Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്ഷേത്രമതിലിനു നിറം ചാർത്തി ഹഫീസ, ഇതു മതസൗഹാർദത്തിന്റെ ഉൽസവക്കാഴ്ച

hafeesa-with-her-sister-01 ശൂരസംഹാര ഉൽസവത്തിന് മുന്നോടിയായി ആൽത്തറയിൽ ചായം പൂശുന്ന ഹഫീസ. സമീപം സഹോദരി ഹുദ

കോഴിക്കോട്ട് തിരുവണ്ണൂരിലെ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം ഹിന്ദുക്കളുടേതു മാത്രമല്ല, നാനാജാതിമതസ്ഥരായ വിശ്വാസികളുടേതാണ്, നാടിന്റെ ഒരുമയും സമാധാനവും കാംക്ഷിക്കുന്ന നല്ലവരായ നാട്ടുകാരുടേതാണ്; സ്കന്ദഷഷ്ഠി ദിവസം നടക്കുന്ന ഉൽസവച്ചടങ്ങായ ശൂരസംഹാരം നാടിന്റെ തനത് ആഘോഷവും.

Read In English

എല്ലാ വർഷവും പൂർവാധികം ഭംഗിയായി ഉൽസവം നടത്താറുണ്ടെങ്കിലും ഈ മാസം 13 ന് നടക്കുന്ന ഉൽസവത്തിന് ഒരു പ്രത്യേകത കൂടിയുണ്ട്. ക്ഷേത്രത്തിന്റെ ചുറ്റുപാടും വൃത്തിയാക്കി ചുറ്റുമതിലിനു പുതിയ ചായം പൂശിയിട്ടുണ്ട്. ശൂരസംഹാരച്ചടങ്ങ് നടക്കുന്ന ആൽത്തറയിലുമുണ്ട് പുതിയ നിറങ്ങളുടെ പൊലിമ. നിറക്കൂട്ടുകൾ നൽകിയത് ക്ഷേത്രക്കമ്മിറ്റിക്കാരോ പൊതുജനമോ പഞ്ചായത്തോ അല്ല; ക്ഷേത്രത്തിന് അടുത്തുതന്നെയുള്ള മുസ്‍ലിം സമുദായത്തിൽപ്പെട്ട ഒരു പെൺകുട്ടിയാണ്. കൈതപ്പൊയിൽ ലിസ കോളജിൽ അവസാന വർഷ ബിരുദത്തിനു പഠിക്കുന്ന ഹഫീസ വി. സഹായത്തിനു കൂടെനിന്നത് പിതാവു ഹനീഫയും സഹോദരിമാരും.

ഒരു നൂറ്റാണ്ടിന്റെ ചരിത്രമുണ്ട് തിരുവണ്ണൂരിലെ ശൂരസംഹാര ഉൽസവത്തിന്. ഇത്തവണ ക്ഷേത്രമതിൽ പുതിയ ചായം പൂശി മനോഹരമാക്കണമെന്ന ആശയം ആദ്യം കൊണ്ടുവന്നത് ഹഫീസ തന്നെ. ഹനീഫയോടു മകൾ കാര്യം പറഞ്ഞു. ക്ഷേത്രത്തിനടുത്തുതന്നെ കട നടത്തന്ന ഹനീഫ കമ്മിറ്റിക്കാരോട് മകളുടെ ആഗ്രഹം വെളിപ്പെടുത്തി. ഒരു നിമിഷം പോലും ആർക്കും ആലോചിക്കേണ്ടിവന്നില്ല. ഉടൻതന്നെ സമ്മതം കൊടുത്തു. 

‘30 വർഷമായി ക്ഷേത്രത്തിലെ ഉൽസവവുമായി സഹകരിക്കുന്ന ഒരാളാണു ഞാൻ’- ഹനീഫ പറയുന്നു. ‘തിരുവണ്ണൂർ നാട്ടുവർത്തമാനം എന്നൊരു വാട്സാപ് കൂട്ടായ്മയിലെ സജീവ അംഗവും. എല്ലാത്തവണയും ഉൽസവത്തിനു ദിവസങ്ങൾമുമ്പുതന്നെ ഞങ്ങൾ ഒരുക്കങ്ങൾ ചർച്ച ചെയ്യാറുണ്ട്. വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്’.

ഹനീഫയുടെ ആശയം ചർച്ച ചെയ്ത കമ്മിറ്റിക്കാർ ചുറ്റുമതിലിലും ആൽത്തറയിലും എന്തു ചിത്രങ്ങളാണു വേണ്ടതെന്ന ചർച്ച നടത്തി. സുബ്രമണ്യന്റെ ഇഷ്ടവിഭവങ്ങൾ വരച്ചുചേർക്കാൻ തീരുമാനവുമായി. കഴിഞ്ഞ ഞായറാഴ്ച രാവിലെ 10 മുതൽ വൈകിട്ട് ആറു വരെ ഹഫീസ ക്ഷേത്രമതിലിന്റെ പെയ്ന്റിങ് ജോലിയിലായിരുന്നു. തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ വൈകിട്ട് ആറുമുതൽ 10 വരെയും പെയ്ന്റിങ് തുടർന്നു. പ്രവൃത്തിദിവസങ്ങളിൽ പഠനം മുടക്കാതെയായിരുന്നു ജോലി. സഹോദരിമാർ ഹുദയും ഫിദയും ചുറ്റുപാടും വൃത്തിയാക്കാനും നിറങ്ങൾ കൂട്ടിക്കലർത്താനും കൂടെനിന്നു. ജോലി രാത്രി വൈകുന്നതുവരെ നീണ്ടപ്പോൾ ഹനീഫ മക്കൾക്കു കാവൽനിന്ന് ജോലി ഭംഗിയായി പൂർത്തിയാക്കി എന്നുറപ്പിച്ചു. 

തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിൽ ശൂരസംഹാരച്ചടങ്ങുകൾ വ്യാപകമായി ആചരിക്കാറുണ്ടെങ്കിലും കേരളത്തിൽ തിരുവണ്ണൂർ പോലെ അപൂർവം ക്ഷേത്രങ്ങളിൽമാത്രമാണ് എല്ലാ ചടങ്ങുകളോടെയും പാരമ്പര്യത്തനിമയിലും ശൂരസംഹാരം ആഘോഷിക്കാറുള്ളത്. ചടങ്ങു കാണാനും അനുഗ്രഹം നേടാനുമായി ഉൽസവദിവസം സമീപ സ്ഥലങ്ങളിൽനിന്നു നൂറുകണക്കിനുപേർ എത്താറുമുണ്ട്.