വലിയൊരു ദുരന്തത്തിന്റെ ഭീകരമായ വിഡിയോ ദൃശ്യം. ആദ്യകാഴ്ചയിൽ ഞെട്ടലും നടുക്കവും സൃഷ്ടിക്കുമെങ്കിലും വിഡിയോ അവസാനിക്കുന്നത് അദ്ഭുതവും ആശ്വാസവും സമ്മാനിച്ച്. ചൈനയുടെ തെക്കൻ പ്രവിശ്യയിൽനിന്നുള്ള വാഹനാപകടത്തിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.
പീപ്പിൾസ് ഡെയ്‍ലി ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ ഇരുചക്ര വാഹനം ഓടിക്കുന്ന സ്ത്രീയെ കാണാം. ഇരുചക്രവാഹനം ഒരു വളവു തിരിയുന്നു. തൊട്ടുപിന്നാലെ പാഞ്ഞുവരുന്നുണ്ട് ഒരു ട്രക്ക്. രണ്ടു വാഹനങ്ങളും ഒരേ ദിശയിലാണു സഞ്ചരിക്കുന്നത്. പെട്ടെന്നു ട്രക്ക് സ്ത്രീ സഞ്ചരിക്കുന്ന ഇരുചക്രവാഹനത്തിൽ ശക്തിയായി ഇടിക്കുന്നു. സ്ത്രീ ട്രക്കിനു മുന്നിലേക്കു വീഴുന്നു.
ട്രക്ക് മുന്നോട്ടുതന്നെ പായുകയാണ്. ഒരു ടയർ ഇരുചക്രവാഹനത്തിനു മുകളിലൂടെ കയറിയിറങ്ങുന്നു. അൽപം കൂടി മുന്നോട്ടുപോയതിനുശേഷമാണ് ട്രക്ക് നിൽക്കുന്നത്. വീഡിയോ ദൃശ്യത്തിൽ ഇത്രയും കാണുമ്പോഴേക്കും ബാക്കി കാണാൻ ധൈര്യമില്ലാതെ കണ്ണടയ്ക്കുന്നവരായിരിക്കും അധികവും. പക്ഷേ, പേടിച്ചു കണ്ണടയ്ക്കേണ്ടതില്ല. ധൈര്യമായി കണ്ണു തുറന്നുതന്നെ കാണുക. ട്രക്കിനു പിന്നിൽനിന്ന് ഒരു ചെറിയ പരുക്കു പോലും സംഭവിക്കാതെ എഴുന്നേറ്റു വരുന്ന സ്ത്രീയെ കാണാം. അവർ അപകടസ്ഥലത്തുനിന്നു നടന്നുനീങ്ങുന്നു.
സിസിടിവി ക്യാമറയിൽ രേഖപ്പെടുത്തിയ സംഭവം ചെനയുടെ തെക്കൻ പ്രദേശമായ മോമിങ്ങിലാണുണ്ടായത്. കഴിഞ്ഞ ഡിസംബറിലും സമാനമായ ഒരു സംഭവം ചൈനയിൽത്തന്നെ നടന്നിരുന്നു. റോഡിലൂടെ നടന്നുപോകുന്ന സ്ത്രീയെ ഒരു കാർ രണ്ടു തവണ ഇടിച്ചു. കാർ നിർത്താതെ മുന്നോട്ടുപോയെങ്കിലും സ്ത്രീ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.