ലൊസാഞ്ചലസിൽ കഴിഞ്ഞദിവസം നടന്ന ഡോക്ടര്‍മാരുടെ സമ്മേളനം സാക്ഷ്യം വഹിച്ചത് അപ്രതീക്ഷിതവും നാടകീയവുമായ ഒരു രാഷ്ട്രീയപ്രഖ്യപനത്തിനാണ്. സമ്മേളത്തിനെത്തിയ പ്രതിനിധികള്‍ എഴുന്നേറ്റുനിന്നു കയ്യടിച്ച് സ്വാഗതം ചെയ്ത പ്രഖ്യാപനം അമേരിക്കന്‍ ഭാവി ചരിത്രത്തില്‍ മാറ്റത്തിന്റെ തുടക്കമാകുമോ എന്നാണ് ഇനി അറിയാനുള്ളത്. ഇന്ത്യക്കാരില്‍ക്കൂടി ആവേശവും ആഹ്ലാദവും ജനിപ്പിക്കുന്ന മാറ്റത്തിന്റെ കേളികൊട്ട്.
ലൊസാഞ്ചലസ് സമ്മേളനത്തില്‍ ഇന്ത്യന്‍ വംശജനായ ഡോ. സംപത് ശിവാംഗിയാണ് പ്രഖ്യാപനം നടത്തിയത്. യുഎസ് പാര്‍ലമെന്റിലെ ഹിന്ദുമത വിശ്വാസിയായ ആദ്യഅംഗം തുള്‍സി ഗബാര്‍ഡിനെക്കുറിച്ചായിരുന്നു പ്രഖ്യാപനം. 2020ലെ പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാൻ ഏറ്റവും സാധ്യതയുള്ളയാള്‍ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. പ്രസംഗത്തില്‍ പ്രഖ്യാപനത്തെക്കുറിച്ച് തുള്‍സി ഒന്നും പറഞ്ഞില്ലെങ്കിലും എതിര്‍ത്തില്ല എന്നതു ശ്രദ്ധേയം.
ഔദ്യോഗിക പ്രഖ്യാപനം ആയിട്ടില്ലെങ്കിലും തുള്‍സിയും അനുയായികളും സംസ്ഥാനങ്ങളില്‍ അഭിപ്രായം സ്വരൂപിക്കുന്നതിലും വിശ്വാസം ആര്‍ജിച്ചെടുക്കുന്നതിലും വ്യാപകമായ പ്രചാരണം തുടങ്ങിയിട്ടുണ്ടത്രേ. ഇന്ത്യന്‍ വംശജക്കാര്‍ക്കിടയില്‍ ഏറെ ജനപ്രിയയാണ് തുള്‍സി. അതുകൊണ്ടുതന്നെ അമേരിക്കയിലെ ഏറ്റവും ശക്തരും സ്വാധീനശേഷിയുള്ളവരുമായ ഇന്ത്യന്‍ വംശജര്‍ക്കിടയിലാണ് തുള്‍സിയുടെ അനുയായികള്‍ പ്രചാരണത്തിനു തുടക്കമിട്ടിരിക്കുന്നതും. മിക്ക സംസ്ഥാനങ്ങളിലും ഇന്ത്യന്‍ വംശജര്‍ക്ക് ജയപരാജയങ്ങള്‍ തീരുമാനിക്കുന്നതില്‍ നിര്‍ണായക പങ്കുമുണ്ട്.
ഡെമോക്രാറ്റിക് പാര്‍ട്ടി അംഗമായ തുള്‍സി രാജ്യത്തെ വിശാല രാഷ്ട്രീയത്തില്‍ പുതിയ മുഖമാണ്. പക്ഷേ, തന്റെ നിലപാടുകള്‍ എന്നും ശക്തമായി തുറന്നുപറഞ്ഞിട്ടുമുണ്ട്. ഇറാഖ് യുദ്ധത്തെ അവര്‍ ശക്തമായി എതിര്‍ത്തു. സൗദി അറേബ്യയുമായുള്ള ആയുധ വ്യാപാരത്തോടും എതിര്‍പ്പു രേഖപ്പെടുത്തിയിട്ടുണ്ട്. അടുത്തിടെ സിറിയന്‍ പ്രശ്നത്തിലും തന്റെ നിലപാട് വ്യക്തമാക്കി തുള്‍സി രംഗത്തുവന്നിരുന്നു.
