Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പരിഹസിക്കുന്നവർ ഇനിയെങ്കിലും സത്യം അറിയണം; ദിവ്യ പറയുന്നു

singapore-flight.jpg.image.780.410

ആഹ്ലാദത്തിന്റെ ആഘോഷക്കാലത്തിലേക്കു തുറക്കുന്ന വാതിലാണ് ദിവ്യ ജോര്‍ജിന്റെ  ഫെയ്സ്ബുക്ക് പേജ്. സന്തോഷത്തിന്റെ അനേകം ദൃശ്യങ്ങള്‍. നിഷ്കളങ്കാഹ്ലാദത്തില്‍ നിറഞ്ഞുചിരിക്കുന്ന മുഖങ്ങള്‍. ദിവ്യയുടെ ചിത്രങ്ങളുണ്ട്. വിവാഹചിത്രങ്ങളുണ്ട്. ദിവ്യയും ഭര്‍ത്താവും മകളുമൊന്നിച്ചുള്ള ചിത്രങ്ങള്‍. എല്ലാ പോസ്റ്റിലുമുണ്ട് സന്തോഷം, ചിരി,ആനന്ദം. എന്നാല്‍ ദിവ്യയുടെ അവസാനത്തെ രണ്ടു പോസ്റ്റുകളില്‍ കാണുന്നത് അപ്രതീക്ഷിതമായി നേരിടേണ്ടിവന്ന ദുരനുഭവത്തിന്റെ കയ്പ്,അസ്വസ്ഥത,അതും തന്റേതല്ലാത്ത കുറ്റത്തിന്റെ പേരില്‍. 

ഒപ്പം കാരണം മനസ്സിലാക്കാതെ പരിഹസിക്കാന്‍ മുതിര്‍ന്നവരുടെ ആക്ഷേപങ്ങളും. തനിക്കു നേരിട്ട അനുഭവം ഒരു ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ സുഹൃത്തുക്കളെയും ബന്ധുക്കളെയും അറിയിച്ച ദിവ്യ രണ്ടാമത്തെ പോസ്റ്റില്‍ തന്റെ ഭാഗം കൃത്യമായി വിശദീകരിച്ചു പിന്‍വാങ്ങുകയാണ്. തനിക്കിനിയും അസ്വസ്ഥത മുന്നോട്ടു കൊണ്ടുപോകാന്‍ താല്‍പര്യമില്ലെന്നും ശുഭപ്രതീക്ഷിയോടെ ഭാവിയിലേക്കു നോക്കണമെന്ന ആഗ്രഹത്തോടെ. സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ വിമാനത്തില്‍ യാത്ര ചെയ്യുമ്പോഴാണ് ദിവ്യയ്ക്കു ദുരനുഭവം ഉണ്ടാകുന്നത്. അഞ്ചു വയസ്സുണ്ടെങ്കിലും ഒരു വയസ്സിന്റെ വളര്‍ച്ചയേയുള്ളൂ ദിവ്യയുടെ മകള്‍ക്ക്. 8.5 കിലോഗ്രാം മാത്രം ശരീരഭാരവും. ഒറ്റയ്ക്ക് ഒരു സീറ്റില്‍ ഇരുന്നു മകള്‍ക്ക് യാത്ര ചെയ്യാനാവാത്തതിനാല്‍ കുട്ടികള്‍ക്കുള്ള സീറ്റ് ബെല്‍റ്റ് ചോദിച്ചെങ്കിലും ക്യാപ്റ്റന്‍ അനുമതി കൊടുക്കാത്തതിനാല്‍ യാത്ര വൈകിയ സംഭവവും അതേത്തുടര്‍ന്നുണ്ടായ അപമാനവുമാണ് ദിവ്യ പോസ്റ്റിലൂടെ പങ്കുവയ്ക്കുന്നത്. 

ദിവ്യയുടെ ഫെയ്സ്ബുക്ക് പേജ് വായിക്കാം. 

