ഡൽഹി∙ മോഷണശ്രമം ചെറുത്തുതോൽപ്പിച്ച യുവതി രാജ്യതലസ്ഥാനത്തു താരമായി. കവർച്ചക്കാരനെ പൊലീസിൽ ഏൽപ്പിച്ച് നിയമത്തിന്റെ കരങ്ങൾക്കു ശക്തി പകരാനും യുവതിക്കു കഴിഞ്ഞു. ഭയപ്പെടുകയും നിലവിളിക്കുകയും ഓടിയൊളിക്കുകയും ചെയ്യുന്ന സ്ത്രീകൾക്കിടയിൽ വ്യത്യസ്തയായിരിക്കുകയാണ് പേരു വെളിപ്പെടുത്താത്ത യുവതി.
ബാഗ് കവർന്ന് വിലപിടിപ്പുള്ള വസ്തുക്കൾ കൊള്ളയടിക്കാൻ ശ്രമിച്ച യുവാവിനെയാണു യുവതി കയ്യോടെ പിടിച്ചത്. കിഴക്കൻ ഡൽഹിയിലെ പാണ്ഡവ് നഗർ പ്രദേശത്താണു സംഭവം. മോഷണശ്രമം ചെറുത്തതിനൊപ്പം മോഷ്ടാവിനെ കീഴ്പ്പെടുത്തിയ യുവതി അയാളെ പൊലീസിൽ ഏൽപിക്കുകയും ചെയ്തു.
ത്രിലോക്പുരി സ്വദേശി മനീഷ് കുമാർ എന്നയാളാണു യുവതിയുടെ കൈക്കരുത്തിനു മുന്നിൽ പരാജയപ്പെട്ട് അഴിയെണ്ണുന്നത്. ഒമ്പതാം ക്ലാസുവരെ മാത്രം പഠിച്ചിട്ടുള്ള മനീഷ് മദ്യത്തിനും ലഹരിമരുന്നിനും അടിമയാണെന്നു പൊലീസ് പറയുന്നു. മുൻപും സമാന കുറ്റകൃത്യങ്ങൾ അയാൾ ചെയ്തിട്ടുണ്ടത്രേ.
അപ്പോഴൊക്കെ രക്ഷപ്പെട്ടെങ്കിലും ഇത്തവണ മനസാന്നിധ്യം വിടാതെ പ്രവർത്തിച്ച യുവതിക്കുമുന്നിൽ മനീഷിന് അടിയറവു പറയേണ്ടിവന്നു. സഹായത്തിനു മറ്റുള്ളവർക്കായി കാത്തുനിൽക്കുന്നതിനു പകരം ധീരമായി മുന്നിട്ടിറങ്ങാനും സ്ത്രീകൾക്കു കഴിയണം എന്ന പാഠമാണു ഡൽഹിയിലെ യുവതി പകരുന്നത്.