്ന ഒരു ലോകത്ത് അതൊക്കെ അന്നു സാധാരണമായിരുന്നു. പക്ഷേ, ആദ്യമായി ആക്രമിച്ച പുരുഷനെ ഒരു സ്ത്രീക്ക് എന്നെങ്കിലും മറക്കാനാവുമോ? അയാളോടു പൊറുക്കാനാവുമോ ? അനുവാദമില്ലാതെ സ്പർശിക്കുകയും ചുംബിക്കുകയും ചെയ്ത പുരുഷനോടു ക്ഷമിക്കാനാവുമോ ?
ആദ്യത്തെ ശാരീരികാക്രമണമാണ് സ്ത്രീകൾക്കു തുല്യാവകാശങ്ങളും വോട്ടവകാശവുമെന്ന പ്രചാരണത്തിലേക്കു കിറ്റിയെ എത്തിക്കുന്നത്. ആക്ട്രസ് ഫ്രാഞ്ചൈസി ലീഗ് എന്ന സംഘടനയില്‍ അംഗമാകുന്നു. പിന്നീടു വിമന്‍സ് സോഷ്യല്‍ ആൻഡ് പൊളിറ്റിക്കൽ യൂണിയൻ എന്ന സ്ത്രീസംഘടനയിലും ചേർന്ന കിറ്റി പ്രകടനങ്ങളിലും സമരങ്ങളിലും സജീവമായി. ക്രമേണ തീവ്രസ്വഭാവമുള്ള പ്രവർത്തനങ്ങളിലേക്കും മാറി. ന്യൂകാസിലിലെ ഒരു പോസ്റ്റ് ഓഫിസിനു നേരെ കല്ലെറിഞ്ഞ കേസിലാണ് കിറ്റിക്ക് ആദ്യത്തെ ജയിൽവാസം അനുഭവിക്കേണ്ടിവന്നത്. ജയിലിൽ അവർ നിരാഹാര സമരം തുടങ്ങി.
ജയിൽ അധികൃതർ കിറ്റി ഉൾപ്പെടെയുള്ള സഫ്രജെറ്റുകൾക്കു നിർബന്ധിതമായി ആഹാരം കൊടുക്കാൻ തുടങ്ങി. വായിലോ മൂക്കിലോ ശക്തി ഉപയോഗിച്ച് ട്യൂബ് കടത്തിയായിരുന്നു ഇത്. കിറ്റി ഈ പ്രാകൃത ശൈലിക്കെതിരെയും പോരാടി. ഗ്യാസ് ലൈറ്റ് എറിഞ്ഞുടച്ചും താൻ കിടന്ന ജയിൽമുറിക്കു തീ കൊടുത്തുമൊക്കെ അക്രമത്തെ അക്രമം കൊണ്ടുതന്നെയവർ നേരിട്ടു. ജയിൽ വാസങ്ങൾ കിറ്റിയെ തേടി വീണ്ടും വന്നു. 1913 ജൂൺ 13 രാത്രി. കുതിരപ്പന്തയം നടക്കുന്നിടത്തെ ഗ്രാൻഡ് സ്റ്റാൻഡിനു തീ കൊടുത്തുകൊണ്ട് കിറ്റിയും സഹ പ്രക്ഷോഭകാരിയും തങ്ങളുടെ ഒരു സഹപ്രവർത്തകയുടെ മരണത്തിനു പ്രതികാരം ചെയ്തു. രണ്ടുപേരും അറസ്റ്റ് ചെയ്യപ്പെട്ടു. ഇത്തവണ കൂടുതൽ ക്രൂരമായാണു പൊലീസ് പെരുമാറിയത്.
ചരിത്രപുസ്തകത്തിൽ ഒരിടത്തും വായിച്ചിട്ടില്ലാത്ത ഒരാളെക്കുറിച്ച് ഇത്രയും വിവരങ്ങൾ ലഭിച്ചതോടെ റിഡിൽ ആവേശത്തിലായി. കിട്ടാവുന്ന എല്ലാ വിവരങ്ങളും അവർ സംഘടിപ്പിച്ചു. കേവലം ഒരു കല്ലെറിയുകയോ മുഷ്ടി ചുരുട്ടുകയോ മാത്രമായിരുന്നില്ല സഫ്രജെറ്റുകൾ എന്നു റിഡിൽ കണ്ടുപിടിച്ചു. അവർ ബോംബ് സ്ഫോടനങ്ങൾ പോലും നടത്തിയിട്ടുണ്ട്.
