ബുധനാഴ്ച വൈകുന്നേരമായിരുന്നു സംഭവം. അമേരിക്കയിലെ സുപ്രീം കോടതി ജഡ്ജിമാരില്‍ ഒരാളായ റൂത്ത് ബേഡര്‍ ഗിന്‍സ്ബര്‍ഗ് കോടതിമുറിയിലെ ഓഫിസില്‍ രോഗബാധിതയാകുന്നു. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചു. വാരിയെല്ലുകള്‍ക്ക് ഒടിവു സംഭവിച്ചതാണു പ്രശ്നമെന്നു ഡോക്ടര്‍മാര്‍ കണ്ടെത്തി. രോഗവിവരം പുറത്തറിഞ്ഞയുടന്‍ സന്ദേശങ്ങൾ പ്രവഹിക്കാന്‍ തുടങ്ങി. ‘പേടിക്കേണ്ട, നിങ്ങള്‍ക്കൊന്നും സംഭവിക്കാന്‍ പോകുന്നില്ല’ എന്നതു മുതല്‍ പേടിയും ആശങ്കയും ഉത്കണ്ഠയുമൊക്കെയുണ്ടായിരുന്നു പ്രതികരണങ്ങളില്‍.
‘ഗിന്‍സ്ബര്‍ഗിനുവേണ്ടി ഒന്നല്ല, എന്റെ എല്ലാ വാരിയെല്ലുകളും ഞാന്‍ ദാനം ചെയ്യുന്നു. വാരിയെല്ലുകള്‍ മാത്രമാക്കണ്ട, എന്റെ എല്ലാ അവയവങ്ങളും നല്‍കാന്‍ ഞാന്‍ ഒരുക്കം’ എന്നായിരുന്നു ഒരാളുടെ കമന്റ്. അന്നു രാത്രി തന്റെ ടെലിവിഷന്‍ ഷോയില്‍ ജിമ്മി കെമ്മല്‍ 85 വയസ്സുകാരിയായ ഗിന്‍സ്ബര്‍ഗിനെ അവതരിപ്പിച്ചു. ഏതു വിധേനയും അവരുടെ ജീവന്‍ രക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സംസാരിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നു തെളിയിച്ചുകൊണ്ട് ഗിന്‍സ്ബര്‍ഗ് വീട്ടില്‍ തിരിച്ചെത്തി.
പക്ഷേ, അവര്‍ രോഗബാധിതയാണെന്നറിഞ്ഞപ്പോള്‍ ഉടലെടുത്ത ഭയം പൂര്‍ണമായും അമേരിക്കക്കാരെ വിട്ടുമാറിയിരുന്നില്ല. കാരണം ഗിന്‍സ്ബര്‍ഗ് വിരമിക്കുകയോ രോഗത്തെത്തുടര്‍ന്ന് അവര്‍ സ്വയം ഒഴിയുകയോ ചെയ്താല്‍ തന്റെ നോമിനിയായ ജഡ്ജിയെ നിയമിച്ചുകൊണ്ട് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് സുപ്രീം കോടതിയില്‍ മേല്‍ക്കൈ നേടാം. അടുത്തിടെയാണ് രണ്ടാമത്തെ ജഡ്ജി ബ്രെറ്റ് കവനോയെ ട്രംപ് നിയമിച്ചിരുന്നത്. അതുമാത്രമല്ല അമേരിക്കക്കാരെ ഉത്കണ്ഠാകുലരാക്കിയ കാര്യം.