അസഹനീയമായ അസ്വസ്ഥതയോടെയാണ് ഞാന്‍ ഈ കുറിപ്പ് എഴുതുന്നത്. ഒരു കാര്യം ആദ്യമേ വ്യക്തമക്കട്ടെ. ഇക്കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ 67 തവണ വിമാനയാത്ര നടത്തിയിട്ടുണ്ട് എന്റെ മകള്‍. ചിലരെങ്കിലും കരുതുന്നുണ്ടാകും ഇതാദ്യമായാണ് ഞങ്ങള്‍ വിമാനത്തില്‍ യാത്ര ചെയ്യുന്നത്. അവര്‍ ദയവുചെയ്തു കാര്യം മനസ്സിലാക്കുക. കുടുംബവുമൊത്തുള്ള യാത്രകളില്‍ ഞാനും ഭര്‍ത്താവും മാത്രമല്ല മകള്‍ക്കും ഞങ്ങള്‍ ടിക്കറ്റ് എടുക്കാറുണ്ട്. അന്തസ്സില്ലാതെ പെരുമാറുന്ന ദരിദ്രരായ ഇന്ത്യക്കാര്‍ എന്നൊക്കെ ഞങ്ങളെ ആക്ഷേപിക്കുന്നതിനുമ്പ് വസ്തുതകള്‍ മനസ്സിലാക്കുക. 

മകളോടൊപ്പമാണ് ഞങ്ങളുടെ എല്ലാ യാത്രകളും. ഇതിനു മുമ്പും പ്രശ്നം ഉണ്ടായിട്ടില്ലെന്നല്ല. പക്ഷേ, അവയൊക്കെ എളുപ്പത്തില്‍ പരിഹരിച്ചു. വിമാനജോലിക്കാരും യാത്രക്കാരുമെല്ലാം ‍ഞങ്ങളോടു സഹകരിച്ചിട്ടേയുള്ളൂ. സ്വന്തമായി ഒരു സീറ്റ് മകള്‍ക്കുണ്ടെങ്കിലും ഇന്‍ഫന്റ് സീറ്റ് ബെല്‍റ്റും മകള്‍ക്ക് അനുവദിച്ചുകിട്ടാറുണ്ട്. അഞ്ചുവയസ്സുണ്ടെങ്കിലും 9 കിലോയില്‍ താഴെമാത്രമാണ് അവളുടെ ശരീരഭാരം. മുന്‍പുള്ള യാത്രകളില്‍ ‍ഞങ്ങള്‍ പ്രശ്നം അവതരിപ്പിക്കുമ്പോള്‍ ക്യാപ്റ്റന്‍ വന്നുനോക്കും. 

അഞ്ചുവയസ്സുണ്ടെങ്കിലും, ഫുള്‍ ടിക്കറ്റ് എടുത്തിട്ടുണ്ടെങ്കിലും, തന്നെത്താനെ സീറ്റില്‍ ഇരിക്കാന്‍ അവള്‍ക്കു കഴിവില്ലെന്നു മനസ്സിലാക്കുമ്പോള്‍ ഇന്‍ഫന്റ് സീറ്റ് ബെല്‍റ്റ് അനുവദിക്കും. എന്നാല്‍ ഇത്തവണ എല്ലാം തകിടം മറിഞ്ഞു. അവിസ്മരണീയമായ ഒരു അവധിക്കാലത്തിന്റെ തുടക്കത്തിലുള്ള യാത്ര ഓര്‍മിക്കാന്‍പോലുമിഷ്ടപ്പെടാത്ത ദുസ്വപ്നമായി മാറി. 

