രാജ്യത്തെ ആദ്യത്തെ വനിതാ ഐപിഎസ് ഓഫിസര്‍ പുതുച്ചേരി സംസ്ഥാനത്ത് എത്തുന്നതു രണ്ടുവർഷം മുമ്പ് – ഉരുക്കുവനിതയെന്നു വിളിപ്പേരു വീണ കിരണ്‍ ബേദി എത്തിയതു ലഫ്റ്റനന്റ് ഗവർണറായി. അതിനുശേഷമുള്ള രണ്ടു വര്‍ഷം സംസ്ഥാനം സാക്ഷിയായതു വിവിധ രംഗങ്ങളിൽ വനിതകളുടെ മുന്നേറ്റത്തിന്. ഇക്കഴിഞ്ഞദിവസം സംസ്ഥാനത്തെ ആദ്യത്തെ വനിതാ ഡിജിപിയായി സുന്ദരിനന്ദ കൂടി ചുമതലയേറ്റതോടെ സർക്കാർ സർവീസിലും ഭരണ നേതൃത്വത്തിലും വനിതകളുടെ സമ്പൂർണ ആധിപത്യം.
പൊലീസ് സേനയിൽ എസ്എസ്പിയുടെ ചുമതല വഹിക്കുന്നതു വനിതയായ അപൂർവ ഗുപ്ത. പുതുച്ചേരി നഗരത്തിലെ എസ്പിയുടെ ചുമതലയും വനിതയ്ക്കു തന്നെ– ഡോ.രചന സിങ്ങിന്. സാമൂഹികക്ഷേമ വകുപ്പ് സെക്രട്ടറി സ്ഥാനത്ത് ആലിസ് വാസ്. ഇൻകം ടാക്സ് പ്രിൻസിപ്പൽ കമ്മിഷണറും വനിത തന്നെ – ജഹൻസെബ് അക്തർ. കോസ്റ്റ് ഗാർഡ് അസിസ്റ്റന്റ് കമൻഡാന്റ് പദവിയിൽ അക്ഷിത ശർമ. കശ്മീരിൽനിന്നു കോസ്റ്റ് ഗാർഡിൽ ചേരുന്ന ആദ്യത്തെ വനിത കൂടിയാണ് അക്ഷിത.
ലഫ്റ്റനന്റ് ഗവർണർ എന്നത് ആലങ്കാരികമായ പദവിയല്ലെന്നു ബോധ്യപ്പെടുത്തുന്ന പ്രവർത്തനങ്ങളാണു കിരൺ ബേദി രണ്ടുവർഷമായി നടത്തിയത്. ജനങ്ങളുമായുള്ള നിരന്തര സമ്പർക്കത്തിലൂടെ പ്രശ്നങ്ങൾ മനസ്സിലാക്കി; അവ പരിഹരിക്കാനും ശക്തമായ ശ്രമങ്ങളുമുണ്ടായി. ഭരണകർത്താക്കൾക്കു ദിശാബോധം കാണിച്ചും വേണ്ട സമയത്തു ശക്തമായ ഇടപെടൽ നടത്തിയും എവിടെയും എപ്പോഴുമുണ്ട് ബേദിയുടെ സാന്നിധ്യം.
