രണ്ടു തവണ ആ പെൺകുട്ടി (നമുക്കവളെ യുസ്റ എന്നു വിളിക്കാം) സ്വന്തം വീട്ടിലേക്കു കരഞ്ഞുകലങ്ങിയ കണ്ണുകളുമായി കയറിവന്നിരുന്നു. പക്ഷേ അപ്പോഴെല്ലാം അവളുടെ പിതാവ് തിരികെ ഭർതൃവീട്ടിലേക്ക് അയച്ചു. അവൾ ദേഹത്തു കാണിച്ച മുറിവുകളോ ചോരപ്പാടുകളോ പീഡന കഥകളോ ഒന്നും പിതാവ് കേട്ടില്ല. ഒടുവിൽ ഭർത്താവിൽ നിന്നു രക്ഷ തേടി യുസ്റയ്ക്ക് പൊലീസ് സ്റ്റേഷനിലേക്കു പോകേണ്ടി വന്നു. അവിടെ ഡോക്ടർ നടത്തിയ പരിശോധനയിൽ തെളിഞ്ഞത് ക്രൂരപീഡനത്തിന്റെ അടയാളങ്ങൾ. അവൾക്ക് വെറും പതിനൊന്നു വയസ്സേ ഉണ്ടായിരുന്നുള്ളൂ. പാഠപുസ്തകങ്ങളുടെ താളുകൾ മറിക്കേണ്ട കാലത്ത് അവൾ മറിച്ചു തീർത്തത് ജീവിതപാഠത്തിന്റെ കനത്ത ഏടുകളായിരുന്നു...
യുസ്റയുടേത് ഒരു ഒറ്റപ്പെട്ട കഥയല്ല. കാലങ്ങളായി സുഡാനിലെ പെൺകുട്ടികള്‍ അനുഭവിക്കുന്നതാണ് ഈ ദുരിതം. പരമ്പരാഗത ആചാരമെന്ന പോലെ ഇപ്പോഴും രാജ്യത്തെ ചില വിഭാഗക്കാർ ബാലവിവാഹത്തെ കാണുന്നു. 18 വയസ്സിനു മുൻപേ തന്നെ പെണ്‍കുട്ടികളെ വിവാഹം ചെയ്തയച്ചില്ലെങ്കിൽ കുടുംബത്തിന്റെ മാനം നഷ്ടപ്പെടുമെന്നാണു മിക്കവരും കരുതുന്നത്. ഇതോടൊപ്പം ദാരിദ്ര്യത്തിന്റെ കൈവിരലുകളും മുറുകുമ്പോൾ മാതാപിതാക്കൾക്കു മുന്നിലും വേറെ വഴിയില്ല. ഐക്യരാഷ്ട്ര സംഘടന ഇടപെട്ടിട്ടും ഇതിന് അറുതി വരുത്താനായിട്ടില്ലെന്നതാണു സത്യം.
യുണിസെഫ് റിപ്പോർട്ട് പ്രകാരം രാജ്യത്തെ മൂന്നിലൊന്നു പെൺകുട്ടികളും 18 വയസ്സ് തികയും മുൻപേ വിവാഹിതരാകുന്നു. കഴിഞ്ഞ വർഷത്തെ യുണിസെഫ് റിപ്പോർട്ടും ഞെട്ടിക്കുന്നതായിരുന്നു– രാജ്യത്തെ വിവാഹിതരായ പെൺകുട്ടികളിൽ 12 ശതമാനം പേരും 15 വയസ്സിൽ താഴെയുള്ളവരാണെന്നായിരുന്നു ആ റിപ്പോർട്ട്. 1991ലാണ് സുഡാനിൽ പേഴ്സനൽ സ്റ്റാറ്റസ് ലോ ഓഫ് മുസ്‌ലിംസ് നിലവിൽ വരുന്നത്. ‘പ്രായപൂർത്തിയായ’ പെൺകുട്ടികളുടെ വിവാഹം നിയമാനുസൃതമാക്കുന്നതായിരുന്നു നിയമം. ഇവിടെ പക്ഷേ ‘പ്രായപൂർത്തി’ എന്നതു കൊണ്ട് ഉദ്ദേശിച്ചിരുന്നത് 10 വയസ്സായിരുന്നു. ഇതോടെ ആഫ്രിക്കൻ രാജ്യങ്ങളിൽ ഏറ്റവും കുറഞ്ഞ വിവാഹപ്രായവും സുഡാനിലായി!
അടുത്തിടെ നൂറ ഹുസൈൻ എന്ന പെൺകുട്ടിയുടെ ജീവിതകഥ പുറംലോകത്തെത്തിയതോടെയാണ് സുഡാൻ ബാലവിവാഹത്തിനെതിരെ നടപടി ശക്തമാക്കാൻ തീരുമാനിച്ചത്. പതിനഞ്ചാം വയസ്സിലാണു നൂറയെ വിവാഹം ചെയ്തയച്ചത്. വരന് അവളേക്കാളും രണ്ടിരട്ടിയിലേറെയായിരുന്നു പ്രായം. എന്നാൽ അന്ന് ആരംഭിച്ചതാണു പീഡനം. നാലു വർഷം കാത്തു. ഒടുവിൽ പീഡനം എതിർത്ത തന്നെ മാനഭംഗം ചെയ്യാനുള്ള ശ്രമത്തിനിടെ നൂറ ഭർത്താവിനെ കുത്തിക്കൊല്ലുകയായിരുന്നു. കോടതി വിധിച്ചതാകട്ടെ വധശിക്ഷയും!