വിമാനത്തില്‍ കയറുന്നതിനുമുമ്പുതന്നെ ഗ്രൗണ്ട് സ്റ്റാഫിനോട് ബേബി ബെല്‍റ്റിന്റെ കാര്യം ഞങ്ങള്‍ പറഞ്ഞു. വിഷമിക്കേണ്ട, ക്യാപ്റ്റനോടു പറഞ്ഞിട്ടുണ്ടെന്നും പ്രശ്നങ്ങളൊന്നുമില്ലെന്നും അവര്‍ പറഞ്ഞു. ഞങ്ങള്‍ വിമാനത്തില്‍ കയറി. വിമാനത്തിനുള്ളിലും ഞങ്ങളുടെ അടുത്തുവന്നു നോക്കിയ ജോലിക്കാരോട് പ്രശ്നം ‍ഞങ്ങള്‍ അവതരിപ്പിച്ചു. ബേബി ബെല്‍റ്റ് അനുവദിക്കാമോ എന്ന കാര്യം നോക്കട്ടെ എന്നു പറയുകയും ചെയ്തു. പക്ഷേ, പെട്ടെന്നു തന്നെ അവര്‍ നിലപാട് മാറ്റി. മകള്‍ക്ക് ബേബി ബെല്‍റ്റ് അനുവദിച്ച് ഞങ്ങളോടൊപ്പം യാത്ര ചെയ്യാന്‍ ക്യാപ്റ്റന്‍ അനുവദിക്കുന്നില്ല എന്നു പറഞ്ഞു. പിന്നീടു ഞങ്ങള്‍ അനുഭവിച്ചത് ഒന്നരമണിക്കൂര്‍ നീണ്ട അഗ്നിപരീക്ഷ. യാത്രക്കാര്‍ മുഴുവന്‍ യാത്ര തുടങ്ങാനാവാതെ അനിശ്ചിതത്വത്തില്‍നിന്നു. ഒടുവില്‍ അവര്‍ അനുശാസിക്കുന്ന രീതിയില്‍ യാത്ര ചെയ്യാന്‍ തയാറല്ലെങ്കില്‍ ഞങ്ങളുടെ ബാഗേജ് തിരിച്ചിറക്കുകയാണെന്നും ഞങ്ങള്‍ വിമാനത്തില്‍നിന്നു പുറത്തിറങ്ങണമെന്നും നിര്‍ദേശമുണ്ടായി. 

പരിഹസിച്ചുകൊണ്ടുള്ള ട്രോളുകളും പോസ്റ്റുകളും പ്രവഹിക്കാന്‍ തുടങ്ങിയതുകൊണ്ടാണ് തനിക്കിത്രയും പറയേണ്ടിവന്നതെന്നു വിശദീകരിക്കുന്നു ദിവ്യ. സ്വന്തമായി സീറ്റില്‍ ഒറ്റയ്ക്കിരിക്കാന്‍ കഴിയാത്ത മകളെയുംകൊണ്ട് യാത്ര ചെയ്യാന്‍ ക്യാപ്റ്റന്‍ അനുമതി തരാത്തതിനാല്‍ മുടങ്ങിപ്പോയ യാത്രയുടെ വിഷമമാണ് അവര്‍ പങ്കുവയ്ക്കുന്നത്. 

അടുത്ത തവണ എന്തു ചെയ്യണമെന്ന് എനിക്കറിയില്ല. എന്തായാലും വിമാനയാത്രകള്‍ ഭാവിയില്‍ പൂര്‍ണമായി ഒഴിവാക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. ഈ വിഷയത്തില്‍ എന്റെ അവസാനത്തെ പോസ്റ്റാണിത്. ഇനി ഞാന്‍ പ്രതികരിക്കുന്നില്ല- ദിവ്യ പോസ്റ്റ് അവസാനിപ്പിക്കുന്നു. സന്തോഷത്തിന്റെ ചിത്രങ്ങളില്‍ തുടങ്ങിയ ദിവ്യയുടെ ഫെയ്സ്ബുക്ക് പേജിലെ അസ്വസ്ഥതയുടെ പോസ്റ്റുകളില്‍നിന്ന് മനുഷ്യത്വപരമായ പെരുമാറ്റത്തെക്കുറിച്ച് ലോകം മനസ്സിലാക്കുമെന്ന് ആശിക്കാം.