ലിബറല്‍ ചിന്താഗതിക്കാര്‍ക്ക് ഒരു വ്യക്തിയെന്നതിനപ്പുറം ആദര്‍ശങ്ങളുടെയും നിലപാടുകളുടെയും മനുഷ്യരൂപം കൂടിയാണ് ഗിന്‍സ്ബര്‍ഗ്. അവരെക്കുറിച്ച് ഡോക്യുമെന്ററി ഇറങ്ങിയിട്ടുണ്ട്, ജീവചരിത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘നൊട്ടോറിയസ് ആര്‍ജിബി’ എന്ന, അവരുടെ ജീവിതം പറയുന്ന പുസ്തകം ബെസ്റ്റ് സെല്ലറായിരുന്നു. അവരുടെ പേരില്‍ ടിഷര്‍ട്ടും കോഫി മഗും പോലും പുറത്തിറങ്ങിയിട്ടുണ്ടെന്നും അറിയുക. ഹാലോവീന്‍ ദിനത്തില്‍ ഗിന്‍സ്ബര്‍ഗുമായി സാമ്യം തോന്നിക്കുന്ന വേഷധാരികളുടെ പ്രവാഹവും അമേരിക്കന്‍ തെരുവുകളിലും കൂട്ടായ്മകളിലും നിറയാറുണ്ട്. ‘85 വയസ്സ് പ്രായമുണ്ടെങ്കിലും ഇന്നും സമത്വത്തിനും നീതിക്കുംവേണ്ടി പോരാടുന്ന അപൂര്‍വം വ്യക്തിത്വങ്ങളിലൊന്നാണ് ഗിന്‍സ്ബര്‍ഗ്. അവരെപ്പോലെയുള്ള അധികം പേരെ സമൂഹത്തില്‍ നമുക്കു കാണാനാകില്ല’ - നൊട്ടോറിയസ് ആര്‍ജിബിയുടെ സഹഎഴുത്തുകാരി കാര്‍മോണ്‍ പറയുന്നു. നിയമ പണ്ഡിതയില്‍നിന്ന് ഒരു രാജ്യം ആദരിക്കുന്ന വ്യക്തിത്വത്തിലേക്കുള്ള ഗിന്‍സ്ബര്‍ഗിന്റെ വളര്‍ച്ച ആവേശകരമാണ്; രസകരവും.
1933 ല്‍ ബ്രൂക്‌ലിനില്‍ ജനനം. 17-ാം വയസ്സില്‍ ഗിന്‍സ്ബര്‍ഗിന് അമ്മയെ നഷ്ടപ്പെട്ടു. കോര്‍ണല്‍ സര്‍വകലാശാലയില്‍നിന്നു ബിരുദം നേടിയ ശേഷ.ം 1954-ല്‍ വിവാഹം; മാര്‍ട്ടി ഗിന്‍സ്ബര്‍ഗുമായി. ഗര്‍ഭിണിയായ ഗിന്‍സ്ബര്‍ഗിനു ജോലിയില്‍ തരംതാഴ്ത്തല്‍ നേരിടേണ്ടിവന്നു. ഗര്‍ഭിണിയാകുന്ന സ്ത്രീകളോട് വിവേചനം നിലവിലുള്ള സമയമായിരുന്നു അത് - അമ്പതുകള്‍. ഇതേത്തുടര്‍ന്ന്, വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും ഗര്‍ഭിണിയായപ്പോള്‍ അവര്‍ വിവരം മറച്ചുവച്ച് ജോലി ചെയ്തു.
1956 ല്‍ ഹാർവഡ് നിയമ സ്കൂളില്‍ പ്രവേശിച്ചു; അവിടുത്തെ ഒൻപതു യുവതികളില്‍ ഒരാളായി. പിന്നീടു കൊളംബിയ നിയമ സ്കൂളിൽ ചേർന്നു. ബിരുദം നേടുകയും ജോലിയില്‍ വിദഗ്ധയാണെന്നു തെളിയിക്കുകയും ചെയ്തെങ്കിലും ഒരു പ്രധാനസ്ഥാപനം പോലും അവരെ ജോലിക്കെടുത്തില്ല. അതിന് മൂന്നു കാരണങ്ങൾ അവര്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട് - ജൂതവംശജയാണെന്നതാണ് ഒന്നാമത്തെ കാരണം. കൂടാതെ ഒരു സ്ത്രീയാണ്, അമ്മയുമാണ്.
