Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പോരാട്ടം ഇവിടെ തീരുന്നില്ല; നിർഭയയുടെ മാതാപിതാക്കൾ

Nirbhaya Parents

ഡൽഹി കൂട്ടമാനഭംഗ കൊലപാതക കേസിൽ (നിർഭയ കേസ്) വധശിക്ഷ ശരിവച്ചതിനെതിരെ നാലു പ്രതികളിൽ രണ്ടുപേർ സമർപ്പിച്ച പുനഃപരിശോധനാ ഹർജി തള്ളിയ സുപ്രീം കോടതി വിധിയിൽ സന്തോഷവും ആശ്വാസവും പ്രകടിപ്പിച്ച് നിർഭയയുടെ മാതാപിതാക്കൾ. പ്രതികൾക്ക് വിചാരണക്കോടതി നൽകിയ വധശിക്ഷ ഹൈക്കോടതിയും സുപ്രീംകോടതിയും ശരിവച്ചിരുന്നു. ഇപ്പോൾ പുനഃപരിശോധനാ ഹർജിയും തള്ളി സുപ്രീം കോടതി വധശിക്ഷ ശരിവച്ചിരിക്കുന്നു. പക്ഷേ, തങ്ങളുടെ പോരാട്ടം ഇവിടെ തീരുന്നില്ലെന്നാണ് വിധി കേൾക്കാൻ സുപ്രീം കോടതിയിലെത്തിയ നിർഭയയുടെ മാതാപിതാക്കളായ ബദ്‍രിനാഥ് സിങ്ങും അമ്മ ആശാദേവിയും പറയുന്നത്. 

ഈ വിധി തന്നെ വൈകിയ സാഹചര്യത്തിലാണു വന്നിരിക്കുന്നത്. നീതി വൈകുമ്പോൾ അത് ആയിരക്കണക്കിനു പെൺകുട്ടികളുടെ സുരക്ഷയെ ബാധിക്കുന്ന പ്രശ്നമായി മാറുന്നു. ജുഡീഷ്യറി കൂടുതൽ ശക്തമാകണം എന്നാണ് എനിക്കു പറയാനുള്ളത്. പ്രതികളെ എത്രയും വേഗം തൂക്കിലേറ്റി നീതി നടപ്പാകണം എന്നും ഞാൻ ആഗ്രഹിക്കുന്നു– വിധി അറിഞ്ഞയുടൻ നിർഭയയുടെ അമ്മ പ്രതികരിച്ചു. 

പ്രതികളിൽ ചിലർ പ്രായപൂർത്തിയായവരല്ല എന്ന വാദം തെറ്റാണ്. അവർ ചെയ്ത കുറ്റത്തിന്റെ ഗൗരവവുമായി തട്ടിച്ചുനോക്കുമ്പൾ പ്രത്യേകിച്ചും. കോടതിയിൽ ഞങ്ങൾക്കു വിശ്വാസമുണ്ടായിരുന്നു. നീതി കിട്ടുമെന്നും. ഞങ്ങളുടെ വിശ്വാസം വിജയിച്ചിരിക്കുന്നു– അവർ കൂട്ടിച്ചേർത്തു. 

പുനഃപരിശോധനാ ഹർജി തള്ളുമെന്ന് തങ്ങൾക്ക് അറിയാമായിരുന്നു എന്നാണു നിർഭയയുടെ പിതാവു പ്രതികരിച്ചത്. പക്ഷേ, ഇനി എന്ത് എന്നതാണു ചോദ്യം ?. വർഷങ്ങൾ തന്നെ കടന്നുപോയി. നീതി വൈകുന്തോറും പെൺകുട്ടികൾക്കു നേരെയുള്ള ഭീഷണികളും കൂടുന്നു. അതിന് എന്താണൊരു പരിഹാരം ? എത്രയും പെട്ടെന്നു നീതി നടപ്പിലായാൽ അത്രയും നല്ലത്– അദ്ദേഹം പ്രതികരിച്ചു.

പൊതുസമൂഹത്തിൽനിന്നുള്ള സമ്മർദത്തെത്തുടർന്നാണു വിധി വന്നിരിക്കുന്നതെന്നും ഇത് അനീതിയാണെന്നുമാണ് പ്രതികളുടെ വക്കീലിന്റെ പ്രതികരണം. 

nirbhaya-mother

രാജ്യത്തെ നടുക്കിയ, ലോകത്തിനു മുന്നിൽ‌ ഇന്ത്യയെ നാണം കെടുത്തിയ സംഭവം നടന്നിട്ട് ആറുവർഷമായി. അതിനുശേഷവും രാജ്യത്തു പെൺകുട്ടികൾ പീഡിപ്പിക്കപ്പെടുന്നു. സമാനകുറ്റകൃത്യങ്ങൾ എത്രയോ നടക്കുന്നു. കുറ്റങ്ങളെ നിയന്ത്രിക്കുന്നതിൽ നാം പരാജയപ്പെട്ടിരിക്കുന്നു. അതിനു തെളിവാണ് വീണ്ടും വീണ്ടുമുണ്ടാകുന്ന ഇരുണ്ട സംഭവങ്ങൾ– നിർഭയയുടെ അമ്മ വിശദമായി തന്നെ വിധിയോടു പ്രതികരിച്ചു. 

