കേൾവിശക്തിയില്ലാത്ത 11 വയസ്സുകാരിയെയാണ് തുടർച്ചയായി ആറുമാസക്കാലം 15 പേർ ചേർന്ന് ക്രൂരമായി പീഡിപ്പിച്ചത്. ചിലപ്പോഴൊക്കെ കൂട്ട മാനഭംഗത്തിനും വിധേയയായിട്ടുണ്ടെന്ന് പെൺകുട്ടിയുടെ വെളിപ്പെടുത്തൽ.
ചെന്നൈയിലാണ് സംഭവം. ഏഴാംക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടി മുതിർന്ന സഹോദരിയോടാണ് കാര്യങ്ങൾ വെളിപ്പെടുത്തിയത്. തനിക്ക് അതിഭയങ്കരമായ വയറുവേദനയാണെന്നും തന്നെ ചിലർ ലൈംഗികമായി ദുരുപയോഗം ചെയ്തിട്ടുണ്ടെന്നും അവൾ സഹോദരിയോടു പറഞ്ഞു. സഹോദരി അച്ഛനമ്മമാരെ വിവരങ്ങൾ ധരിപ്പിക്കുകയും അവർ പൊലീസിൽ പരാതി നൽകുകയും ചെയ്തു. ജൂലൈ 13നാണ് ഇത് സംബന്ധിച്ച വാർത്തകൾ പുറത്തുവന്നത്.
മാതാപിതാക്കളുടെ പരാതിയെത്തുടർന്ന് അവർ താമസിക്കുന്ന അപ്പാർട്ട്മെന്റിൽ ജോലി ചെയ്ത 18 പുരുഷന്മാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മൂന്നുപേർ കുറ്റസമ്മതം നടത്തിയെന്നും ബാക്കിയുള്ളവരുടെ പങ്കിനെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു. ജനുവരി 15 മുതൽ പീഡനത്തിന് വിധേയായിക്കൊണ്ടിരിക്കുകയായിരുന്നു എന്നാണ് പെൺകുട്ടി അമ്മയോട് പറഞ്ഞത്. 66 വയസ്സുകാരനായ രവി എന്ന ലിഫ്റ്റ് ഓപ്പറേറ്റർ അപ്പാർട്ട്മെന്റിലെ ആൾത്താമസമില്ലാത്തയിടത്തുകൊണ്ടു പോയി ഉപദ്രവിക്കുകയായിരുന്നുവെന്നും ആ സംഭവത്തിനു ശേഷം അയാൾ മറ്റു രണ്ടുപേരെയും കൂട്ടിയെത്തിയെന്നും അവർ ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങൾ പകർത്തുകയും അതു കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും അവർ വിളിക്കുമ്പോഴെല്ലാം ചെല്ലണമെന്ന് താക്കീതു നൽകിയതായും അവരെല്ലാവരും തന്നെ മദ്യവും മയക്കുമരുന്നും ഉപയോഗിച്ചിരുന്നതായും പെൺകുട്ടിയെ ഉദ്ധരിച്ചുകൊണ്ട് പൊലീസ് പറയുന്നു.
അപ്പാർട്ട്മെന്റിലെ ആൾപാർപ്പില്ലാത്ത മുറികളിലും, ശൗചാലയത്തിലും ടെറസിലും ജിമ്മിലുമൊക്കെ വെച്ചാണ് മകളെ അവർ മാനഭംഗം ചെയ്തതെന്നും അവളുടെ കഴുത്തിൽ ബെൽറ്റ് മുറുക്കിയും കണ്ണുകൾ മൂടിക്കെട്ടിയുമാണ് അവളെ അവർ ഉപദ്രവിച്ചതെന്നുമാണ് പരാതിയിൽ അമ്മ പറയുന്നത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ. പെൺകുട്ടി സ്കൂളിൽ നിന്ന് അപ്പാർട്ട്മെന്റിൽ തിരിച്ചെത്തുന്ന സമയെ നോക്കി പുരുഷന്മാർ ഗേറ്റിനരികിൽ കാത്തുനിൽക്കും. ശേഷം അപ്പാർട്ട്മെന്റിലെ ആളൊഴിഞ്ഞ മുറികളിലും ശുചിമുറികളിലും കൊണ്ടുപോയി പീഡിപ്പിക്കും. അപ്പാർട്ട്മെന്റിന്റെ പ്രവേശന കവാടത്തിൽ മാത്രമേ സിസിടിവിയുള്ളൂ. അതു മനസ്സിലാക്കിയാണ് പ്രതികൾ കാര്യങ്ങൾ പ്ലാൻ ചെയ്തത്.
