Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തുറന്നു പറഞ്ഞോളൂ, ഒപ്പം പരാതി എഴുതി നൽകണം: ദേശീയ വനിതാ കമ്മിഷൻ

rekha-sharma രേഖ ശർമ

ജീവിതത്തിലുണ്ടായ ദുരനുഭവങ്ങളെക്കുറിച്ച് വെളിപ്പെടുത്തുന്നത് നല്ലതാണ്. പീഡിപ്പിച്ചവരെക്കുറിച്ച് തുറന്നു പറയുന്നതും അഭിനന്ദനാർഹം.പക്ഷേ, തുറന്നുപറയുന്നതു പോരാട്ടത്തിന്റെ ആദ്യഘട്ടം മാത്രം. കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടണം. അതിനുവേണ്ടതു നിയമപ്പോരാട്ടം. രാജ്യത്തെ നിയമവ്യവസ്ഥയിൽ വിശ്വസിച്ച് കുറ്റവാളികൾ ശിക്ഷിക്കപ്പെടുന്നതുവരെ പോരാട്ടം തുടരുകതന്നെവേണമെന്ന് സ്ത്രീകളെ ബോധവത്ക രിക്കുകയാണ്  ദേശീയ വനിതാ കമ്മിഷൻ. പറയുന്നതിൽ മാത്രം ഒതുക്കാതെ പരാതി എഴുതി നൽകാൻ തയാറാകണമെന്നും കമ്മിഷൻ ആവശ്യപ്പെടുന്നു. 

പൊലീസ് സ്റ്റേഷനുകളിലോ സംസ്ഥാന– ദേശീയ വനിതാ കമ്മിഷനിലോ പരാതി നൽകണം. പീഡനം നടത്തിയവരും ശ്രമം നടത്തിയവരുമൊക്കെ ശിക്ഷിക്കപ്പെടാനുള്ള നടപടികൾ സ്വീകരിക്കണം. ഭാവിയിലെങ്കിലും സ്ത്രീകൾക്കു സമാധാനം നിറഞ്ഞ ജീവിതം ലഭിക്കുക എന്നതായിരിക്കണം ലക്ഷ്യം എന്നും വ്യക്തമാക്കുന്നു വനിതാ കമ്മിഷൻ. 

മുൻ ബോളിവുഡ് നടി തനുശ്രീ ദത്തയുടെ ആരോപണത്തിൽനിന്ന് ഊർജം ഉൾക്കൊണ്ട് മീ ടൂ പ്രചാരണം ഇന്ത്യയിൽ ചൂടു പിടിക്കുകയും കൂടുതൽ സ്ത്രീകൾ വെളിപ്പെടുത്തലുകളുമായി മുന്നോട്ടുവരികയും ചെയ്യുമ്പോൾ രാജ്യത്തെ സ്ത്രീകൾക്കു പിന്തുണ നൽകി അവരെ പോരാട്ടത്തിന്റെ പാതയിൽ അവസാനം വരെ നിൽക്കാൻ പ്രേരിപ്പിക്കുകയാണു കമ്മിഷൻ. ഹോളിവുഡിൽ മീ ടൂ തുടങ്ങിയപ്പോൾ ഇവിടെയും തുറന്നുപറച്ചിലുകളുമായി നടിമാർ ഉൾപ്പെടെയുള്ളവർ രംഗത്തുവരണമെന്ന് അഭ്യർഥിച്ചു. തെക്കൻസംസ്ഥാനങ്ങളിൽനിന്നു ചിലർ പരാതികളുമായി മുന്നോട്ടുവന്നു. ബോളിവുഡിൽ ഒരാൾപോലും പരാതി ഉന്നയിച്ചില്ലെന്നും വനിതാ കമ്മിഷൻ അധ്യക്ഷ രേഖ ശർമ ഖേദത്തോടെ പറയുന്നു. 

സ്ത്രീകളുടെ സ്വകാര്യതയിലുള്ള ഒരു കടന്നുകയറ്റവും അംഗീകരിക്കാനാവില്ല. സ്വാതന്ത്ര്യത്തോടെയും സമാധാനത്തോടെയും സ്ത്രീകൾക്കു പൊതുസ്ഥലത്തു സഞ്ചരിക്കാനാകണം. ജോലി ചെയ്യാനുള്ള സാഹചര്യം വേണം. പരാതിയുമായി മുന്നോട്ടുവരുന്നവരെ പൂർണമായി സംരക്ഷിക്കുമെന്നും കമ്മിഷൻ ഉറപ്പു നൽകുന്നു. ഭരണഘടന സ്ത്രീകൾക്ക് അനുവദിച്ചിരിക്കുന്ന ഒരു അവകാശവും ഹനിക്കപ്പെടരുത്. കുറ്റവാളികൾ ശിക്ഷിക്കപ്പെടുകയും വേണം– ഇതാണു നിലപാടെന്നും രേഖ ശർമ പറയുന്നു. 

മൗനത്തിൽ അഭയം തേടുകയായിരുന്നു ഇതുവരെ സ്ത്രീകൾ ചെയ്തിരുന്നത്. നിശ്ശബ്ദമായി സഹിക്കുക. പല കേസുകളിലും സംഭവം തുറന്നുപറയുന്നവർ തന്നെ നിയമനടപടികളിൽനിന്നു പിൻവാങ്ങുന്ന പതിവാണു കാണുന്നത്. ഔപചാരികമായിത്തന്നെ പരാതി നൽകാൻ തയാറാകണം, വേഗത്തിൽ നടപടിക്രമങ്ങൾ ഉണ്ടാകണം– രേഖ ശർമ പറയുന്നു. 

ഇതുവരെ മുന്നോട്ടുവന്ന എല്ലാ സ്ത്രീകളെയും കമ്മിഷൻ അഭിനന്ദിക്കുന്നു. അവരുടെ ധീരതയെ ആദരിക്കുന്നു. അവർ പരാതി കൊടുക്കാൻ കൂടി തയാറായാൽ ഒരുമിച്ചു പോരാടാം. രാഷ്ട്രീയത്തിലും വിനോദവ്യവസായത്തിലും മാത്രമല്ല മാധ്യമസ്ഥാപനങ്ങളിലുൾപ്പെടെ പീഡനസംഭവങ്ങളുണ്ട്. ഇരകൾ മുന്നോട്ടുവരട്ടെ; നടപടികൾക്കുവേണ്ടി പരിശ്രമിക്കാം – കമ്മിഷൻ ഉറപ്പു നൽകുന്നു.