ബ്രിട്ടനിൽ സഫ്രജെറ്റുകൾ തീവ്രസ്വഭാവമുള്ള സ്വാധീനശക്തിയായി മാറുകയായിരുന്നു. 1913 ൽ മാത്രം അവർ നടത്തിയത് 52 ആക്രമണങ്ങൾ. അതിൽത്തന്നെ 29 ബോംബ് സ്ഫോടനങ്ങൾ. വീട്ടിൽവച്ചു സ്ത്രീകളുണ്ടാക്കിയ ബോംബുകൾ പള്ളികളിലും ബസ് സ്റ്റോപ്പുകളിലും മറ്റു തിരക്കേറിയ സ്ഥലങ്ങളിലുമൊക്കെ സ്ഥാപിച്ചു. സ്ഫോടനങ്ങൾ നടത്തി. അന്നത്തെ വർത്തമാന പത്രങ്ങൾ സഫ്രജെറ്റ് ടെററിസം എന്ന പേരിൽതന്നെ പ്രക്ഷോഭങ്ങളെ വിശേഷിപ്പിച്ചു. സർക്കാരിനെ അസ്വസ്ഥമാക്കി സഫ്രജെറ്റുകളുടെ പ്രവർത്തനങ്ങൾ. തീവയ്പും ബോംബ് സ്ഫോടനങ്ങളുമുൾപ്പടെ താൻ നടത്തിയ പ്രവർത്തനങ്ങളെക്കുറിച്ച് കിറ്റി കൃത്യമായ രേഖകൾ സൂക്ഷിച്ചിട്ടുണ്ട്. റിഡിലിന്റെ അഭിപ്രായത്തിൽ തന്റെ പ്രവർത്തനങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ മടി കാണിച്ചില്ല കിറ്റി.
1914. ഒന്നാം ലോക മഹായുദ്ധത്തിന്റെ തുടക്കം സഫ്രജെറ്റുകളുടെ പ്രക്ഷോഭത്തെ തണുപ്പിച്ചു. ഇക്കാലത്ത് അറസ്റ്റ് ചെയ്യപ്പെട്ടു മൂന്നുവർഷത്തേക്ക് ശിക്ഷ അനുഭവിക്കുകയായിരുന്നു കിറ്റി. ഏതാനും മാസങ്ങൾക്കുശേഷം നിരാഹാര സമരത്തെത്തുടർന്ന് അസുഖബാധിതയായി ആശുപത്രയിലേക്കും മാറി. ഇക്കാലത്ത് ബ്രിട്ടിഷ് ചരിത്രത്തിലെ ഏറ്റവും അപകടകാരിയായ സഫ്രജെറ്റ് എന്നു വിശേഷിപ്പിക്കപ്പെട്ട കിറ്റിയെ ജർമൻ ചാരവനിത എന്നു സർക്കാർ മുദ്രകുത്തി. പക്ഷേ, സർക്കാരിലും ഉന്നത സ്ഥാനങ്ങളിലുമുള്ള സ്വാധീനം ഉപയോഗിച്ചു കിറ്റി രക്ഷപ്പെട്ടു – അമേരിക്കയിലേക്ക്. ന്യൂയോർക്കിൽ എത്തിയിട്ടും അടങ്ങിയിരുന്നില്ല അവർ. ശിശുനിയന്ത്രണ നടപടികൾക്കുവേണ്ടിയുള്ള സമരങ്ങളിൽ സജീവമായി.
ലോക ചരിത്രത്തിലെ എണ്ണപ്പെട്ട പ്രക്ഷോഭങ്ങളിലെ തീപ്പൊരിയായിരുന്നു കിറ്റി മരിയൻ. എന്നിട്ടും ചരിത്രം അവരെക്കുറിച്ചു നിശ്ശബ്ദത പാലിച്ചു. വിസ്മൃതി നടിച്ചു. റിഡിൽ തന്റെ കണ്ടെത്തലുകൾ പുസ്തകമാക്കി– ഡെത്ത് ഇൻ ടെൻ മിനിറ്റ്സ്. കിറ്റി മരിയന്റെയും സഫ്രജെറ്റുകളുടെയും ചരിത്രം കാണാതെപോയ പ്രവർത്തനങ്ങളാണു പ്രതിപാദ്യം. ഇന്നു സ്ത്രീകൾ അനുഭവിക്കുന്ന തുല്യതയ്ക്കും അവകാശങ്ങൾക്കുംവേണ്ടി ജീവിതം പ്രക്ഷോഭത്തിന്റെ തീയിൽ സമർപ്പിച്ച സ്ത്രീയാണു കിറ്റി. തന്റെ ജീവിതം ലോകം അറിയാൻവേണ്ടിയാണവർ എഴുതിവച്ചത്. ലണ്ടൻ മ്യൂസിയത്തിലെ പുരാരേഖകളിൽനിന്നും വിസ്മരിക്കപ്പെട്ട ചരിത്രം റിഡിൽ കണ്ടെടുക്കുന്നു. തനിക്കു ലഭിച്ച നിയോഗത്തിൽ സന്തോഷവതിയാണു റിഡിൽ. വീട്ടിൽ റിഡിൽ കറുപ്പിലും വെളുപ്പിലുമുള്ള ഒരു ചിത്രം സൂക്ഷിച്ചുവച്ചിട്ടുണ്ട്– കിറ്റി മരിയന്റെ നിറം മങ്ങിയതെങ്കിലും ജ്വലിക്കുന്ന മുഖചിത്രം.