2020 ഫെബ്രുവരി മൂന്നിനായിരിക്കും അടുത്ത പ്രസിഡന്റ് തിരഞ്ഞെടുപ്പിലേക്കുള്ള ആദ്യത്തെ നടപടിക്രമം അമേരിക്കയില്‍ തുടങ്ങുന്നത്. ഇപ്പോഴത്തെ സാധ്യതകള്‍ അനുസരിച്ചാണെങ്കില്‍ ട്രംപ് രണ്ടാമത്തെ അവസരത്തിനുവേണ്ടി വീണ്ടും ജനവിധി തേടും. ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍നിന്ന് ഇതുവരെ സ്ഥാനാര്‍ഥികളാരും രംഗത്തുവന്നിട്ടുമില്ല. മുന്‍ വൈസ് പ്രസിഡന്റ് ജോ ബൈഡന്‍, സെനറ്റര്‍മാരായ എലിസബത്ത് വാറന്‍, കിസ്റ്റന്‍ ഗില്ലിബ്രാന്‍ഡ്, ടിം കെയിന്‍ എന്നിവര്‍ക്കും സ്ഥാനാര്‍ഥികളാകാനുള്ള സാധ്യത കല്‍പ്പിക്കപ്പെടുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ സന്ദര്‍ശനങ്ങള്‍ക്കിടെ സ്ഥാനാര്‍ഥിയാകാന്‍ തുള്‍സിക്കുമേല്‍ ജനങ്ങള്‍ സമ്മര്‍ദം ചെലുത്തിയതായും പറയുന്നു. രാഷ്ട്രീയം പ്രമേയമായി വരുന്ന ഒരു പുതിയ പുസ്തകത്തിന്റെ പണിപ്പുരയിലാണ് ഇപ്പോള്‍ തുള്‍സി.
ഡെമോക്രാറ്റിക് പാര്‍ട്ടിക്കാരിയാണ് 37 വയസ്സുകാരിയായ തുള്‍സി ഗബാര്‍ഡ്. അമ്മ കാരള്‍ പോര്‍ട്ടര്‍ ഹിന്ദുമത വിശ്വാസിയും അച്ഛന്‍ മൈക്ക് ഗബാര്‍ഡ് കത്തോലിക്കാ വിശ്വാസിയുമാണ്. ഹവായില്‍നിന്നു ജനപ്രതിനിധി സഭയിലേക്കു തിരഞ്ഞെടുക്കപ്പോള്‍ ഭഗവത് ഗീതയില്‍ തൊട്ടു സത്യപ്രതിജ്ഞ ചെയ്ത തുള്‍സിയും ഹിന്ദുമത വിശ്വാസിതന്നെ. കഴിഞ്ഞയാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ നാലാമതും വിജയിച്ച തുള്‍സിയെ അടുത്ത പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിയെന്നു പ്രഖ്യാപിച്ചപ്പോള്‍ കാത്തിരുന്ന തീരുമാനം കേട്ടതുപോലെയായിരുന്നു പ്രതികരണങ്ങള്‍. ആഹ്ലാദവും ആവേശവും നിറഞ്ഞുനിന്ന തീരുമാനം.
ക്രിസ്മസിനു മുമ്പ് ആരൊക്കെയായിരിക്കും പ്രസിഡന്റ് സ്ഥാനാര്‍ഥികള്‍ എന്ന് അനൗപചാരകമായി തീരുമാനിക്കപ്പെട്ടാലും ഔദ്യോഗിക പ്രഖ്യാപനം അടുത്തവര്‍ഷം ആദ്യം മാത്രമേ ഉണ്ടാകാന്‍ സാധ്യതയുള്ളൂ.