Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സഭയിലെ ചർച്ച നയിക്കാൻ വീണ

വീണാ ജോർജ് വീണ ജോർജ്

അധ്യാപിക, മാധ്യമ പ്രവർത്തക, അഭിനേത്രി, രാഷ്ട്രീയക്കാരി – ഈ വിശേഷണങ്ങൾക്കെല്ലാം ഉടമ ഒരാളാണ്. ആറന്മുളയിൽ നിന്നും വിജയിച്ച എൽ ഡി എഫ് സ്ഥാനാർഥി വീണാ ജോർജ്. വാക് സാമർത്ഥ്യം കൊണ്ടും ശരീര ചേഷ്ടകൾ കൊണ്ടും ജനങ്ങളുടെ പഴികേട്ട ചില മാധ്യമപ്രവർത്തകരിൽ നിന്നും വ്യത്യസ്തയായി ആഴത്തിലുള്ള അറിവും സ്വതസിദ്ധമായ അവതരണ പാടവും കൊണ്ട് മാധ്യമലോകത്ത് നിറഞ്ഞു നിന്ന വീണജോർജ്. മാധ്യമപ്രവർത്തകയിൽ നിന്ന് രാഷ്ട്രീയക്കാരിയിലേക്ക് വീണ നടന്നു തീർത്ത 17 വർഷങ്ങൾ. വീണജോർജിനെ പറ്റി കൂടുതൽ അറിയാം.

കോളേജ് കാലഘട്ടത്തിൽ തന്നെ വ്യക്തമായ രാഷ്ട്രീയ നിലപാട് സ്വീകരിച്ച വീണ മാധ്യമപ്രവർത്തനത്തിലേക്ക് വരുന്നത് 2000 ൽ ആണ്. ജേണലിസ്റ്റ് ട്രെയിനിയായി തുടങ്ങിയ ആ മാധ്യമ ജീവിതം 17 വർഷം പിന്നിടുമ്പോൾ വീണ എത്തി നിൽക്കുന്നത് ആറന്മുളയുടെ ഹൃദയമറിഞ്ഞ ജനപ്രതിനിധിയായാണ്. എതിർസ്ഥാനാർഥികളായ പുരുഷന്മാരേക്കാൾ 7561 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് വീണ വിജയിച്ചത്.

വനിതാ ദിനത്തോടനുബന്ധിച്ച് മലയാള ദൃശ്യമാധ്യമ ചരിത്രത്തിലെ ആദ്യ ലൈവ് ടെലിവിഷന്‍ ചര്‍ച്ച നടത്തിയത് വീണയുടെ കരിയറിൽ ഏറെ ശ്രദ്ധനേടി കൊടുത്തു. ഊർജതന്ത്രത്തോടുള്ള ഇഷ്ടം മൂലം രണ്ട് വർഷത്തോളം പത്തനംതിട്ട കാതോലിക്കറ്റ് കോളേജിൽ ഫിസിക്സ് വിഭാഗത്തിൽ അധ്യാപികയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. പിന്നീട് വീണയെ കാണുന്നത് മനോരമന്യൂസിൽ സബ്എഡിറ്ററായാണ്. വീണയുടെ ജീവിതത്തിൽ കരിയർ വളർച്ചയുടെ ഘട്ടമായിരുന്നു. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കു വേണ്ടിയുള്ള ക്യാമ്പയിനില്‍ ഉള്‍പ്പെടെ അവഗണിക്കപ്പെടുന്നവര്‍ക്കുവേണ്ടിയുള്ള പോരാട്ടങ്ങളിലൂടെ മാധ്യമരംഗത്തെ വേറിട്ട മുഖമായി മാറി.