സുപ്രിം കോടതി വിധി നടപ്പാക്കാൻ എത്രയും പെട്ടെന്ന് പ്രശ്നത്തിൽ ഇടപെടണമന്ന് നിർഭയയുടെ പിതാവ് പ്രധാനമന്ത്രിയോടും അഭ്യർഥിച്ചു. നിർഭയ കേസിൽ വധശിക്ഷ ശരിവച്ച് സുപ്രീംകോടതി ഉത്തരവു നന്നത് കഴിഞ്ഞ വർഷം മേയ് മാസത്തിലായിരുന്നു.  കൊടുംക്രൂരവും വന്യവും പൈശാചികവുമായ രീതിയിൽ നടത്തിയ കുറ്റകൃത്യം സമൂഹ മനഃസാക്ഷിയെ ഒന്നാകെ ഞെട്ടിച്ചെന്നു ജസ്റ്റിസുമാരായ ദീപക് മിശ്ര, ആർ.ഭാനുമതി, അശോക് ഭൂഷൺ എന്നിവർ പറഞ്ഞു. കൂട്ടമാനഭംഗത്തിന് ഇരയായി കൊല്ലപ്പെട്ട പാരാ മെഡിക്കൽ വിദ്യാർഥിനിയുടെ മരണമൊഴിയും പൊലീസ് നടത്തിയ സാങ്കേതിക, ശാസ്ത്രീയ പരിശോധനകളും ശക്തമായ തെളിവുകളാണെന്നും കോടതി വിലയിരുത്തി. പീഡനത്തിന് ഇരയായ പെൺകുട്ടിയെ പ്രതികൾ ഒരു വിനോദോപാധിയായി മാത്രമാണു പരിഗണിച്ചതെന്നും അന്നു കോടതി നിരീക്ഷിച്ചിരുന്നു.

മുകേഷ് (29), പവൻ (22), വിനയ് ശർമ (23), അക്ഷയ് കുമാർ സിങ് (31) എന്നിവർക്കാണു വധശിക്ഷ. 2012 ഡിസംബർ 16നു രാത്രിയിൽ, മുനീർക്കയിൽ ദ്വാരകയ്ക്ക് അടുത്തുള്ള മഹാവീർ എൻക്ലേവിലേക്കു ബസിൽ പോയ ഫിസിയോതെറപ്പി വിദ്യാർഥിനിയാണു കൊടുംക്രൂരതയ്ക്ക് ഇരയായത്. സഫ്ദർജങ് ആശുപത്രിയിൽ ചികിത്സയ്ക്കു ശേഷം സിംഗപ്പൂരിലേക്കു മാറ്റി. ഡിസംബർ 29ന് എലിസബത്ത് ആശുപത്രിയിൽ മരണത്തിനു കീഴടങ്ങി. ഒന്നാംപ്രതി റാം സിങ് 2013 മാർച്ചിൽ തിഹാർ ജയിലിൽ ജീവനൊടുക്കിയതിനാൽ കേസിൽ നിന്ന് ഒഴിവാക്കി. പ്രായപൂർത്തിയാകാത്ത മറ്റൊരു പ്രതിയെ ശിക്ഷാ കാലാവധിക്കു ശേഷം വിട്ടയയ്ക്കുകയും ചെയ്തു.

nirbhaya-mother

തങ്ങൾക്കിനി ഉറങ്ങാൻ കഴിയുമെന്നാണ് കൊല്ലപ്പെട്ട പെൺകുട്ടിയുടെ മാതാപിതാക്കൾ അന്നു പ്രതികരിച്ചത്. പക്ഷേ പുനഃപരിശോധനാ ഹർജിയുടെ വിധി വരാൻ വീണ്ടും കാത്തിരിക്കേണ്ടി വന്നത് ഒരുവർഷം .ഇപ്പോഴിതാ മകൾ നഷ്ടപ്പെട്ട മാതാപിതാക്കൾക്കും, രാജ്യത്തിനുതന്നെയും ആശ്വാസമായി പുനഃപരിശോധനാ ഹർജിയിലെ വിധിയും വന്നിരിക്കുന്നു.