ചെന്നൈ∙ സ്കീസോഫ്രീനിയ റിസർച് ഫൗണ്ടേഷൻ (സ്കാർഫ്)1985 ൽ സ്ഥാപിക്കുമ്പോൾ ഡോ. ശാരദ മേനോനു കുറേയേറെ ലക്ഷ്യങ്ങൾ മനസ്സിലുണ്ടായിരുന്നു. ആ ലക്ഷ്യങ്ങൾ പൂർത്തീകരിച്ചു തീരാത്തതു കൊണ്ടാണ് ഈ 93–ാമത്തെ വയസ്സിലും വിശ്രമമില്ലാതെ ജോലി ചെയ്യുന്നത്. താളം തെറ്റിയ മനസ്സുകളെ സാധാരണ ജീവിതത്തിലേക്കു കൊണ്ടു വരാൻ സ്വയം സമർപ്പിച്ച് ഈ മലയാളി ഡോക്ടറുടെ സേവന വഴിയിൽ ഇപ്പോൾ അവ്വയ്യാർ പുരസ്കാരത്തിന്റെ നിറവും.
ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടിയ വർഷമാണു ശാരദ മേനോൻ മെഡിക്കൽ ബിരുദം നേടിയത്. സ്ത്രീകൾ സ്കൂളിൽ പോകുന്നതു തന്നെ അത്ര സാധാരണമല്ലാത്ത കാലത്തായി രുന്നു ഒറ്റപ്പാലം സ്വദേശിനിയായ ശാരദ മദ്രാസ് മെഡിക്കൽ കോളജിൽ എംബിബിഎസിനു ചേർന്നത്. ബിരുദം കഴിഞ്ഞാൽ വിവാഹമെന്നായിരുന്നു ജഡ്ജിയായിരുന്ന അച്ഛൻ കെ.എസ്. മേനോന്റെ നിലപാട്. എന്നാൽ ഡോക്ടറാകണമെന്ന നിലപാടിൽ മകൾ ഉറച്ചു നിന്നതോടെ വീട്ടുകാർ വഴങ്ങി. 1953 ൽ ജനറൽ മെഡിസിനിൽ എംഡി കഴിഞ്ഞ ശേഷമാണ് മനോരോഗ ചികിൽസ പഠിക്കാനുളള തീരുമാനത്തിലെത്തി യത്.
മനോരോഗികളെ മൃഗങ്ങളേക്കാൾ മോശമായി കണ്ടിരുന്ന അക്കാലത്ത് വിപ്ലവകരമായ തീരുമാനം. ഡിപ്ലോമ ഇൻ സൈക്യാട്രിക് മെഡിസിന് (ഡിപിഎം) ലണ്ടനിൽ പോയെങ്കിലും അച്ഛന്റെ രോഗം വഷളായതോടെ പഠനം പൂർത്തിയാക്കാതെ തിരിച്ചു പോരേണ്ടി വന്നു. പിന്നീട് ബെംഗളൂരുവിലെ ഓൾ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്തിൽ (ഇപ്പോഴത്തെ നിംഹാൻസ്) നിന്നാണു ഡിപിഎം പൂർത്തിയാക്കിയത്.
ഇന്ത്യയിൽ പ്രാക്ടീസ് തുടങ്ങിയ ആദ്യ മനോരോഗ ചികിൽസക എന്ന വിശേഷണം കൂടി അന്ന് അവർക്കൊപ്പം കൂടി. 1959ൽ മദ്രാസ് ഗവ. മെന്റൽ ആശുപത്രിയിൽ ഡോ. ശാരദ ജോലിക്കു ചേർന്നതോടെ ഈ രംഗത്ത് ഒരു ചരിത്രം പിറക്കുകയായി രുന്നു.
അന്നൊക്കെ മാനസികരോഗാശുപത്രികളിൽ ‘അഡ്മിറ്റ്’ ചെയ്യുക മാത്രമേയുളളൂ, ആരെയും ‘ഡിസ്ചാർജ്’ ചെയ്യാറില്ല. ഇതിനൊരു മാറ്റമുണ്ടാക്കുകയാണ് അവർ ആദ്യം ചെയ്തത്. രോഗികളുടെ വിശദാംശങ്ങൾ എല്ലാം ഉൾക്കൊളളിച്ച് വിശദമായ ചാർട്ട് ഉണ്ടാക്കി. അസുഖം ഭേദമാകുന്ന മുറയ്ക്കു ബന്ധുക്കളെ വിളിച്ചു വരുത്തി ബോധവൽക്കരിച്ച് അവർക്കൊപ്പം തിരിച്ചു വിട്ടു തുടങ്ങി.
തുടർന്നങ്ങോട്ട് ഒരു ഓട്ടമായിരുന്നു. അതിനിടെ പിന്നിട്ട നാഴികക്കല്ലുകൾ വിവിധ ചികിൽസാ വിഭാഗങ്ങളായും ഡേ കെയർ സെന്ററുകളായും ഇൻഡസ്ട്രിയൽ തെറപ്പി കേന്ദ്രങ്ങളായും റിക്രിയേഷൻ തെറപ്പി സെന്ററുകളായും സ്പെഷ്യൽറ്റി ക്ലിനിക്കുകളായും തലയുയർത്തി നിൽക്കുന്നു.
മനോദൗർബല്യമുളളവർക്കു വേണ്ടിയുളള ഇന്ത്യയിലെ ആദ്യ സംരഭമായ സ്കോർഫിലൂടെ സാധാരണ ജീവിതത്തിലേക്കു തിരിച്ചെത്തിയ ആയിരക്കണക്കിനു രോഗികളുണ്ട്. രോഗശാ ന്തിക്കും തുടർന്നുളള സാധാരണ ജീവിതത്തിനുമിടയിൽ ഇരുൾ മൂടിയ ഒരു തുരങ്കമുണ്ട്. നമ്മുടെ സമൂഹത്തിൽ. രോഗം ഭേദമായവർക്കും സമൂഹത്തിനും വെളിച്ചം പകർന്ന് ഈ തുരങ്കം കടക്കാൻ സഹായിക്കുകയാണ് സ്കാർഫ് ചെയ്യുന്നത്.
ഒട്ടേറെ സംരഭങ്ങൾ സ്കാർഫിന്റെ കീഴിൽ പ്രവർത്തിക്കു ന്നുണ്ട്. രോഗം മാറിയ നൂറുകണക്കിന് ആളുകൾ ദൈവത്തെ പ്പോലെ കാണുന്നു ഡോ. ശാരദയെ. ഇരുണ്ട കാലം പിന്നിട്ട് അവർ കുടുംബത്തോടൊപ്പം എത്തി കൈപിടിച്ച് പറയുന്ന നന്ദിക്കും അപ്പോൾ അവരുടെ കണ്ണുകളിലെ തിളക്കത്തിനും തനിക്ക് രാജ്യം നൽകിയ പത്മഭൂഷനോളം തന്നെ വില കൽപ്പിക്കുന്നുണ്ട് ഈ ഡോക്ടർ.