രാഷ്ട്രീയ–സാമൂഹ്യ, മാധ്യമ മേഖലകളിലെ വ്യക്തികളോട് അഭിമുഖങ്ങളിൽ കുറിക്കുകൊള്ളുന്ന ചോദ്യങ്ങൾ ചോദിച്ചും. വാർത്തകളെയും പ്രശ്നങ്ങളെയും വിശദമായി പഠിച്ച് അവതരിപ്പിച്ചും അവർ മാധ്യമരംഗത്ത് തൻറേതായ സ്ഥാനം ഉറപ്പിച്ചു നിർത്തി. ഉറച്ച നിലപാടുകളും ആത്മസമർപ്പണവും കരിയറിൽ ഉയരങ്ങളിലെത്താൻ അവരെ സഹായിച്ചപ്പോൾ നിരവധി അംഗീകാരങ്ങളും പുരസ്കാരങ്ങളും വീണയെ തേടി വന്നു. മലയാള ടിവി ചാനലിൻെറ ചരിത്രത്തിലെ ആദ്യത്തെ വനിത എക്സിക്യൂട്ടീവ് എഡിറ്റർ എന്ന പദവി സ്വന്തമാക്കിയ വനിത എന്ന് അവരെ മാധ്യമലോകം വാഴ്ത്തി. ഈ കാലയളവിലാണ് രാഷ്ട്രീയത്തിലേക്കുള്ള വാതിൽ വീണയ്ക്കു മുന്നിൽ തുറന്നത്.

വീണ  ജോർജ് പ്രചാരണവേളയിൽ പ്രചാരണ വേളയിൽ

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ള മണ്ഡലമായ ആറന്മുളയില്‍ നടന്ന ശക്തമായ ത്രികോണ മത്സരത്തിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും സിറ്റിങ് എംഎല്‍എയുമായ ശിവദാസന്‍ നായരെ 7561 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് വീണ ജോർജ് മുന്നിലെത്തിയത്. മാധ്യമലോകത്ത് നിറഞ്ഞ് നിന്ന വീണ ജോര്‍ജിന്‍റെ ആറന്‍മുളയിലെ സ്ഥാനാര്‍ത്ഥിത്വം ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. നിയമസഭയില്‍ വനിതാ ജനപ്രതിനിധികളെ അപമാനിച്ചതായി ആരോപിതനായ ശിവദാസന്‍നായര്‍ക്കെതിരെ വനിതാ മാധ്യമപ്രവര്‍ത്തക മത്സരിക്കുന്നതുകൊണ്ടുതന്നെ കേരളം ഏറെ ചര്‍ച്ചചെയ്യപ്പെട്ട മണ്ഡലമായിരുന്നു ആറന്മുള.

തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് അനുകൂലമായിട്ടായിരുന്നു ആറന്മുള വിധിയെഴുതിയത്. പ്രതികൂല സാഹചര്യത്തിലും കുപ്രചരണത്തിലും അടിപതറാതെ വീണ ജയിച്ചു കയറി. കെട്ടിച്ചമച്ച കഥകളിലൂടെയും വർഗീയതകലർത്തിയ ആരോപണങ്ങളിലൂടെയും വീണയെ വ്യക്തിഹത്യ ചെയ്യാൻ തയാറായവർക്കു മുന്നിൽ വികാരഭരിതയായി പ്രതികരിക്കാതെ ശക്തമായ പ്രതികരണങ്ങളിലൂടെ വീണ തെളിയിച്ചു ആറന്മുളയുടെ ഭരണം ഈ വളയിട്ട കൈകളിൽ ഭദ്രമാണെന്ന്.