വിവിധ വകുപ്പുകളിൽ നേതൃസ്ഥാനത്തെത്തിയ മറ്റു വനിതകളും ഭരണ നിർവഹണത്തിലും കാര്യശേഷിയിലും രാജ്യത്തിനുതന്നെ മാതൃകയാകുന്ന പ്രവർത്തനങ്ങളാണു നടത്തിയത്. റവന്യൂ സർവീസിൽ 1989 ബാച്ചുകാരിയാണ് ഇൻകം ടാക്സ് പ്രിൻസിപ്പൽ കമ്മിഷണർ ജഹൻസെബ് അക്തർ.കഴിഞ്ഞ വർഷം ഒക്ടോബറിലാണ് അവർ പുതുച്ചേരിയിൽ പ്രിൻസിപ്പൽ കമ്മിഷണറായി നിയമിതയാകുന്നത്. അതിനുശേഷമുള്ള വർഷത്തിൽ (2017–18) റെക്കോർഡ് തുകയാണ് നികുതിയിനത്തിൽ പിരിച്ചെടുത്തത്. തൊട്ടുമുമ്പത്തെ വർഷം 462 കോടി ശേഖരിച്ച സ്ഥാനത്ത് ജഹൻസെബ് അക്തറിന്റെ നേതൃത്വത്തിൽ പിരിച്ചെടുത്തത് 547 കോടിയിലേറെ. സാമ്പത്തിക തട്ടിപ്പുകൾ വെളിച്ചത്തുകൊണ്ടുവരികയും നികുതി അടയ്ക്കാത്തവരെ കൃത്യമായി വലയിലാക്കാനും കൂടി കഴിഞ്ഞു ജഹൻസെബിന്.
2013 ബാച്ച് ഐപിഎസ് ഓഫിസറായ അപൂർവ ഗുപ്ത കഴിഞ്ഞ വർഷം ജൂണിൽ പൊലീസ് സേനയിൽ സൂപ്രണ്ടന്റായി എത്തി ഒരു മാസത്തിനകം ഹെഡ്ക്വാർട്ടേഴ്സ് എസ്എസ്പിയുടെ ചുമതല ഏറ്റെടുത്തു. ഈ വർഷം ഏപ്രിലിൽ ക്രമസമാധാനച്ചുമതലയും അപൂർവ ഗുപ്തയ്ക്കു ലഭിച്ചു. പുതുച്ചേരിയിലെ ആയിരത്തിലേറെ പെൺകുട്ടികളെ സ്വയം പ്രതിരോധത്തിന്റെ പാഠങ്ങൾ പഠിപ്പിച്ച് വനിതാ ശാക്തീകരണത്തിൽ പുതിയ അധ്യായം കുറിക്കാനും ഗുപ്തയ്ക്കു കഴിഞ്ഞു. കിരൺ ബേദി ഉൾപ്പെടെയുള്ളവരുടെ പ്രശംസയും അവരെത്തേടിയെത്തി.
തിങ്കളാഴ്ച ഡിജിപിയായി ചുമതല ഏറ്റെടുത്ത എസ്.സുന്ദരിനന്ദ ഡൽഹിയിൽനിന്നാണു പുതുച്ചേരിയിലേക്കു വരുന്നത്. 1988 ബാച്ചുകാരിയാണവർ. ഗാർഡ് ഓഫ് ഓണർ നൽകിയാണ് പൊലീസ് ആസ്ഥാനത്തേക്ക് സുന്ദരിനന്ദയെ കഴിഞ്ഞദിവസം സ്വീകരിച്ചത്. ചുമതലയേറ്റതിനുശേഷം മാധ്യമ പ്രവർത്തകരെ കണ്ട സുന്ദരിനന്ദ സമാധാനവും പുരോഗതിയും ഉറപ്പാക്കി പുതുച്ചേരിയെ മുന്നോട്ടു നയിക്കുകയാണ് തന്റെ പ്രഥമ ദൗത്യമെന്നു പറഞ്ഞു.
പുതുച്ചേരിയുടെ ഭരണ നിർവഹണ രംഗത്തെ ശക്തമായ സന്നിധ്യത്തിനു പുറത്തെ നിയമ നിർമാണ സഭയിലും ശ്രദ്ധേയസാന്നിധ്യമായി വനിതകളുണ്ട്. 30 അംഗ നിയമസഭയിൽ നാലു വനിത എംഎൽഎമാർ. തുല്യനീതിയും അവസര സമത്വവുമൊക്കെ ആദർശങ്ങൾ മാത്രമായി തുടരുമ്പോഴാണ് പുതുച്ചേരിയിൽ പെൺപടയുടെ അപൂർവ വിപ്ലവം നടക്കുന്നത്. രാജ്യത്തിനും ലോകത്തിനുതന്നെയും മാതൃകയായി.