രണ്ടുവർഷമായി സ്ത്രീ ആയി ജീവിച്ച ട്രാൻസ്ജെൻഡറിനെതിരെയാണ് സഹതടവുകാർ പരാതി നൽകിയത്. തങ്ങളിൽ നാലുപേരെ ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്നാണ് അവർ ജയിലധികൃതർക്കു നൽകിയ പരാതി. വെസ്റ്റ് യോർക്ക്ഷെയറിലാണ് സംഭവം.
സഹതടവുകാരായ നാലു സ്ത്രീകൾ നൽകിയ പരാതിയെത്തുടർന്ന് ട്രാൻസ്ജെൻഡർ വ്യക്തിയെ പുരുഷന്മാരുടെ ബി കാറ്റഗറി ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്. അശ്ലീല കമന്റുകൾ പറഞ്ഞും ലൈംഗികമായി ദുരുപയോഗം ചെയ്യാൻ ശ്രമിച്ചുമാണ് ട്രാൻസ്ജെൻഡർ വ്യക്തി തങ്ങളെ ഉപദ്രവിച്ചതെന്നാണ് വനിതാ തടവുകാരുടെ പരാതി.
റീ അസൈൻമെന്റ് സർജറിക്കു മുമ്പ് ട്രാൻസ്ജെൻഡർ ആയ ഒരാളെ വനിതാ തടവറയിലേക്ക് അയച്ചതിനു പിന്നിലെ കാരണത്തെക്കുറിച്ചാണ് ഇപ്പോൾ അന്വേഷിച്ചുകൊണ്ടിരിക്കുന്നത്.ട്രാൻസ്ജെൻഡർ ആയ ഒരു കുറ്റവാളിയെ വനിതാ ജയിലിലേയ്ക്കയക്കണോ പുരുഷന്മാരുടെ ജയിലിലേയ്ക്ക് അയക്കണോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് ജഡ്ജിയാണ്. സ്ത്രീയായി മാറാനുള്ള ശസ്ത്രക്രിയ ചെയ്ത ശേഷം രണ്ടു വർഷം സ്ത്രീയായി ജീവിച്ച ട്രാൻസ് കുറ്റവാളികളേ മാത്രമേ വനിതാ ജയിലിലേക്ക് സാധാരണ അയയ്ക്കാറുള്ളൂ. പക്ഷേ ഇപ്പോൾ കുറ്റാരോപിതനായ വ്യക്തി റീ അസൈൻമെന്റ് സർജറി ചെയ്തിട്ടില്ല. അങ്ങനെയൊരാൾ വനിതാ ജയിലിലെത്തിയത് എങ്ങനെയെന്നാണ് ഇപ്പോൾ അന്വേഷിക്കുന്നത്.
മറ്റു തടവുകാരെ അപേക്ഷിച്ച് ട്രാൻസ് തടവുകാർക്ക് ജയിലുകളിൽ കൂടുതൽ സ്വാതന്ത്ര്യവും സ്വകാര്യതയും ലഭിക്കുന്നുണ്ട്. വസ്ത്രത്തിന്റെ കാര്യത്തിലും ശുചിമുറിയുടെ കാര്യത്തിലുമൊക്കെ ഇവർക്ക് പ്രത്യേക സൗകര്യങ്ങൾ ജയിലിൽ ലഭിക്കുന്നുണ്ട്.അടുത്തിടെ പുറത്തുവന്ന കണക്കനുസരിച്ച് ഇംഗ്ലണ്ടിൽ 125 ഓളം ട്രാൻസ്തടവുകാരാണ് ഇംഗ്ലണ്ടിലുള്ളത്.