ഒരു മതവിഭാഗത്തിൻെറ പ്രതിനിധിയായി തന്നെ പ്രതിഷ്ഠിച്ചവർക്കുള്ള മറുപടിയായി വീണ ഫേസ്ബുക്കിൽ കുറിച്ചതിങ്ങനെ – വര്‍ഗീയ ധ്രുവീകരണത്തിനെതിരെ പ്രസംഗിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന എന്നെ ഒരു പ്രത്യേക മത വിഭാഗത്തിന്റെ പ്രതിനിധിയായി വിലയിരുത്തുന്നതെന്തിനാണ്? 17 വര്‍ഷം മാധ്യമ പ്രവര്‍ത്തനം നടത്തിയത് ഏതെങ്കിലുമൊരു മതത്തിന്റെ പ്രതിനിധിയായല്ല. സീറ്റുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ കടുത്ത സ്ത്രീവിരുദ്ധതയെ തുടര്‍ന്നാണ്. ഒരു സ്ത്രീക്ക് ലഭിക്കുന്ന പരിഗണന അവളുടെ കുടുംബാംഗങ്ങളുടെ പ്രവര്‍ത്തന മേഖലയിലെ സ്വാധീനം കൊണ്ടാണെന്ന് വരുത്തിതീര്‍ക്കുന്നത് സ്ത്രീവിരുദ്ധതയാണ്. വിദ്യാഭ്യാസകാലം മുതല്‍ക്കേ ഇടതുപക്ഷ സഹയാത്രികയാണെന്ന് വ്യക്തമാക്കി അടിസ്ഥാനരഹിതവും നിരുത്തരവാദപരവുമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ക്ക് തന്നെ തളര്‍ത്താന്‍ ആവില്ലെന്നു പറഞ്ഞാണ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിച്ചത്.

രാഷ്ട്രീയക്കാരും മാധ്യമപ്രവർത്തകരും വീണ്ടും ഒളിഞ്ഞും തെളിഞ്ഞും വീണയ്ക്കുനേരെ ഒളിയമ്പുകൾ എയ്തുകൊണ്ടിരുന്നു. നിരപരാധിയെ കള്ളക്കേസിൽ കുടുക്കി എന്നതായിരുന്നു വീണയ്ക്കു മേൽ ഉണ്ടായ അടുത്ത ആരോപണം. ഒരു മാധ്യമ പ്രവർത്തകൻെറ ഫേസ്ബുക്ക് പോസ്റ്റായിരുന്നു വീണക്കെതിരെ ഉയർന്നു വന്ന ആരോപണത്തിന് ആധാരം. മാധ്യമപ്രവര്‍ത്തകന്‍ ഗിരീഷ് ജനാര്‍ദനന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ പറയുന്നതിങ്ങനെ വീണ ജോര്‍ജ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പീഡിപ്പിക്കപ്പെട്ട സനോജ് എന്ന യുവാവിനോട് വീണ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ളതായിരുന്നു ആ പോസ്റ്റിൽ കേസിനാസ്പദമായ സംഭവത്തെക്കുറിച്ച് വിവരിക്കുന്നതിങ്ങനെ. :2015 നവംബറില്‍ തന്നെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന് ആരോപിച്ച് വീണ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇടപ്പള്ളി സ്വദേശിയായ സനോജ് എന്ന ലോറി ഡ്രൈവറെ പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തു. ഐ.പി.സി 506 (1) അടക്കം ഒന്നിലധികം വകുപ്പുകള്‍ പ്രകാരം കേസ് കേസ് ചുമത്തപ്പെടുകയും സനോജിന് 14 ദിവസം ജയിലില്‍ കിടക്കേണ്ടിയും വന്നു. എന്നാല്‍ വീണ ജോര്‍ജിനെ അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് ആരോപിക്കപ്പെടുന്ന സമയത്ത് സനോജ് ജോലി സ്ഥലത്തായിരുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചു.ദൃശ്യങ്ങള്‍ കണ്ട വീണ താടിക്ക് കൈ കൊടുത്തിരുന്നു പോയെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. എന്നാല്‍ നിരപരാധിത്വം തെളിയിക്കപ്പെട്ടിട്ടും സനോജ് ഇപ്പോഴും കേസില്‍ പ്രതിയാണ്. അദ്ദേഹത്തിന്റെ കല്യാണവും മുടങ്ങി. ഈ സാഹചര്യത്തില്‍ വസ്തുത അറിയാവുന്ന വീണ ജോര്‍ജ് സനോജിന്റെ വീട്ടില്‍ ചെന്ന് അദ്ദേഹത്തോട് മാപ്പ് പറയണമെന്നായിരുന്നു ആ പോസ്റ്റിട്ടയാളുടെ ആവശ്യം.

അതിനു മറുപടിയായി വീണ ഫേസ്ബുക്കിൽ കുറിച്ചതിങ്ങനെ...

