Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മീ ടൂ ആരോപണം ഉന്നയിക്കുന്നവർ തെളിവുകൾ ഹാജരാക്കണം: മെലാനിയ ട്രംപ്

melania-trump.jpg.image.784.410 മെലാനിയ ട്രംപ്

ആരോപണങ്ങൾ ഉന്നയിച്ചാൽ മാത്രം പോരാ തെളിവു ഹാജരാക്കാനും കഴിയണം – മീ ടൂ പ്രചാരത്തിൽ അണിചേർന്നു മുന്നോട്ടുവരുന്ന സ്ത്രീകളോട് ആഹ്വാനം നടത്തുന്നത് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭാര്യ മെലാനിയ ട്രംപ്. രണ്ടു വർഷം മുമ്പ് ഭർത്താവ് ട്രംപിനെതിരെ ആരോപണങ്ങൾ ഉയർന്നപ്പോഴും തെളിവുകൾ ഹാജരാക്കേണ്ടതിന്റെ ആവശ്യത്തെക്കുറിച്ചു പറഞ്ഞ മെലാനിയ ഇക്കഴിഞ്ഞയാഴ്ച നടത്തിയ അഭിമുഖത്തിലാണ് ഒരിക്കൽക്കൂടി സ്ത്രീകളുടെ പ്രതിരോധത്തെക്കുറിച്ചും മുന്നേറ്റത്തെക്കുറിച്ചും മനസ്സു തുറന്നത്. 

ഒരു വ്യക്തിക്കെതിരെ ആരോപണം ഉന്നയിക്കുമ്പോൾ തെളിവു കൂടി കാണിക്കുക – വൈറ്റ് ഹൗസിൽ എത്തിയതിനുശേഷം ഒറ്റയ്ക്കു നടത്തുന്ന ആദ്യ വിദേശ സന്ദർശനത്തിന്റെ ഭാഗമായി കെനിയയിലെത്തിയ മെലാനിയ പറഞ്ഞു. തുറന്നുപറച്ചിലുകളുമായി മുന്നോട്ടുവന്ന സ്ത്രീകളെ താൻ പിന്തുണയ്ക്കുന്നുവെന്നു പറഞ്ഞ മെലാനിയ പുരുഷൻമാർക്കും പിന്തുണ വേണമെന്നും കൂട്ടിച്ചേർത്തു. സ്ത്രീകളെ ഞാൻ പിന്തുണയ്ക്കുന്നു. അവർക്കു പറയാനുള്ളതു കേൾക്കണം. പക്ഷേ പിന്തുണ സ്ത്രീകൾക്കു മാത്രം പോരാ, പുരുഷൻമാർക്കും വേണമെന്നാണ് മെലാനിയയുടെ ശക്തമായ വേറിട്ട അഭിപ്രായം. 

ഞാൻ ലൈംഗികമായി ഉപദ്രവിക്കപ്പെട്ടു. അയാൾ എന്നോടു മോശമായി പെരുമാറി..എന്നൊക്കെ ആർക്കും പറയാം. തെളിവില്ലാതെ പറയുന്ന ആരോപണങ്ങൾക്കു പക്ഷേ, വിലയില്ല. പലപ്പോഴും മാധ്യമങ്ങൾ ആരോപണങ്ങൾ ആഘോഷിക്കുന്നു. കഥകൾ ഉണ്ടാക്കുന്നു. അതൊന്നും ശരിയല്ല– മെലാനിയ പറഞ്ഞു. 2016–ലെ തിരഞ്ഞെടുപ്പ് പ്രചാരണകാലത്ത് പത്തിലധികം സ്ത്രീകൾ  ട്രംപിനെതിരെ ആരോപണങ്ങളുമായി മുന്നോട്ടുവന്നിരുന്നു. ലൈംഗിക പീഡനം മുതൽ ആക്രമണം വരെയാണ് അവർ ഉന്നയിച്ചത്. സ്ത്രീകളെ അധിക്ഷേപിക്കുന്ന ട്രംപിന്റെ പരാമർശങ്ങളും അന്നു പുറത്തുവന്നിരുന്നു. ട്രംപിനെ ഇമേജ് തകർക്കാൻ കെട്ടിച്ചമച്ച കഥകളാണ് ആരോപണങ്ങൾ എന്നായിരുന്നു അന്നു അദ്ദേഹത്തിന്റെ  പ്രതികരണം. തെളിവുകളില്ലാതെ ആരോപണം ഉന്നയിച്ച് ഒരു വ്യക്തിയുടെ ഇമേജ് തകർക്കാനുള്ള ശ്രമം അനീതിയാണെന്നും നീതീകരിക്കാനാവില്ലെന്നും അക്കാലത്ത് മെലാനിയയും പറഞ്ഞിരുന്നു. പ്രതിപക്ഷത്തിന്റെ തന്ത്രങ്ങളാണ് എല്ലാം. ആരോപണങ്ങൾ ഉന്നയിച്ച സ്ത്രീകളുടെ പശ്ചാത്തലം ആരെങ്കിലും പരിശോധിച്ചോ? യാഥാർഥ്യവുമായി ഒരു ബന്ധവുമില്ലാതെയാണ് പലരും കരിവാരിത്തേക്കാൻ ശ്രമിക്കുന്നത്– മെലാനിയ ആരോപണം ഉന്നയിച്ചവർക്കു നേരെ തിരിഞ്ഞു. 

വർഷങ്ങൾക്കും പതിറ്റാണ്ടുകൾക്കും ശേഷം ഉന്നയിക്കുന്ന ആരോപണം ഉന്നതസ്ഥാനത്തുള്ള വ്യക്തികളുടെ ഭാവിയെത്തന്നെ നശിപ്പിക്കുമെന്ന് മീ ടൂ പ്രചാരണം തുടങ്ങിയപ്പോൾതന്നെ ട്രംപും പറഞ്ഞിരുന്നു. സത്യമാണു പറയുന്നതെങ്കിൽ എന്തിനാണ് വർഷങ്ങൾ കാത്തിരുന്നതെന്നാണ് അദ്ദേഹം ചോദിച്ചത്. പുരുഷൻമാരോട് അദ്ദേഹം സഹതാപം പ്രകടിപ്പിക്കുകയും ചെയ്തു.