Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അവളുടെ കറുപ്പിനെ അവർ പരിഹസിച്ചു; പകരം അവൾ മരണം വിളമ്പി

poison പ്രതീകാത്മക ചിത്രം.

കറുത്തവളാണ്, പാചകം ചെയ്യാനറിയില്ല എന്നു നിരന്തരം പരിഹസിച്ചപ്പോഴൊന്നും പ്രഗ്യ സർവാസേയുടെ ബന്ധുക്കൾ അറിഞ്ഞിരുന്നില്ല, അവളതിനു പകരമായി തങ്ങൾക്കു മരണം വിളമ്പുമെന്ന്. എഴിനും പതിമൂന്നിനുമിടയിൽ പ്രായമുള്ള നാലു കുട്ടികളും ഒരു 53 കാരനുമാണ് പ്രതികാരത്തിനിരയായി മരിച്ചുവീണത്. 120 പേർ ആശുപത്രിയിലായി. 

മഹാരാഷ്ട്രയിലെ റായ്ഗഡിൽ ഈ ആഴ്ച ആദ്യമാണ് ഒരു കുടുംബ വിരുന്നിനിടെ ആളുകൾ കൂട്ടമായി കുഴഞ്ഞു വീണത്. നാലു കുട്ടികളടക്കം അഞ്ചുപേർ മരിച്ചു. ആദ്യം സംശയിച്ചത് ഭക്ഷ്യവിഷബാധയെന്നായിരുന്നെങ്കിലും പിന്നീടു പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് അതൊരു കൂട്ടക്കൊലയായിരുന്നു എന്നറിഞ്ഞത്. 

28 കാരിയായ പ്രഗ്യയുടെ വിവാഹം കഴിഞ്ഞത് രണ്ടു വർഷം മുൻപാണ്. അന്നു മുതൽ ഭർത്താവിന്റെ വീട്ടുകാരും ബന്ധുക്കളും അവളെ നിറത്തിന്റെ പേരിൽ ക്രൂരമായി പരിഹസിക്കുമായിരുന്നു. അവളുടെ പാചകം മോശമാണെന്ന് അധിക്ഷേപിക്കുകയും പതിവായിരുന്നു. ആദ്യം തോന്നിയ സങ്കടം പിന്നെ പകയായതോടെ ഒരവസരത്തിനായി അവൾ കാത്തിരുന്നു. 

അങ്ങനെയാണ് ബന്ധുവായ സുഭാഷ് മാനേയുടെ വീട്ടിൽ നടന്ന പുരവാസ്തുബലിച്ചടങ്ങിനിടെ അവൾക്ക് ആ അവസരം കിട്ടിയത്. അതിഥികൾക്കായൊരുക്കിയ ഭക്ഷണത്തിൽ പ്രഗ്യ കീടനാശിനി ചേർക്കുകയായിരുന്നു. അത് അതിഥികൾക്ക് അവൾ തന്നെ വിളമ്പുകയും ചെയ്തു. ഭക്ഷണം കഴിച്ചയുടൻ ശക്തായ വയറുവേദനയും ഛർദ്ദിലും അനുഭവപ്പെട്ടതിനെത്തുടർന്ന് അതിഥികൾ വീട്ടുകാരോടു പരാതി പറഞ്ഞു. പലരും കുഴഞ്ഞുവീണു. മരണങ്ങൾ കൂടി നടന്നതോടെയാണ് സംഭവസ്ഥലത്തു പൊലീസ് എത്തിയത്.

സംശയം തോന്നിയ പോലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് പ്രതികാരകഥ ചുരുളഴിഞ്ഞത്. തന്നെ പരിഹസിച്ച കുടുംബത്തെ മുഴുവനോടെ ഇല്ലാതാക്കാനാണ് ഭക്ഷണത്തിൽ വിഷം കലർത്തിയതെന്ന് അവൾ പൊലീസിനോടു സമ്മതിച്ചു.