വൃദ്ധയായ ഒരു സ്ത്രീയെ രണ്ടുപേർ ചേർന്ന് വീടിനു വെളിയിലേക്ക് തള്ളിയിടുകയും അതിക്രൂരമായി മർദ്ദിക്കുകയും ചെയ്യുന്നതിന്റെ വിഡിയോ പുറത്തു വന്നതിനു പിന്നാലെയാണ് കൊടുംക്രൂരതയുടെ കഥ ലോകമറിഞ്ഞത്.
അഹമ്മദാബാദിലെ വേൽപൂർ ഗ്രാമത്തിലാണ് മനസാക്ഷിയെ നടുക്കിയ ക്രൂരത അരങ്ങേറിയത്. ദാരുണ സംഭവവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ സംഭവസ്ഥലത്തേക്ക് ഒരു സംഘം പൊലീസുകാർ എത്തുകയും വൃദ്ധയെ ഉപദ്രവിച്ചവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
സംഭവത്തെക്കുറിച്ച് പൊലീസ് കസ്റ്റഡിയിലുള്ള സ്ത്രീ പറയുന്നതിങ്ങനെ. ദൃശ്യത്തിൽ കാണുന്ന പ്രായമായ സ്ത്രീ തന്റെ അമ്മയാണെന്നും അമ്മയ്ക്ക് മനോരോഗമാണെന്നും മൂർച്ചയേറിയ ആയുധമെടുത്ത് തന്നെയും ഭർത്താവിനെയും ഉപദ്രവിക്കാൻ വന്ന അമ്മയെ തടയുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നും അവർ വിശദീകരിക്കുന്നു.
എന്നാൽ ഇവർ പറഞ്ഞത് പൊലീസ് പൂർണ്ണമായും വിശ്വസിച്ചിട്ടില്ല. വൃദ്ധയെ വീട്ടിൽ നിന്ന് പിടിച്ചിറക്കി ബന്ധിക്കാൻ ശ്രമിക്കുന്ന പുരുഷനെയും വൃദ്ധയെ അതിക്രൂരമായി മർദ്ദിക്കുന്ന സ്ത്രീയെയും വിഡിയോയിൽ വ്യക്തമായി കാണാമെന്നും സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും പൊലീസ് പറയുന്നു.