1963 ൽ ഗിന്‍സ്ബര്‍ഗ് നിയമം പഠിപ്പിക്കുന്ന അധ്യാപികയായി. അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയനില്‍ വിമന്‍സ് റൈറ്റ്സ് പ്രോജക്ട് സ്ഥാപകയായി. സിവില്‍ ലിബര്‍ട്ടീസിന്റെ അഭിഭാഷക എന്ന പദവി കൂടി ഏറ്റെടുത്ത ഗിന്‍സ്ബര്‍ഗ് ലിംഗവിവേചനത്തിന് ഇരയായവരുടെ കേസുകള്‍ ഏറ്റെടുത്തു. സുപ്രീംകോടതിയില്‍വരെ വാദമുഖങ്ങളുമായി അവരെത്തി. ആറു കേസുകള്‍ വാദിച്ചതില്‍ അഞ്ചിലും വിജയം. അന്നു കോടതിമുറികളില്‍ ഒരു കിന്‍റര്‍ഗാര്‍ടന്‍ അധ്യാപികയെപ്പോലെ ലിംഗസമത്വത്തെക്കക്കുറിച്ചു തനിക്കു സംസാരിക്കേണ്ടിവന്നു എന്നു പറഞ്ഞിട്ടുണ്ട് പിന്നീട് ഗിന്‍സ്ബര്‍ഗ്. 1980. കൊളംബിയയുടെ യുണൈറ്റഡ് സ്റ്റേറ്റ്സ് കോര്‍ട്സ് ഓഫ് അപ്പീല്‍ സമിതിയിലേക്ക് അവർ നിമനിര്‍ദേശം ചെയ്യപ്പെട്ടു. ജിമ്മി കാര്‍ടറായിരുന്നു അന്നു പ്രസിഡന്റ്.
1993-ല്‍ പ്രസിഡന്റ് ബില്‍ ക്ലിന്റൻ ഗിന്‍സ്ബര്‍ഗിനെ സുപ്രീം കോടതിയിലേക്കു നാമനിര്‍ദേശം ചെയ്തു. അമേരിക്കന്‍ സുപ്രീംകോടതിയിലേക്കു തിരഞ്ഞെടുക്കപ്പെടുന്ന രണ്ടാമത്തെ മാത്രം വനിത. സ്ത്രീപുരുഷന്‍മാരുടെ തുല്യനീതി എന്നതായിരിക്കും തന്റെ പ്രധാന അജന്‍ഡ എന്നുപറഞ്ഞുകൊണ്ടാണ് അന്നവര്‍ സ്ഥാനം ഏറ്റെടുത്തതുതന്നെ. സുപ്രീംകോടതിയില്‍ ആദ്യകാലത്ത് അവര്‍ ഏറ്റെടുത്ത കേസുകളിലൊന്ന് വെര്‍ജിനിയ മിലിറ്ററി അക്കാദമിയിലെ പ്രവേശനവിഷയമായിരുന്നു. പുരുഷന്‍മാര്‍ക്കു മാത്രമായിരുന്നു പ്രവേശനം. ഗിന്‍സ്ബര്‍ഗിന്റെ വിധി ചരിത്രം തിരുത്തിക്കുറിച്ചു. എന്നും ഒറ്റപ്പെട്ട എതിര്‍പ്പിന്റെ ഭാഗത്തായിരുന്നു ഗിന്‍സ്ബര്‍ഗ്. ചരിത്രപ്രധാനമായ വിധികളിലൂടെ അവര്‍ സമത്വവും സ്വാതന്ത്ര്യവും നീതിയും ഉയര്‍ത്തിപ്പിടിച്ചു. തുല്യതയ്ക്കുവേണ്ടി നിരന്തരം വാദിച്ചു. ക്രമേണ അമേരിക്കന്‍ ജനസമൂഹത്തില്‍ ഒരു ഇതിഹാസതാരത്തിന്റെ പ്രശസ്തി അവര്‍ക്കു കൈവന്നു. അവരുടെ വസ്ത്രധാരണരീതി അനുകരിക്കപ്പെട്ടു. വ്യായാമം ചെയ്യുന്ന രീതി പോലും പ്രശസ്ത ടെലിവിഷന്‍ സീരിയലുകളിലെ കഥാപാത്രങ്ങള്‍ ആവര്‍ത്തിച്ചുകാണിച്ചു കയ്യടി നേടി.