ഇര മാപ്പ് പറയണം എന്നത് വേട്ടക്കാരന്റെ ക്രൂരത

കുഞ്ഞുങ്ങളെ സ്‌കൂളില്‍ വിട്ടതിനു ശേഷം മടങ്ങുമ്പോള്‍ ഞങ്ങളുടെ വാടകവീട്ടിലേക്കുള്ള സ്വകാര്യ വഴിയില്‍ പതിയിരുന്ന് ആക്രമിക്കുകയും ബൈക്കിടിച്ച് അപായപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത അജ്ഞാതനായ അക്രമിയെ കണ്ടുപിടിച്ച് നീതിന്യായവ്യവസ്ഥയ്ക്ക് മുന്നില്‍ കൊണ്ടുവരണം എന്ന് ഞാന്‍ പരാതി കൊടുത്തു. സംഭവം നടന്നിട്ട് അഞ്ചു മാസമാകുന്നു. ബഹളം കേട്ട് ആളുകള്‍ ഓടി വന്നപ്പോഴാണ് അക്രമി ബൈക്കില്‍ രക്ഷപെട്ടത്. അന്ന് ആളുകള്‍ ഓടി വന്നില്ലായിരുന്നെങ്കില്‍ മറ്റൊരു സൗമ്യ കൂടി ഉണ്ടാകുമായിരുന്നു. അവിടെ ആളുകള്‍ ഉണ്ടാകുമെന്ന് പ്രതി കരുതിയില്ല. വളരെ ആസൂത്രിതമായി നിര്‍വ്വഹിക്കാന്‍ ശ്രമിച്ച കുറ്റകൃത്യത്തിലെ പ്രതിയെ അന്വേഷിച്ചതും കണ്ടെത്തിയതും പോലീസാണ്. ഞാനല്ല. എനിക്ക് അയാളെ അതിന് മുന്‍പ് അറിയുകയുമില്ല. പിടിക്കപ്പെട്ടാല്‍ രക്ഷപെടാന്‍ പ്രതി ഏതു മാര്‍ഗവും സ്വീകരിക്കുമെന്നുള്ളത് ഇപ്പോള്‍ കൂടുതല്‍ വ്യക്തമാകുന്നു.

വീണ  ജോർജ് പ്രചാരണവേളയിൽ വിജയാഘോഷം

അഞ്ചു മാസം മുന്‍പ് നടന്ന സംഭവം ഇപ്പോള്‍ കോടതിക്ക് മുന്നിലാണ്. ഇക്കാലയളവില്‍ ഇല്ലാതിരുന്ന ആരോപണം ഇപ്പോള്‍ എങ്ങനെ ഉണ്ടായി. ഇരയാക്കപ്പെട്ട ആള്‍ മാപ്പ് പറയണം എന്നത് നമ്മുടെ നാട്ടിലെ സ്ത്രീകളുടെ ദയനീയാവസ്ഥ വ്യക്തമാക്കുന്നു. തെളിവുകളും സാക്ഷികളും ഉള്ള കേസില്‍ നുണപ്രചരണം വിലപ്പോവില്ല. തിരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ കള്ളക്കഥകള്‍ മെനഞ്ഞ് സോഷ്യല്‍ മീഡിയയിലൂടെ ഉള്ള അസത്യപ്രചരണത്തിന്റെ ഉദ്ദേശ്യം വ്യക്തമാണ്. സ്ത്രീകള്‍ സുരക്ഷിതരെന്ന് കരുതുന്ന ഇവിടെ ഇതിന് മുന്‍പും പിന്‍പും ഈ ദുരനുഭവം എത്രയോ സ്ത്രീകള്‍ക്ക് ഉണ്ടായി കാണും. തിരഞ്ഞെടുപ്പ് രംഗത്ത് നുണപ്രചരണം നടത്തിയാല്‍ ഞാന്‍ ഭയന്നോടും എന്ന് ചിലര്‍ സ്വപ്‌നം കണ്ടുകാണും.
ഇര അക്രമിയുടെ മുന്നില്‍ മാപ്പ് പറയണം എന്ന നീതി ശാസ്ത്രം കേരളീയസമൂഹത്തില്‍ വിലപ്പോവില്ല.

