Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നടിയുടെ തിരോധാനത്തിൽ ആശങ്ക; ജയിലിലാണെന്നും അഭ്യൂഹം

chinese-actress-01

അധികൃതരുടെ ‘വേണ്ടപ്പെട്ടവരുടെ’ ലിസ്റ്റിൽനിന്നു പുറത്തായ, ഹോളിവുഡ് സിനിമയിലുൾപ്പെടെ അഭിനിയിച്ച ചൈനീസ് നടിയുടെ തിരോധാനത്തിൽ ആശങ്ക. സാമൂഹിക ഉത്തരവാദിത്തത്തിൽ പൂജ്യം ശതമാനം മാത്രം മാർക്ക് ലഭിച്ച നടി തടവിലാണെന്ന സംശയവും ബലപ്പെട്ടു. 2014 ൽ പുറത്തിറങ്ങിയ എക്സ് മെൻ–ഡെയ്സ് ഓഫ് ഫ്യൂച്ചർ പാസ്റ്റ് എന്ന ഹോളിവുഡ് സിനിമയിൽ അഭിനയിച്ച ഫാൻ ബിങ്ബിങ്ങ് എന്ന നടിയെയാണു ദുരൂഹസാഹചര്യത്തിൽ കാണാതായിരിക്കുന്നത്. പ്രഫഷണൽ ജീവിതവും സാമൂഹിക സേവനങ്ങളും വ്യക്തിപരമായ സത്യസന്ധതയും വിലയിരുത്തി തയാറാക്കുന്ന 100 പ്രശസ്തരുടെ പട്ടികയിൽ ബിങ്ബിങ്ങിന് അവസാന സ്ഥാനം മാത്രമാണ് ലഭിച്ചതെന്ന് ചൈനീസ് സർക്കാരിന്റെ ഔദ്യോഗിക ദിനപത്രം പുറത്തുവിട്ട വാർത്തയിൽ പറയുന്നു. 

ബെയ്ജിങ് നോർമൽ സർവകലാശാലയിലെ വിദഗ്ധർ തയാറാക്കുന്ന 2017–18 കാലത്തെ ചൈന ഫിലിം ആൻഡ് ടെലിവിഷൻ സ്റ്റാർ സോഷ്യൽ റെസ്പോൺസിബിലിറ്റി റിപോർട്ടിന് വലിയ പ്രചാരമാണ് ചൈനയിൽ ഔദ്യോഗിക മാധ്യമങ്ങൾ കൊടുക്കുന്നത്. ബിങ്ബിങ്ങ് നികുതിവെട്ടിപ്പു നടത്തിയെന്ന് ചൈനയിലെ ഒരു ടെലിവിഷനൻ അവതാരകൻ ആരോപണം ഉന്നയിച്ചതിനുപിന്നാലെയാണ് രാജ്യത്ത് ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന താരങ്ങളിലൊരാളായ ബിങ്ബിങ്ങ് സാമൂഹിക ഉത്തരവാദിത്ത റേറ്റിങ്ങിൽ പിന്നിലായത്. നടിയുടെ സ്റ്റുഡിയോ ആരോപണം നിഷേധിച്ചെങ്കിലും രണ്ടു സംഭവങ്ങൾക്കും തമ്മിൽ ബന്ധമുണ്ടെന്നാണു പലരും സംശയിക്കുന്നത്. ജൂലൈ 1 നു ശേഷം നടിയെക്കുറിച്ചു വിവരമൊന്നുമില്ല. 

നടി നിയന്ത്രണത്തിലാണെന്നും നിയമനടപടികളിലൂടെ കടന്നുപോകുമെന്നും കഴിഞ്ഞയാഴ്ച വാർത്ത വന്നിരന്നു.നികുതിവെട്ടിപ്പ് വലിയ മഞ്ഞുമലയുടെ ഒരംശം മാത്രമാണെന്നും കൂടി അന്നു പറഞ്ഞിരുന്നു. പ്രസിദ്ധീകരിച്ച് ഏതാനും മണിക്കൂറുകൾക്കകം വാർത്ത നീക്കം ചെയ്യുകയുമുണ്ടായി.