Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചോര മരവിക്കും, ആ കുഞ്ഞുശരീരത്തോട് അവർ ചെയ്തത് അറിഞ്ഞാൽ

Child Abuse

മനസ്സാക്ഷിയുള്ള ഓരോ മനുഷ്യന്റെയും ദുഃസ്വപ്നമാണ് ഇന്നും കഠ്‌വ. എട്ടു വയസ്സുള്ള ആ പാവം കുഞ്ഞിനെ ക്രൂരമായി പീഡിപ്പിച്ച് ചതച്ചുകൊല്ലുംമുമ്പുതന്നെ അവളെ കൊടുംലഹരി മരുന്നുകൾ അമിതമായി നൽകി മരവിപ്പിച്ചിരുന്നു എന്നാണ് ഫൊറൻസിക് പരിശോധനാ ഫലം. അങ്ങനെ അവൾ ‘കോമ’ അവസ്ഥയിലായിരുന്നു. 

കഞ്ചാവുൽപന്നമായ മാന്നാർ എന്ന ലഹരിമരുന്നും എപിട്രിൽ 0.5 എംജി ഗുളികകളും കുട്ടിക്കു കൊടുത്തിരുന്നതായി ആന്തരികാവയവ പരിശോധനയിലാണ് വ്യക്തമായത്. എട്ടു വയസ്സുളള ഒരു കുട്ടിയുടെ ഉള്ളിൽ ഇത് അമിതമായി ചെന്നാൽ കോമ അവസ്ഥയിലെത്തുമെന്ന് പരിശോധന നടത്തിയ ഡോക്ടർമാരുടെ റിപ്പോർട്ടിലുണ്ട്. 

ലഹരി മരുന്നും മാനസീകരോഗ ചികിത്സയിക്കായി നൽകുന്ന എപിട്രിൽ എന്ന മരുന്നും കൂടി അമിതമായ അളവിലാണ് കുഞ്ഞിന്റെ ഉള്ളിൽച്ചെന്നിരിക്കുന്നതെന്നും ഇത് ആ പിഞ്ചു ശരീരത്തിൽ എത്രമാത്രം പ്രതിപ്രവർത്തനങ്ങളാണ് സൃഷ്ടിച്ചിരുന്നത് എന്നതിനെപ്പറ്റി തങ്ങൾക്കു ചിന്തിക്കാൻ പോലുമാകുന്നില്ലെന്നുമാണ് ഡോക്ടർമാർ പറഞ്ഞത്. നാഡീവ്യൂഹത്തെ തളർത്തുന്ന ലഹരിമരുന്നും ക്ലോനാസെപാം സോൾട്ട് (Clonazepam) എന്ന രാസവസ്തു അടങ്ങിയ ഗുളികകളും അമിതമായി നൽകി ശരീരം മരവിപ്പിച്ചതിനു ശേഷമാണ് അവർ ആ കുഞ്ഞിനോട് കൊടുംപാതകം ചെയ്തത്.

കുട്ടിയുടെ കൊലപാതകികളിൽ ഒരാളായ ദീപക് ഖജൂരിയ അയാളുടെ സുഹൃത്തിനൊപ്പം മെഡിക്കൽ സ്റ്റോറിൽ നിന്ന് ജനുവരി 7 ന് എപിട്രിൽ 0.5 എംജി ഗുളികയുടെ ഒരു സ്ട്രിപ് വാങ്ങിയിരുന്നുവെന്ന് ചാർജ്ഷീറ്റിൽ പറയുന്നുണ്ട്. മനോരോഗത്തിന് ചികിത്സയിൽ കഴിയുന്ന ദീപക്കിന്റെ അമ്മാവനുവേണ്ടിയാണെന്നു പറഞ്ഞാണ് 10 ഗുളികകൾ അടങ്ങിയ ഒരു സ്ട്രിപ് വാങ്ങിയത്. ഡോക്ടറുടെ പ്രിസ്ക്രിപ്ഷനിൽ പറഞ്ഞിരിക്കുന്ന മരുന്ന് അവിടെ നിന്ന് ലഭിച്ചില്ല പകരമാണ് എപിട്രിൽ 0.5  എന്ന മരുന്ന് വാങ്ങിയതെന്നും ചാർജ്ജ് ഷീറ്റിൽ പറയുന്നു.

