വീട്ടിൽ മരണമുണ്ടായാൽ സ്ത്രീകൾ മൃതശരീരത്തിനടുത്തിരുന്ന് നിർത്താതെ കരയും കുടുംബത്തിലെ പുരുഷന്മാർ മരണാനന്തരകർമ്മത്തിനുള്ള ഒരുക്കത്തിലായിരിക്കും അപ്പോൾ. വർഷങ്ങളായി പന്തുടരുന്ന ഈ ആചാരത്തെ ലംഘിച്ചിരിക്കുകയാണ് ഒരു മകൾ. അവൾക്കു കൂട്ടായി സഹോദര ഭാര്യമാരുമുണ്ട്.
വാരണാസിയിലാണ് സംഭവം. പുഷ്പവതി എന്ന സ്ത്രീയാണ് സഹോദരന്മാരോടൊപ്പം അമ്മയുടെ മരണാനന്തരകർമ്മത്തിൽ പങ്കാളിയായത്. ബന്ധുക്കളുടെയും നാട്ടുകാരുടെയും എതിർപ്പിനെ അവഗണിച്ചുകൊണ്ടാണ് അമ്മയുടെ ആഗ്രഹം അവർ സഫലമാക്കിയത്. 20 വർഷം മുമ്പ് പുഷ്പവതിയുടെ അച്ഛൻ മരിച്ചു. അന്ന് പുഷ്പവതിയുടെ അമ്മ സന്തോറദേവി മകളോട് ഒരു ആഗ്രഹം പറഞ്ഞു. താൻ മരിക്കുമ്പോൾ മരണാനന്തരകർമ്മം മകൾ ചെയ്യണം. ഇരുപത് വർഷം മുമ്പ് അമ്മയ്ക്കുകൊടുത്ത വാക്കാണ് അവർ പാലിച്ചത്.
അമ്മയുടെ മരണാനന്തരകർമ്മങ്ങൾ ചെയ്യാൻ തയാറായ പുഷ്പവതിയെ പലരും പിന്തിരിപ്പിക്കുവാൻ ശ്രമിച്ചു. മൃതശരീരം ചുമക്കുന്നതും അന്ത്യകർമ്മങ്ങൾ ചെയ്യുന്നതുമൊന്നും സ്ത്രീകളുടെ ജോലിയല്ലെന്നായിരുന്നു അവരുടെ പക്ഷം. എന്നാൽ വിമർശകരുടെ വാക്കുകൾ ചെവിക്കൊള്ളാൻ പുഷ്പവതി തയാറായില്ല. സഹോദരന്മാരായ ബാബുലാലിനും തൃഭുവന്നിനുമൊപ്പം അമ്മയുടെ മരണാനന്തരക്രിയകളിൽ പങ്കാളിയായി.
അമ്മയുടെ ആഗ്രഹം സഫലമാക്കാൻ മകൾ ഇത്രയുമൊക്കെ കഷ്ടപ്പെടുമ്പോൾ എങ്ങനെ മരുമക്കൾക്ക് മാറിനിൽക്കാനാകും ബാബുലാലിന്റെയും തൃഭുവന്നിന്റെയും ഭാര്യമാരും പുഷ്പവതിയ്ക്കൊപ്പം കൂടിയതോടെ സന്തോറദേവിയുടെ മരണാനന്തച്ചടങ്ങുകൾ ഭംഗിയായി നടന്നു. സഹോദരിയെക്കുറിച്ച് അഭിമാനം തോന്നുന്നുവെന്നു പറഞ്ഞുകൊണ്ടാണ് ബാബുലാലും തൃഭുവന്നും പുഷ്പവതിയെ പിന്തുണച്ചത്.
അമ്മയുടെ അവസാന ആഗ്രഹം നിറവേറ്റുന്നതിന് മുമ്പ് അമ്മയുടെ മറ്റൊരു ആഗ്രഹവും സഫലമാക്കാൻ ആ മക്കൾ മറന്നില്ല. അമ്മയുടെ ആഗ്രഹപ്രകാരം മരണശേഷം അമ്മയുടെ കണ്ണുകൾ ദാനം ചെയ്യാനുള്ള നടപടിക്രമങ്ങളും അവർ പൂർത്തിയാക്കിയിരുന്നു.