ഭാര്യയുടെ ആഡംബര ജീവിതവും ഭക്ഷണപ്രേമവും വരുത്തിവച്ച നാണക്കേടിലാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. മൂന്നുവർഷം കൊണ്ട് ഭക്ഷണത്തിനായി മാത്രം ഭാര്യ ചെലവഴിച്ചത് 73 ലക്ഷം രൂപയാണ്. 2010 മുതൽ 2013 വരെയുള്ള കാലയളവിൽ സർക്കാർ ഖജനാവിൽ നിന്ന് ചിലവഴിച്ച തുകയുടെ പേരിൽ ഇപ്പോൾ വിചാരണ നേരിട്ടുകൊണ്ടിരിക്കുകയാണ് മന്ത്രി പത്നി സാറാ നെതന്യാഹു.
ഭക്ഷണ ധൂർത്ത് കേസിൽ കഴിഞ്ഞ ദിവസം ആദ്യമായി ജറുസലേം ജഡ്ജിയുടെ മുന്നിൽ ഹാജരായ സാറ സംഭവത്തെക്കുറിച്ച് മൗനം പാലിക്കുകയാണുണ്ടായത്. വീട്ടിൽ മുഴുവൻ പാചകക്കാരുണ്ടായിട്ടും സ്വകാര്യ പാചകക്കാരിൽ നിന്നും കേറ്ററിങ് ഇടപാടുകാരിൽ നിന്നും ഭക്ഷണസാധനങ്ങൾ ഔദ്യോഗിക വസതിയിലേക്ക് സാറ വരുത്തിയിരുന്നു.
ഭാര്യയുടെ ഭക്ഷണ അഴിമതിക്കേസിൽ നെതന്യാഹു നേരിട്ട് ഇടപെട്ടിട്ടില്ല. കേസിന്റെ അടുത്ത ഹിയറിങ് നവംബർ 13നാണ്. ഭക്ഷണ ധൂർത്തിന്റെ പേരിൽ മാത്രമല്ല സാറയ്ക്കെതിരെ പരാതിയുയർന്നിട്ടുള്ളത്. ഔദ്യോഗിക വസതിയിലെ ജീവനക്കാരോടുള്ള മോശം പെരുമാറ്റത്തിന്റെ പേരിലും സാറയ്ക്കെതിരെ കേസുണ്ട്. അതിൽ പ്രധാനം വസതിയിലെ ചീഫ് കെയർ ടെയ്ക്കർ സാറയ്ക്കെതിരെ നൽകിയ പരാതിയാണ്.
പരാതി സത്യമാണെന്നു തെളിഞ്ഞതിനാൽ 32 ലക്ഷം രൂപയാണ് കെയർ ടേക്കർക്ക് കോടതിയനുവദിച്ച നഷ്ടപരിഹാരം. സാറയുടെ ആഡംബര ഭ്രമത്തെക്കുറിച്ചും ഭക്ഷണപ്രിയത്തെക്കുറിച്ചും അന്നവർ വെളിപ്പെടുത്തിയിരുന്നു.