 ജനുവരി 4 ന് പ്രതികളിലൊരാളായ സാഞ്ജിറാമിന്റെ അമ്മാവനും പെൺകുട്ടിയുടെ സമുദായവും തമ്മിൽ വഴക്കുണ്ടാവുകയും അവരോട് പകതീർക്കാനായി പ്രതികൾ തയാറാക്കിയ പദ്ധതി പ്രകാരമാണ് അതിക്രൂരമായ കൊലപാതകമെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. പെൺകുട്ടിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് 8 പ്രതികൾക്കെതിരെയാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്.പെൺകുട്ടിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ ക്ഷേത്രത്തിലെ പൂജാരിയായ സഞ്ജി റാം, മകൻ വിഷാൽ, ഇവരുടെ പ്രായപൂർത്തിയാകാത്ത ബന്ധു, സ്പെഷൽ പൊലീസ് ഓഫിസര്‍മാരായ ദീപക് ഖജൂരിയ, സുരീന്ദർ വർമ, ഇവരുടെ സുഹൃത്ത് പർവേഷ് കുമാർ എന്ന മാന്നു എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നാലു ലക്ഷം രൂപ വാങ്ങി തെളിവുകള്‍ നശിപ്പിച്ചതിന്റെ പേരിൽ ഹെഡ് കോൺസ്റ്റബിൾ തിലക് രാജിനും എസ്ഐ ആനന്ദ് ദത്തയ്ക്കും എതിരെ കേസെടുത്തിട്ടുണ്ട്. 

പ്രാദേശികമായ കഞ്ചാവിനു പകരം ഉപയോഗിക്കുന്ന മന്നാർ എന്ന വസ്തുവും മാനസികരോഗ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന എപിട്രിൽ 0.5 എംജി ടാ‌ബ്‌ലറ്റുമാണ് കുട്ടിയെ ബോധം കെടുത്താൻ നൽകിയിരുന്നത്. ഒഴിഞ്ഞ വയറുമായുള്ള ഒരു എട്ടു വയസ്സുകാരിക്ക് ഈ വസ്തുക്കൾ നൽകിയാൽ അതിന്റെ അനന്തരഫലം എന്തായിരിക്കുമെന്നായിരുന്നു ക്രൈംബ്രാഞ്ച് സംഘത്തിന് അറിയേണ്ടിയിരുന്നത്.

ഇതിനായി പെൺകുട്ടിയുടെ വിസെറ പരിശോധനയ്ക്ക് അയച്ചിരുന്നു. അതിനു ലഭിച്ച മറുപടിയിലാണു കോമയിലേക്കോ അല്ലെങ്കിൽ അനങ്ങാൻ പോലും സാധിക്കാത്ത വിധം മരവിച്ച (ഷോക്ക്) അവസ്ഥയിലേക്കോ തള്ളിവിടും വിധം സ്വാധീനമാണ് അത്തരം വസ്തുക്കൾ ഒരു കുട്ടിയുടെ ശരീരത്തിലുണ്ടാക്കുകയെന്ന മെഡിക്കൽ വിദഗ്ധരുടെ മറുപടി ലഭിച്ചത്. ക്രൂര പീഡനത്തിനിരയായിട്ടും പെൺകുട്ടി കരഞ്ഞു ബഹളമുണ്ടാക്കിയില്ലെന്ന വാദം പ്രതികളും സമൂഹമാധ്യമങ്ങളിലൂടെ മറ്റു ചിലരും ഉന്നയിച്ചിരുന്നു. ഈ ചോദ്യം കോടതിയിലും വരുമെന്നറിയാവുന്ന അന്വേഷണസംഘമാണ് പഴുതടച്ച മെഡിക്കൽ പരിശോധനയിലൂടെ ഉത്തരവുമായെത്തിയിരിക്കുന്നത്.

കുട്ടിക്കു നൽകിയ എപിട്രിൽ മരുന്നിൽ ക്ലോനാസെപാം സോൾട്ട് (Clonazepam) എന്ന രാസവസ്തു അടങ്ങിയിരുന്നു. ഇത് അതിവിദഗ്ധ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ മാത്രം നൽകേണ്ടതാണ്. അതും സ്വീകരിക്കുന്നയാളുടെ പ്രായവും ഭാരവും വരെ പരിശോധിച്ചതിനു ശേഷം മാത്രം! കൊല്ലപ്പെട്ട കുട്ടിക്ക് 30 കിലോഗ്രാം മാത്രമായിരുന്നു ഭാരം.

കുഞ്ഞിന് ബലപ്രയോഗത്തിലൂടെ നൽകിയതാകട്ടെ ക്ലോനാസെപാം അടങ്ങിയ അഞ്ചു ടാബ്‌ലറ്റുകളും. അതും 0.5 മില്ലിഗ്രാം. ഇതിലും ഏറെ താഴെയാണ് അനുവദനീയമായ അളവ്. ജനുവരി 11നാണ് അഞ്ച് ടാബ്‌ലറ്റുകളും നൽകിയത്. എട്ടുവയസ്സുകാരിക്ക് യാതൊരു കാരണവശാലും നൽകാൻ പാടില്ലാത്തത്ര ക്ലോനാസെപാം ഉണ്ടായിരുന്നു ആ ഗുളികകളിൽ.

പിന്നീട് വീണ്ടും ഗുളികകൾ നൽകി. ഇതോടെ കുട്ടി ആദ്യം മയക്കത്തിലേക്കു വീണു. പിന്നെ ചുറ്റിലുമുള്ളതൊന്നും തിരിച്ചറിയാൻ പറ്റാതായി. ചെറുതായി ശരീരം വിറയ്ക്കാനും തുടങ്ങി. ശ്വാസം മന്ദഗതിയിലായി, ഒടുവിൽ കോമയിലേക്കും കടന്നു. കൊല്ലപ്പെടുത്തും മുന്‍പു തന്നെ കുട്ടിയുടെ ശരീരം മരിച്ചതിനു തുല്യമായിരുന്നെന്നു വ്യക്തം.

ഭക്ഷണം കഴിച്ചിട്ടാണു ഗുളിക അമിതമായി കഴിക്കുന്നതെങ്കിലും പ്രശ്നമാണ്, ആ സാഹചര്യത്തിൽ ഒഴിഞ്ഞ വയറ്റിൽ ഗുളിക കഴിക്കേണ്ടി വന്ന കുരുന്നിന്റെ ദുരിതം ചിന്തിക്കാവുന്നതിലുമപ്പുറമാണെന്നും റിപ്പോർട്ടിലുണ്ട്. ഈ ഗുളികയ്ക്കൊപ്പം മറ്റു ലഹരി വസ്തുക്കൾ ഉപയോഗിക്കാനേ പാടില്ലാത്തതാണ്. കുട്ടിക്കാകട്ടെ കഞ്ചാവിനു സമാനമായ  മന്നാറും നൽകി. ഇത് നാഡീവ്യൂഹത്തെ തകർക്കാൻ പോന്നതാണ്. ഒരാളെ മണിക്കൂറുകളോളം ‘വിഭ്രാത്മകതയിൽ’ എത്തിക്കാൻ പോന്നതാണ് മന്നാർ എന്ന ലഹരിവസ്തു.

കേസ് പരിഗണിക്കുന്ന പഠാൻകോട്ടിലെ ജില്ലാ–സെഷൻസ് കോടതിയിൽ ക്രൈംബ്രാഞ്ച് റിപ്പോർട്ട് അടുത്തയാഴ്ച സമർപ്പിക്കും. 2018 ജനുവരി 17നാണു കൊല്ലപ്പെട്ട നിലയിൽ പെൺകുട്ടിയെ കണ്ടെത്തുന്നത്.