Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

''ഞാൻ നവാസ് ഷെരീഫിന്റെ മകൾ, ബേനസീറുമായി താരതമ്യം വേണ്ട''

Maryam-Nawaz-1.jpg.image.784.410

‘ഉമ്മ വെന്‍റിലേറ്ററിലാണ്, ഏതു നിമിഷവും എന്തും സംഭവിക്കാം, ഈ സമയം തടവറയിലേക്കു പോകുകയെന്ന് ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ തീരുമാനങ്ങളിലൊന്നാണ്. ഇത്തരം ഒരു സന്ദർഭത്തിൽ ഉമ്മയെ വിട്ടുപോകുന്നത് ദുഃഖകരമാണ്. പക്ഷേ ഇതു രാഷ്ട്രത്തോടുള്ള കടമയാണ്. പ്രധാനപ്പെട്ട ഈ യാത്ര ഞങ്ങൾ ചെയ്തേ പറ്റൂ’ - അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ടതിനു ശേഷം ലണ്ടനിൽനിന്നു പാക്കിസ്ഥാനിലേക്കുള്ള മടക്കയാത്രയ്ക്കു മുമ്പ് പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിന്‍റെ മകൾ മറിയം നവാസിന്‍റെ വാക്കുകളായിരുന്നു ഇത്. പ്രതീക്ഷിച്ച പോലെ ലഹോർ വിമാനത്താവളത്തിൽ വച്ച് നവാസ് ഷരീഫിനെയും മറിയത്തെയും അറസ്റ്റ് ചെയ്തു. ഇതേ കേസിൽ ഒരു വർഷത്തെ തടവിനു ശിക്ഷിക്കപ്പെട്ട മറിയത്തിന്റെ ഭര്‍ത്താവ് ക്യാപ്റ്റന്‍ (റിട്ട) മുഹമ്മദ് സഫ്ദറിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. കലുഷിതമായ പാക്കിസ്ഥാൻ രാഷ്ട്രീയത്തിൽ, രാജ്യത്തേക്കുള്ള നവാസിന്‍റെയും മറിയത്തിന്‍റെയും ഈ മടങ്ങിവരവ് ഏതു രീതിയിൽ പ്രതിഫലിക്കും എന്നറിയാൻ അടുത്താഴ്ച നടക്കുന്ന പൊതുതിരഞ്ഞെടുപ്പു വരെ കാത്തിരിക്കേണ്ടി വരും.

അനിശ്ചിതത്വങ്ങളുടെ വിളനിലമായ പാക്കിസ്ഥാൻ രാഷ്ട്രീയ ഭൂമികയിൽ ഇത് 2007 ന്‍റെ തനിയാവർത്തനമാണ്. രണ്ടുതവണ പ്രധാനമന്ത്രിയായിരുന്ന ബേനസീർ ഭൂട്ടോയായിരുന്നു അന്ന് ദുബായിൽ നിന്നു നീണ്ടകാലത്തിനു ശേഷം സ്വന്തം മണ്ണിൽ തിരിച്ചെത്തിയത്. ബേനസീറിന്‍റെയും മറിയത്തിന്‍റെയും മടങ്ങിവരവിൽ സമാനതകളേറെയുണ്ട്. അഴിമതി ആരോപണങ്ങളിൽ കുടുങ്ങി നിൽക്കുകയായിരുന്നു അന്ന് ബേനസീർ. ഭർത്താവ് ആസിഫ് അലി സർദാരി ആകട്ടെ ജയിലിലും. തന്‍റെ പിതാവിനു നേരിടേണ്ടി വന്ന യാതനകൾ കണ്ടറിഞ്ഞ ബേനസീറിന്, രാഷ്ട്രീയം ഇതിനെല്ലാം പകവീട്ടാനുള്ള ഒരിടം കൂടിയായിരുന്നു. സുൾഫിക്കർ അലി ഭൂട്ടോയുടെ പാരമ്പര്യം കാത്തുസൂക്ഷിക്കാനിറങ്ങിയ ബേനസീറിന്‍റെ അതേ വിശേഷണങ്ങൾ നവാസ് ഷരീഫിന്‍റെ പിൻഗാമിയായി ഇറങ്ങുന്ന മറിയത്തിനും ചേരും. മടങ്ങിവരവിനു ശേഷം ഒരു കൊലപാതക ശ്രമത്തെ അതിജീവിച്ച ബേനസീറിന് മറ്റൊരു ശ്രമത്തെ അതിജീവിക്കാനായില്ല – റോഡ് ഷോ നടത്തുന്നതിനിടെ തെരുവിൽ ആ ജീവിതം അവസാനിക്കുകയായിരുന്നു.

