സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി ക്ലാസ് മുറികളില്‍ നിരീക്ഷണ ക്യാമറകള്‍ക്കു വിലക്ക്. ഹയർ സെക്കന്‍ഡറി ഡയറക്ടറാണ് വിലക്ക് ഏർപ്പെടുത്തിയത്. ലംഘിക്കുന്നവർക്ക് എതിരെ കർശന നടപടിയെന്നും ഡയറക്ടർ വ്യക്തമാക്കി. എന്നാൽ ഈ വിലക്ക് നേരത്തെ തന്നെ നിലവിലുണ്ടായിരുന്നു. നിയമം നിലനിൽക്കുമ്പോൾ തന്നെ നഗ്നമായ നിയമലംഘനം നടത്തിയിരിക്കുകയാണ് തിരുവനന്തപുരം ചിറയിന്‍കീഴ് ശാര്‍ക്കര എസ്എസ്‌വിജിഎച്ച്എസ്എസിലെ മാനേജ്മെന്റ് അധികൃതർ.
പെൺകുട്ടികൾ സ്കൂളിലെ നാലുചുവരുകൾക്കുള്ളിൽ സുരക്ഷിതരാണെന്നു കരുതിയ രക്ഷിതാക്കളിൽ പലരും ഞെട്ടലോടെയാണ് ആ വാട്‌സാപ്പ് വിഡിയോ കണ്ടത്. പെൺകുട്ടികൾ മാത്രം പഠിക്കുന്ന സ്കൂളിലെ ക്ലാസ്റൂമിൽ സ്ഥാപിച്ചിരിക്കുന്ന സിസിടിവി ക്യാമറയിലെ ദൃശ്യങ്ങൾ സ്വകാര്യ മുറിയിലിരുന്ന് മോണിറ്റർ ചെയ്യുന്ന ചെറുപ്പക്കാർ. ഇത് ചോദ്യം ചെയ്തെത്തുന്ന കെഎസ്ടിഎ പ്രവര്‍ത്തകര്‍. സംഭവം കലുഷിതമാണ്. വിലക്കുകൾ ലംഘിച്ച് ക്ലാസ് മുറികളിൽ ക്യാമറയെന്നു മാത്രമല്ല, മാനേജരുടെ റൂമിൽ ചൂഴ്ന്നുള്ള നിരീക്ഷണവും. മാനേജരുടെ ഡ്രൈവറും കൂട്ടാളിയും ചേർന്ന് സിസിടിവി ദൃശ്യങ്ങൾ കണ്ടാസ്വദിക്കുന്നു.
പെൺകുട്ടികൾ മാത്രം പഠിക്കുന്ന സ്കൂളിൽ കുട്ടികളുടെ സ്വകാര്യതയ്ക്കും സുരക്ഷിതത്വത്തിനും ഇത്രയും പ്രാധാന്യമേ നൽകുന്നുള്ളോ എന്ന ചോദ്യത്തോടെയാണ് വിഡിയോ പ്രചരിക്കുന്നത്. സിസിടിവി ക്ലാസ്മുറിയിൽ പാടില്ല എന്ന് മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവ് ലംഘിച്ചുകൊണ്ടും പിടിഎയുടെ എതിർപ്പ് വകവെയ്ക്കാതെയും പ്രിൻസിപ്പൽ നൽകിയ രേഖാമൂലമുള്ള പരാതിയെ അവഗണിച്ചുകൊണ്ടുമാണ് സ്കൂൾ മാനേജർ സിസിടിവി സ്ഥാപിച്ചതെന്നും കെഎസ്ടിഎ പ്രവർത്തകർ ആരോപിക്കുന്നു. രേഖാമൂലം പരാതി നൽകിയിട്ടു പോലും പൊലീസോ മറ്റ് അധികൃതരോ നടപടിയെടുക്കുന്നില്ല.
മാനേജരുടെ ഡ്രൈവറും കൂട്ടാളിയും ചേർന്ന് സ്വകാര്യമുറിയിൽ സിസിടിവി ദൃശ്യങ്ങൾ കണ്ടാസ്വദിക്കുന്നതിന്റെ ദൃശ്യങ്ങൾ കെഎസ്ടിഎ പ്രവര്‍ത്തകര്‍ തന്നെയാണ് പുറത്തുവിട്ടത്. യുവാക്കളുടെ പ്രവൃത്തിയെ ഇവര്‍ ചോദ്യം ചെയ്തതോടെ മാനേജർ പൊലീസിൽ അറിയിക്കുകയും പൊലീസ് സ്ഥലത്തെത്തുകയും ചെയ്തു.
താൻ നേരത്തെ തന്നെ പരാതിപ്പെട്ടിരുന്നെങ്കിലും ഇതുവരെയും ഒരു നടപടിയും എടുത്തില്ലെന്നാണ് വനിതാ പ്രിൻസിപ്പലിന്റെ ഭാഷ്യം. അധ്യാപകരെ വരെ സിസിടിവിയിലൂടെ നിരീക്ഷിക്കുന്ന മാനേജരുടെ നടപടിക്കെതിരെയുള്ള പരാതി പൊലീസ് ചെവിക്കൊണ്ടില്ലെന്നും പ്രിൻസിപ്പൽ പറയുന്നു. പരാതി കൊടുത്ത താൻ നാണം കെട്ടെന്നും അധ്യാപിക വ്യക്തമാക്കി. എന്തായാലും പ്രശ്നം വഷളായപ്പോൾ ക്ലാസിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകൾ അപ്രത്യക്ഷമായി. സംഭവത്തിനെതിരെ പ്രതിഷേധവുമായെത്തിയ വിദ്യാർഥി സംഘടനാ പ്രവർത്തകരെ പൊലീസിനെ വിളിച്ചുവരുത്തി തുരുത്താൻ ശ്രമിച്ചത് വാക്കുതർക്കത്തിനും കാരണമായി.