Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗർഭിണികൾക്ക് വയാഗ്ര നൽകി; 11 കുഞ്ഞുങ്ങൾ മരിച്ചു

x-default പ്രതീകാത്മക ചിത്രം.

നെതർലൻഡ്സിൽ വയാഗ്രയ്ക്കു സമാനമായ മരുന്നു സ്വീകരിച്ച ഗർഭിണികളായ യുവതികളുടെ 11 കുട്ടികൾ അപ്രതീക്ഷിതമായി മരിച്ചതോടെ മരുന്നു പരീക്ഷണത്തിന് അപ്രതീക്ഷിത അവസാനം; ഫലത്തിനുവേണ്ടി ആകാംക്ഷയോടെ കാത്തിരുന്ന ആയിരക്കണക്കിനു യുവതികളുടെ കാത്തിരിപ്പും വെറുതെയായി.  ഗർഭപാത്രത്തിലുള്ള കുട്ടികളുടെ വളർച്ചയെ ത്വരിതപ്പെടുത്തുമെന്ന പ്രതീക്ഷയിൽ കൊടുത്ത മരുന്നാണ് വിപരീത ഫലം ഉളവാക്കുകയും മരണത്തിൽ കലാശിക്കുകയും ചെയ്തത്.

ഗർഭപാത്രവൈകല്യങ്ങൾ മൂലം കുട്ടികൾ ജനിക്കാതിരുന്ന യുവതികൾക്കാണു മരുന്നു കൊടുത്തത്. നെതർലൻഡ്സിലെ 10 ആശുപത്രികളിലായിരുന്നു പരീക്ഷണം. പുരുഷൻമാരിലെ ഉദ്ധാരണശേഷിക്കുറവു പരിഹരിക്കാൻ നൽകുന്ന മരുന്നാണു വയാഗ്ര.ഉയർന്ന രത്കസമ്മർദമുളളവർക്കും ഡോക്ടർമാർ ഈ മരുന്ന് നിർദേശിക്കാറുണ്ട്. ആദ്യം എലികളിലാണു പരീക്ഷണം നടത്തിയത്. രക്തപ്രവാഹം വർധിക്കുകയും കുട്ടികളുടെ വളർച്ചയെ ത്വരിതപ്പെടുത്തുമെന്നും കണ്ടതിനെത്തുടർന്നാണ് മനുഷ്യരിലും മരുന്നു പരീക്ഷിക്കാൻ തീരുമാനിച്ചത്. 

ഗർഭധാരണ വൈകല്യങ്ങൾ മൂലം കുട്ടികൾ ജനിക്കാതിരുന്ന യുവതികളെയാണു പരീക്ഷണത്തിനു വിധേയമാക്കിയത്. മരുന്നു വിജയമെന്നു തെളിഞ്ഞിരുന്നെങ്കിൽ ആയിരക്കണക്കനു യുവതികൾക്കു പ്രതീക്ഷയും വൈദ്യശാസ്ത്രരംഗത്തിനു പുതിയ വെളിച്ചവുമാകുമായിരുന്നു. പരീക്ഷണത്തിനു വിധേയമായ യുവതികൾക്കു ജനിച്ച കുട്ടികളിൽ കൂടുതൽപേർക്കും ശ്വാസകോശ സംബന്ധമായ രോഗങ്ങൾ കണ്ടതിനെത്തുടർന്ന് മേൽനോട്ടം വഹിച്ച സ്വതന്ത്രകമ്മിറ്റി പരീക്ഷണം അവസാനിപ്പിക്കാൻ  കഴിഞ്ഞയാഴ്ച നിർദേശിക്കുകയായിരുന്നു. 

ആംസ്റ്റർഡാം യുണിവേഴ്സിറ്റി മെഡിക്കൽ സെന്ററിന്റെ മേൽനോട്ടത്തിലായിരുന്നു പരീക്ഷണം. 93 യുവതികൾക്കാണു മരുന്നു നൽകിയത്. 17 കുട്ടികളിൽ ശ്വാസകോശസംബന്ധമായ രോഗങ്ങൾ കണ്ടെത്തി. 11 കുട്ടികൾ മരിച്ചു. മറ്റ് എട്ടു കുട്ടികൾ കൂടി സമാനസാഹചര്യത്തിൽ മരിച്ചു. പതിനഞ്ചോളം യുവതികൾ തങ്ങളുടെ കുട്ടികൾക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടോ എന്നു നിരീക്ഷിക്കുന്നുണ്ട്. കുട്ടികളുടെ രക്തസമ്മർദം ഉയർന്നതാണു പരീക്ഷണം പരാജയപ്പെടാൻ കാരണമെന്നു വിലയിരുത്തപ്പെടുന്നു. പരീക്ഷണം നടപ്പാക്കിയതിൽ പിഴവുണ്ടായെന്ന സൂചനകളൊന്നും ഇതുവരെയില്ല. 

കുട്ടികൾ ജനിക്കാതിരുന്ന യുവതികൾക്ക് ആശ്വാസമാകുമെന്നായിരുന്നു ഞങ്ങളുടെ പ്രതീക്ഷ. പക്ഷേ പ്രതീക്ഷിക്കാത്തതാണു സംഭവിച്ചത്. ഞെട്ടലിൽനിന്നു ഞാൻ വിമുക്തനായിട്ടില്ല. രോഗികൾക്ക് എന്തെങ്കിലും അപകടം വരാൻ ഒരു ഡോക്ടർ ഒരിക്കലും ആഗ്രഹിക്കില്ലല്ലോ– പരീക്ഷണത്തിനു നേതൃത്വം കൊടുത്ത ഡോക്ടർ വെസ്സൽ ഗൺസേവൂർട് പറഞ്ഞു. കനാഡയിലും സമാനപരീക്ഷണം നടന്നിരുന്നു. പക്ഷേ അവരും ഇപ്പോൾ പാതിവഴിയിൽ നിർത്തിവച്ചിരിക്കുകയാണ് മരുന്നുപരീക്ഷണം. 2015 ലാണ് നെതർലൻഡ്സിൽ പരീക്ഷണം തുടങ്ങിയത്. 2020 വരെ തുടരാനായിരുന്നു പദ്ധതിയെങ്കിലും അപ്രതീക്ഷിത ദുരന്തത്തെത്തുടർന്ന് അകാലത്തിൽ അവസാനിപ്പിക്കേണ്ടിവന്നു. 

മറ്റു പല രാജ്യങ്ങളിലും ഗർഭിണികളായ യുവതികൾ കുട്ടികളുടെ വളർച്ചയെ സഹിയിക്കുമെന്ന പ്രതീക്ഷയിൽ വയാഗ്ര കഴിക്കാറുണ്ട്. പല യുവതികളും ഡോക്ടർമാരിൽനിന്നു മരുന്നു ചോദിച്ചുവാങ്ങാറുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.