ഗിന്‍സ്ബര്‍ഗിന്റെ ജീവിതപങ്കാളി മാര്‍ട്ടി ഗിന്‍സ്ബര്‍ഗ് അന്തരിക്കുന്നത് 2010-ല്‍. 56 വര്‍ഷം നീണ്ടുനിന്ന ദാമ്പത്യത്തില്‍ എന്നും ഭാര്യയ്ക്കുവേണ്ടി ഏറ്റവും കൂടുതല്‍ വാദിച്ചത് മാര്‍ട്ടി തന്നെയായിരുന്നു. അദ്ദേഹത്തെ കണ്ടുമുട്ടാന്‍ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണെന്നു പറഞ്ഞിട്ടുണ്ട് പിന്നീട് ഗിന്‍സ്ബര്‍ഗ്.
2016 ഗിന്‍സ്ബര്‍ഗിന്റെ ജീവിതത്തിലെ കറുത്ത അധ്യായമായിരുന്നു. പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ സമയത്ത്, ട്രംപിനെപ്പോലൊരാളെ പ്രസിഡന്റായി തനിക്കു സങ്കല്‍പിക്കാ ന്‍പോലുമാകുന്നില്ലെന്ന് അവര്‍ വെട്ടിത്തുറന്നുപറഞ്ഞു. ഈ പരാമര്‍ശത്തിന്റെ പേരില്‍ വിമര്‍ശിക്കപ്പെടുകയും ഒടുവില്‍ പരാമര്‍ശം പിന്‍വലിച്ചു മാപ്പു പറയേണ്ടിവരികയും ചെയ്തു ഗിന്‍സ്ബര്‍ഗിന്. ഒബാമ പ്രസിഡന്റായിരുന്ന രണ്ടവസരങ്ങളിലും, ഗിന്‍സ്ബര്‍ഗ് എന്തുകൊണ്ടു വിരമിക്കുന്നില്ല എന്ന ചോദ്യം ഉയരുകയുണ്ടായി. അപ്പോഴൊക്കെ അവര്‍ ആ നിര്‍ദേശത്തെ എതിര്‍ത്തു. ‘നന്നായി ജോലി ചെയ്യാന്‍ കഴിയുന്നനാള്‍ വരെ ഞാന്‍ ജോലി തുടരും’ - ഗിന്‍സ്ബര്‍ഗ് ആവര്‍ത്തിച്ചു വ്യക്തമാക്കി.
ഇപ്പോള്‍ വാരിയെല്ലുകള്‍ക്ക് ഒടിവുണ്ടായി ചികില്‍സ തേടേണ്ടിവന്ന ഗിന്‍സ്ബര്‍ഗ് രണ്ടുതവണ കാന്‍സറിനെ പരാജയപ്പെടുത്തിയിട്ടുമുണ്ട്. രണ്ടുവര്‍ഷം മുമ്പ് ഹൃദ്രോഗ ചികില്‍സയ്ക്കും അവര്‍ വിധേയയായി. ഓരോ തവണ ആശുപത്രിയിലാകുമ്പോഴും അമേരിക്കയിലാകെ ആശങ്ക ഉയരുമെങ്കിലും ഗിന്‍സ്ബര്‍ഗ് തിരിച്ചെത്തുന്നത് പൂര്‍വാധികം ശക്തയായി, ആത്മവിശ്വാസത്തോടെയും ദൃഢനിശ്ചയത്തോടെയും. തന്റെ കാലം കഴിഞ്ഞിട്ടില്ലെന്നും തനിക്കിനിയും ഏറെക്കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും അവര്‍ക്കറിയാം. ഗിന്‍സ്ബര്‍ഗ് കഴിഞ്ഞകാലത്തിന്റെ കഥയല്ല; അമേരിക്കയുടെ ഭാവിപോരാട്ടത്തിന്റെ ഇനിയുമെഴുതാനുള്ള ചരിത്രം.