ബേനസീറും മറിയവും തമ്മിലുള്ള താരതമ്യങ്ങൾ ഇതിനോടകം ശ്രദ്ധയാകർഷിച്ചു കഴിഞ്ഞതാണ്. ഇത്തരം താരതമ്യങ്ങളിലുള്ള തന്‍റെ വിയോജിപ്പ് മറിയം വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. താൻ നവാസ് ഷരീഫിന്‍റെ മകളാണെന്നും ബേനസീറിനോട് ഇഷ്ടമാണെങ്കിലും താരതമ്യത്തിൽ കാര്യമില്ലെന്നുമായിരുന്നു മറിയത്തിന്‍റെ വാക്കുകൾ. സുൾഫിക്കർ അലി ഭൂട്ടോയുടെ നാലു മക്കളിലൊരാളായ ബേനസീര്‍ 25 ാം വയസ്സിലാണ് പാക്കിസ്ഥാൻ രാഷ്ട്രീയത്തിൽ അരങ്ങേറ്റം കുറിച്ചത്. പാക്കിസ്ഥാന്‍റെ രാഷ്ട്രീയ ചരിത്രത്തിൽ ഭുട്ടോ കുടുംബത്തോളം യാതനകളിലൂടെ കടന്നുപോയ മറ്റൊരു കുടുംബം ഉണ്ടായിട്ടില്ല. 1977ൽ പട്ടാള അട്ടിമറിയോടെ ഭരണം നഷ്ടപ്പെട്ട സുൾഫിക്കർ അലി ഭൂട്ടോയെ 1979 ഏപ്രിലിലാണ് സിയ ഭരണകൂടം തൂക്കിലേറ്റിയത്. ബേനസീർ ഭൂട്ടോയും മാതാവും ഇതോടെ അറസ്റ്റിലായി. പിന്നീട് വിട്ടയയ്ക്കപ്പെട്ടെങ്കിലും 1980 ഏപ്രിലിലാണ് ഇവർ മോചിതരായത്. 77 ൽ പാക്കിസ്ഥാൻ പീപ്പിള്‍സ് പാർട്ടിയുടെ സെൻട്രൽ‌ കമ്മിറ്റിയിലെത്തിയ ബേനസീർ പിതാവിന്‍റെ മരണത്തോടെ നേതൃസ്ഥാനം ഏറ്റെടുക്കുകയായിരുന്നു.

ജനറൽ സിയാ ഉൾ–ഹഖുമായുള്ള നിരന്തര പോരാട്ടങ്ങളാണ് ബേനസീറിനെ ശ്രദ്ധേയയാക്കിയത്. 1986 ൽ സിയാ ഉൾ–ഹഖിന്‍റെ ഭരണകാലത്തു തന്നെ പാക്കിസ്ഥാനിലേക്കു മടങ്ങിയെത്താനുള്ള ബേനസീറിന്‍റെ തീരുമാനം ഏറെ നിർണായകമായിരുന്നു. ഒരു മുസ്‍ലിം രാഷ്ട്രത്തിലെ ആദ്യ വനിതാ പ്രധാനമന്ത്രിയും ഏഷ്യയിലെ പ്രായം കുറഞ്ഞ പ്രധാനമന്ത്രിയുമായി ബേനസീർ മാറിയത് ആ തിരിച്ചു വരവിലൂടെയാണ്. ധീരമായ തീരുമാനമെന്നാണ് അന്ന് അതു വാഴ്ത്തപ്പെട്ടത്. വർഷങ്ങൾക്കു ശേഷം, പർവേസ് മുഷറഫിന്‍റെ ഭരണകാലത്തു തിരിച്ചുവരാനുള്ള തീരുമാനം ആ ജീവൻ കവർന്നു.

Nawaz-Sharif-Maryam-Nawaz.jpg.image.784.410

രാഷ്ട്രീയത്തിൽ താരമ്യേന പുതുമുഖമായ മറിയത്തിന്‍റെ ഓരോ നീക്കവും ബേനസീറുമായി താരതമ്യം ചെയ്യപ്പെടുക തികച്ചും സ്വാഭാവികമാണ്. പൊതുപരിപാടികളില്‍ മറിയത്തിന്‍റെ രീതികൾ ബേനസീറിനെ അനുസ്മരിപ്പിക്കുന്നതാണെന്ന് പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. രാഷ്ട്രീയ കളരിയിലെ പാഠങ്ങൾ അതിവേഗം പഠിച്ചു മുന്നേറുന്ന മറിയം വ്യത്യസ്തയാകാനുള്ള ശ്രമത്തിലാണ്. തന്‍റെ രാഷ്ട്രീയ ജീവിതത്തിൽ അവർ നേരിടുന്ന ആദ്യ വെല്ലുവിളിയാണ് അഴിമതി ആരോപണങ്ങളെ തുടർന്നുള്ള ഈ അറസ്റ്റും ജയിൽ വാസവും; ഒരു തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ പ്രത്യേകിച്ചും. ജയിലിലേക്കാണെന്ന് ഉറപ്പായിട്ടും പാക്കിസ്ഥാനിലേക്കുള്ള ഈ മടങ്ങിവരവ് 1986 ലെ ബേനസീറിന്‍റെ ധീരമായ തീരുമാനത്തിനു സമമാകുമോ എന്നാകും ഇനി രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്.