യുസ്റയുടെ കഥയിൽ പക്ഷേ കൊലപാതകമുണ്ടായില്ലെന്നേയുള്ളൂ. അതിനു മുൻപേ അവൾക്കു രക്ഷപ്പെടാനായി. ഭർത്താവിന്റെ ആദ്യ ഭാര്യയാണ് ആ പതിനൊന്നുകാരിയെ രക്ഷപ്പെടാനും പൊലീസ് സ്റ്റേഷനിലെത്താനും സഹായിച്ചത്. ഭർത്താവ് കെട്ടിയിട്ടു തല്ലിയിരുന്നതിന്റെ ചോരപ്പാടുകളായിരുന്നു യുസ്റയുടെ ദേഹം നിറയെ. എന്നാൽ തന്റെ മകളെ സംരക്ഷിക്കുമെന്നും അവൾക്കു നല്ല വിദ്യാഭ്യാസം ലഭിക്കുമെന്നുമുള്ള വിശ്വാസത്തിലാണ് വിവാഹം ചെയ്തയച്ചതെന്ന് യുസ്റയുടെ പിതാവ് പറയുന്നു. ആറു പെൺമക്കളാണ് അദ്ദേഹത്തിനുള്ളത്. തെരുവിൽ തകരപ്പണിയാണു ജോലി. യുസ്റയ്ക്ക് ഈ അവസ്ഥ വന്നെങ്കിലും ബാക്കി മക്കളെയും താൻ നേരത്തേ വിവാഹം ചെയ്തയയ്ക്കുമെന്നു പറയുന്നു ഈ പിതാവ്. അതല്ലാതെ വേറെ വഴിയില്ല. അല്ലെങ്കില്‍ സമൂഹത്തിൽ ഒറ്റപ്പെടുത്തലാകും ബാക്കിപത്രം.
പ്രായം പതിനെട്ടായിട്ടും വിവാഹം ചെയ്തയച്ചില്ലെങ്കിൽ സുഡാനിൽ അവൾക്കു വിശേഷണം ‘ആഗിർ’ എന്നാണ്. വന്ധ്യതയുള്ളവളെന്നാണ് അതിനർഥം. മറ്റൊരു പേര് ‘ബയ്റ’ എന്നാണ്– വിവാഹം ചെയ്യാൻ യോഗ്യതയില്ലാത്തവൾ എന്നാണ് ആ വിശേഷണം. ഇത്തരം പരമ്പരാഗത വിശ്വാസങ്ങളാണ് സുഡാനിലെ മാതാപിതാക്കളെക്കൊണ്ട് ഈ ‘കടുംകൈ’ ചെയ്യിക്കുന്നത്. സർക്കാരാകട്ടെ ഇതു തടയുന്നതിൽ തികഞ്ഞ പരാജയവും.
സുഡാനിലെ ‘ബാലികാവധുക്കൾ’ ലൈംഗികമായും ശാരീരികമായും മാനസികമായും കനത്ത പീഡനത്തിനിരയാകുകയാണെന്ന റിപ്പോർട്ട് യുണിസെഫ് പുറത്തുവിട്ടിരുന്നു. ഇതിനു പിന്നാലെ ബാലവിവാഹം അവസാനിപ്പിക്കാനുള്ള ആഫ്രിക്കൻ വൻകരയുടെ ക്യാംപെയ്നിൽ 2015ൽ സുഡാനും പങ്കു ചേർന്നു. തൊട്ടടുത്ത വർഷം ഇതു സംബന്ധിച്ച നിയമമുണ്ടാക്കാനുള്ള നിർദേശങ്ങൾ യുഎൻ സുഡാനു നൽകുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ സുഡാൻ നാഷനൽ കൗൺസിൽ ഫോർ ചൈൽഡ് വെൽഫെയർ നിയമത്തിന്റെ ചട്ടക്കൂട് തയാറാക്കിയതുമാണ്. എന്നാൽ യാഥാസ്ഥിതികരായ മതസംഘടനകൾ പ്രതിഷേധവുമായി ഇടപെട്ടതോടെ സർക്കാർ മുട്ടുമടക്കി. രാജ്യത്തെ ജനങ്ങളെ സംരക്ഷിക്കേണ്ട സർക്കാർ നിശബ്ദരായപ്പോൾ ഒരുപാടു കുരുന്നുകളുടെ നിലവിളികളാണ് ആ ക്രൂരതയിൽ അലിഞ്ഞില്ലാതായതെന്നു മാത്രം...!