ഇലക്ട്രിക് ഷോപ്പ് നടത്തുന്ന പെൺകുട്ടിയുടെ അച്ഛൻ അതിരാവിലെ വീട്ടിൽ നിന്നു പോകും. പെൺകുട്ടിയുടെ മുതിർന്ന സഹോദരി ദൂരെയുള്ള സ്വകാര്യ കോളജിലാണ് പഠിക്കുന്നത്. വീട്ടമ്മയാണ് പെൺകുട്ടിയുടെ അമ്മ. കുട്ടി കളിക്കാൻ പോകുന്നതുകൊണ്ടാണ് വീട്ടിൽ വരാൻവൈകുന്നതെന്നായിരുന്നു സംഭവം അറിയുന്നതുവരെ അമ്മ ചിന്തിച്ചിരുന്നത്. 30 വർഷം മുമ്പാണ് ഡൽഹിയിൽ നിന്ന് പെൺകുട്ടിയും കുടുംബവും ചെന്നൈ നഗരത്തിലെത്തിയത്. 300 കുടുംബങ്ങളുള്ള കമ്മ്യൂണിറ്റിയിലായിരുന്നു അവരുടെ താമസം. കനത്ത സുരക്ഷയുള്ള അപ്പാർട്ട്മെന്റിൽ ഇങ്ങനെയൊരു ദുരന്തം നടക്കുമെന്ന് ആരും ചിന്തിച്ചിരുന്നില്ല. സെക്യൂരിറ്റി ഗാർഡായി ജോലിചെയ്യുന്നവർ വരെ കുറ്റകൃത്യത്തിൽ പങ്കാളിയായതാണ് ആർക്കും ഒരു സംശയത്തിനു പോലും ഇടനൽകാഞ്ഞത്.
കുട്ടിയെ ഞായറാഴ്ച മെഡിക്കൽ പരിശോധനയ്ക്ക് വിധേയയാക്കുകയും തിങ്കളാഴ്ച മഹിളാകോർട്ട് കുട്ടിയുടെ മൊഴിയെടുക്കുകയും ചെയ്തു. രണ്ടു സ്വകാര്യ കമ്പനിയിൽ നിന്നുള്ള ജോലിക്കാരാണ് ഹൗസ്കീപ്പിങ് സെക്ഷനിലും സെക്യൂരിറ്റി സെക്ഷനിലുമായി അപ്പാർട്ട്മെന്റിൽ ജോലി ചെയ്യുന്നത്. പംബ്ലർ, സെക്യൂരിറ്റി സ്റ്റാഫ്, ഹൗസ്കീപ്പിങ് സ്റ്റാഫ് എന്നീ മേഖലയിൽ ജോലിചെയ്യുന്ന 18 പേരാണ് ഇപ്പോൾ പൊലീസ് കസ്റ്റഡിയിലുള്ളത് .23 മുതൽ 66 വരെ പ്രായമുള്ള പുരുഷന്മാരാണ് അറസ്റ്റിലായതെന്നാണ് പൊലീസ് പറയുന്നത്.
ജൂൺ 11 ന് സമാനമായ ഒരു സംഭവം തരുവള്ളൂരിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും 10–ാം ക്ലാസ് വിദ്യാർഥിനിയെ തുടർച്ചയായി കൂട്ടമാനഭംഗം ചെയ്ത കേസിൽ 7 പേരെയാണ് അറസ്റ്റ് ചെയ്തതെന്നും പൊലീസ് പറയുന്നു.