ജോർജിയയിൽ ജനങ്ങൾ നേരിട്ടു തിരഞ്ഞെടുക്കുന്ന അവസാനത്തെ പ്രസിഡന്റ് എന്ന അപൂർവ ബഹുമതി ഇനി ഒരു വനിതയ്ക്കു സ്വന്തം. ആ റെക്കോർഡ് ഇനി ഒരു പുരുഷനും തിരുത്താനും സാധിക്കില്ല. സലോമി സുരബിഷ്‍വ്‍ലിയാണ് പ്രസിഡന്റ് പദവിക്കൊപ്പം ജോർജിയയുടെ ചരിത്രത്തിലെ അസാധാരണ റെക്കോർഡും ഒരുമിച്ചു സ്വന്തമാക്കിയിരിക്കുന്നത്.
രാജ്യത്തെ ആദ്യത്തെ വനിതാ പ്രസിഡന്റ് കൂടിയാണ് സലോമി. ബുധനാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ജോർജിയ ഡ്രീം പാർട്ടിയുടെ പിന്തുണയിൽ മൽസരിച്ച സലോമി 59 ശതമാനം വോട്ടു നേടി. എതിരാളി ഗ്രിഗോൾ വഷാദ്സെയ്ക്ക് 40 ശതമാനം വോട്ടു മാത്രമേ ലഭിച്ചുള്ളൂ. ഇനി ഒരു തിരഞ്ഞെടുപ്പിലും ജോർജിയയിൽ ജനങ്ങൾക്കു നേരിട്ടു പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുമാവില്ല. 2024 മുതൽ ഇലക്ടറൽ കോളജ് ആയിരിക്കും പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത്. കഴിഞ്ഞവർഷം നടത്തിയ നിയമഭേദഗതിയിലൂടെയാണ് രാജ്യത്ത് സുപ്രധാന മാറ്റം നടപ്പാക്കുന്നത്.
പ്രസിഡന്റ് പദവിയിൽ എത്തുന്ന അറുപത്തിയാറുകാരിയായ സലോമിയുടേത് മധുരമായ തിരിച്ചുവരവുകൂടിയാണ്. 1921ൽ സോവിയറ്റ് അധിനിവേശത്തെത്തുടർന്ന് ജോർജിയയിൽനിന്നു ഫ്രാൻസിലേക്ക് രക്ഷപ്പെട്ട അഭയാർഥികളാണ് സലോമിയുടെ മാതാപിതാക്കൾ. സലോമി ജനിച്ചതു പാരീസിൽ. ഒരിക്കൽ മാതാപിതാക്കൾക്ക് ഉപേക്ഷിക്കേണ്ടിവന്ന നാട്ടിലേക്ക് ഉന്നത പദവിയിൽതന്നെ മടങ്ങിവന്നിരിക്കുകയാണ് മകൾ.
ഫ്രഞ്ച് വിദേശകാര്യവകുപ്പിൽ ഔദ്യോഗിക ജോലി തുടങ്ങിയ സലോമി ജോർജിയൻ തലസ്ഥാനമായ തിബ്‍ലിസിൽ 2003ൽ അംബാസഡറായി നിയോഗിക്കപ്പെട്ടു. പിന്നീട് ആ പദവി ഉപേക്ഷിച്ച് ജോർജിയയിലെ വിദേശകാര്യവകുപ്പ് മന്ത്രിയായി.
പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ആദ്യത്തെ റൗണ്ടിൽ ലഭിച്ചതിനേക്കാൾ 20 ശതമാനം വോട്ട് കൂടുതൽ നേടിയാണ് സലോമി പ്രസിഡന്റ് പദവിയിൽ എത്തുന്നത്. വോട്ടിങ് ശതമാനത്തിലുണ്ടായ വർധനവ് വലിയൊരു ചർച്ചാവിഷയവുമാണ്. സലോമി പ്രസിഡന്റ് ആകുന്നത് റഷ്യയുമായുള്ള ബന്ധം മോശമാക്കുമോ എന്ന് ആശങ്കപ്പെടുന്നരുമുണ്ട്. 2008–ൽ സലോമി നടത്തിയ ഒരു വിവാദ പ്രസ്താവാനയാണ് കാരണം. റഷ്യയുമായുള്ള യുദ്ധം തുടങ്ങിവച്ചത് ജോർജിയ ആണെന്നാണ് സലോമി പറഞ്ഞത്. ഈ പരാമർശം മറക്കാനോ സലോമിക്കു മാപ്പുകൊടുക്കാനോ ഇപ്പോഴും രാജ്യത്തെ ഒരു വലിയ ജനവിഭാഗം തയാറായിട്ടില്ല. യുക്രെയിൻ–റഷ്യ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പെട്ടെന്നു റഷ്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താനാകുമെന്ന പ്രതീക്ഷയില്ലെന്ന് പ്രസിഡന്റായ ഉടൻ അവർ പ്രസ്താവിക്കുകയും ചെയ്തു.
അതേസമയം, ക്രമക്കേടുകളിലൂടെയാണ് സലോമി ഉന്നതപദവിയിൽ എത്തിയതെന്ന് എതിരാളി ഗ്രിഗോൾ ആരോപിക്കുന്നു. വോട്ടെടുപ്പിൽ ക്രമക്കേടു നടന്നെന്നാണ് മുഖ്യമായും അവർ ആരോപിക്കുന്നത്.