ഒരു സ്ത്രീയും ഇങ്ങനെ ആക്രമിക്കപ്പെടരുത്. ഇനി ഒരിയക്കലും ഈ ദുരനുഭവം ഒരു സ്ത്രീയ്ക്കും ഉണ്ടാകരുത്. സ്വന്തം അമ്മയും സഹോദരിയും ഭാര്യയുമാണ് ഇങ്ങനെ ആക്രമിക്കപ്പെടുന്നതെങ്കില്‍ അവരെകൊണ്ട് പ്രതിയോട് മാപ്പ് പറയിക്കുമോ. നീതി ലഭിക്കാന്‍ എന്റെ അവസാന നിമിഷം വരെ ഞാന്‍ പോരാടും.

(ഗിരീഷ് എന്ന ഒരാളുടെ പോസ്റ്റ് കണ്ടു. ഗിരീഷ് എന്നു പറയുന്ന ആളെ എനിക്ക് അറിഞ്ഞു കൂടാ. അദ്ദേഹത്തിന്റെ പ്രിയപെട്ടവർക്ക് നേരെയാണ് ആക്രമണം ഉണ്ടാകുന്നതെങ്കില്‍ , ആക്രമിച്ചു അവളെ കൊന്നുകൊള്ളൂ എന്ന് പറയുമായിരിക്കാം. അദ്ദേഹത്തിന് പരാതിയും കാണില്ലായിരിക്കാം. അദ്ദേഹത്തിന്റെ പോസ്റ്റിലെ വീണയും തബലയും പ്രയോഗവും ,ഓര്‍ത്തഡോക്‌സ് ദമ്പതി പ്രയോഗവും അദ്ദേഹത്തിന്റെ ഇന്റന്‍ഷന്‍ വ്യക്തമാക്കുന്നു. രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്ന സ്ത്രീയുടെ ഭര്‍ത്താവിന് അദ്ദേഹം നല്‍കുന്ന വിശേഷണവും കൊള്ളാം . അദ്ദേഹത്തെ പൊതുസമൂഹം വിലയിരുത്തട്ടെ. )

കേരളത്തിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പ് പ്രചരണ ചുമരെഴുത്ത് കേരളത്തിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പ് ചുമരെഴുത്ത്

തിരഞ്ഞെടുപ്പ് ചൂടുപിടിക്കുമ്പോഴും ചുമരെഴുത്തുകളിൽവരെ വീണ വേറിട്ട് നിൽക്കണമെന്ന് അണികൾ തീരുമാനിച്ചതും തിരഞ്ഞെടുപ്പുകാലത്തെ രസകരമായ കാഴ്ചയായി. കേരളത്തിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പ് പ്രചരണ ചുമരെഴുത്ത് എന്ന ഖ്യാതിയോടെ കേരള എക്സ്പ്രസിൻെറ മാതൃകയിലൊരുക്കിയ 120 മീറ്റർ നീളമുള്ള ചുമരെഴുത്ത് മതിലുകളിൽ തലയെടുപ്പോടെ നിൽക്കുന്നതും മാധ്യമങ്ങളിൽ വാർത്തയായി.

വീണാ ജോർജ് വീണ ജോർജ്

രാഷ്ട്രീയക്കാരേക്കാൾ ഈ തിരഞ്ഞെടുപ്പ് കാലത്ത് തന്നെ പതിയിരുന്നാക്രമിച്ചത് ചില മാധ്യമസഹജീവികൾ തന്നെയാണെന്ന് വീണ തുറന്നു പറഞ്ഞിരുന്നു. വാക് പോരുകളും ഒളിയുദ്ധങ്ങളും കഴിഞ്ഞ് ജനം വിധിയെഴുതിയപ്പോൾ ആറമ്മുള വീണക്കൊപ്പം നിന്നു. ഇനി കാത്തിരിക്കാം വീണ വന്നു എല്ലാം ശരിയാകുമോ എന്നറിയാൻ.
 

Your Rating: