കണ്ണൂർ ∙ അറക്കൽ രാജവംശത്തിന്റെ പുതിയ സുൽത്താനായി ഫാത്തിമ മുത്തുബീവി(85) ചുമതലയേൽക്കും. രണ്ടു ദിവസം കഴിഞ്ഞു നടത്തുന്ന ചടങ്ങിലാകും ഔദ്യോഗിക പ്രഖ്യാപനം. തുടർന്നു സ്ഥാനാരോഹണച്ചടങ്ങ് നടത്തും. അധികാരക്കൈമാറ്റത്തിന്റെ ഭാഗമായി പുതിയ സുൽത്താനു വാൾ, പരിച, വെള്ളിപ്പാത്രങ്ങൾ എന്നിവ കൈമാറും. മുൻ സുൽത്താൻ ഹംസ ആലിരാജയുടെ സഹോദരിമാരാണു കഴിഞ്ഞ ദിവസം അന്തരിച്ച ആയിഷാബിയും സ്ഥാനമേൽക്കാൻ പോകുന്ന ഫാത്തിമ മുത്തുബീവിയും. രാജഭരണം ചരിത്രത്തിന്റെ ഭാഗമായെങ്കിലും അറക്കൽ രാജവംശത്തിലെ സുൽത്താനു മലബാറിൽ പ്രത്യേക സ്ഥാനമുണ്ട്.
അധികാരം ലഭിക്കുന്ന പുരുഷനെ അലിരാജയെന്നും സ്ത്രീകളെ അറക്കൽ ബീവി എന്നുമാണു വിളിക്കുന്നത്. ചിറക്കൽ രാജവംശത്തിലെ തമ്പുരാട്ടി, ചേരമാൻപെരുമാൾ വംശത്തിലെ രാജകുമാരൻ എന്നിവരിൽനിന്നാണ് അറക്കൽ രാജവംശത്തിന്റെ തുടക്കം. ചിറക്കൽ തമ്പുരാട്ടിക്കു തറവാട്ടിൽനിന്നു കിട്ടിയതെന്നു വിശ്വസിക്കപ്പെടുന്ന തമ്പുരാട്ടിവിളക്ക് ഇന്നും അറക്കൽ കൊട്ടാരത്തിലുണ്ട്. വിശേഷ അവസരങ്ങളിൽ പരസ്പരം ക്ഷണിക്കപ്പെടുന്ന അതിഥികളായി ഇരുകുടുംബങ്ങളും സൗഹാർദം തുടരുന്നു.
കാലാൾപടയുടെയും നാവികസേനയുടെയും ശക്‌തിയിൽ ബ്രിട്ടിഷ് സാമ്രാജ്യത്വത്തോടു പൊരുതിയ അറക്കൽ രാജവംശത്തിന്റെ ചരിത്രം കണ്ണൂർ സിറ്റിയിലെ അറക്കൽ മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുണ്ട്. (ബോക്സ്) പ്രഖ്യാപനം സർക്കാർ അനുമതിയോടെ സംസ്ഥാന സർക്കാരിന്റെ അനുമതിയോടെയാണ് അറക്കൽ രാജവംശത്തിലെ അടുത്ത അവകാശിയെ പ്രഖ്യാപിക്കുക. ലക്ഷദ്വീപ് വിട്ടുകൊടുത്ത വകയിലുള്ള പാരമ്പര്യ പെൻഷൻ സുൽത്താനു മാത്രമാണു ലഭിക്കുകയെന്നതിനാലാണു സർക്കാർ അനുമതി തേടുന്നത്.
പതിനാറാം നൂറ്റാണ്ടിൽ ലക്ഷദ്വീപിനു മേൽ അധികാരം സ്‌ഥാപിക്കുകയും അറേബ്യൻ വൻകരവരെ പ്രധാനശക്‌തിയായി വ്യാപാരം നടത്തുകയും ചെയ്തിരുന്നവരാണ് അറക്കൽ രാജവംശം. ലക്ഷദ്വീപ് പിടിച്ചെടുത്തപ്പോൾ ബ്രിട്ടിഷ് സർക്കാർ അറക്കൽ രാജവംശത്തിന് ഏർപ്പാടാക്കിയ മാലിഖാൻ (പാരമ്പര്യ പെൻഷൻ) ഇപ്പോഴും നൽകിവരുന്നുണ്ട്. പ്രതിവർഷം 23,000രൂപ സുൽത്താനു നൽകുന്നതു കേന്ദ്ര സർക്കാരാണ്.