അർഹതയുള്ളവർ അതിജീവിക്കുമെന്നു പറഞ്ഞതു ചാൾസ് ഡാർവിനാണ്. ഭൂമിയിലെ ജീവജാലങ്ങളെ പൊതുവായി ഉദ്ദേശിച്ചുകൊണ്ടു നടത്തിയ പ്രവചനം. ഡാർവിന്റെ മനസ്സിൽ അപ്പോൾ പ്രത്യേകിച്ചൊരു ജീവിവർഗമില്ലായിരുന്നെങ്കിലും സ്വസ്ഥമായ നിലനിൽപിനും ആഗ്രഹസാക്ഷാത്കാരങ്ങളുടെ ഭാവിക്കുംവേണ്ടി ലോകത്തിന്നും പോരാടുന്നൊരു വർഗമുണ്ട്. നിശ്ശബ്ദമായി സഹിച്ചും നീതിക്കുവേണ്ടി അധ്വാനിച്ചും ജീവിക്കുന്നവർ.
ജീവന്റെ തുടർച്ചയ്ക്കു കാരണക്കാരെങ്കിലും ജീവിതത്തിന്റെ അടിസ്ഥാനഅവകാശങ്ങൾ നിഷേധിക്കപ്പെടുന്നവർ. കഥകളിലും കാവ്യങ്ങളിലും പാട്ടിലും ഈണത്തിലും പ്രകീർത്തിക്കപ്പെടുമെങ്കിലും സ്വന്തമായ വീടിന്റെ അകത്തളങ്ങളിൽപ്പോലും സുരക്ഷിതത്ത്വമില്ലായ്മ അനുഭവിക്കുന്നവർ.
ഉറക്കെച്ചിരിക്കാനും ഉറച്ചുശബ്ദിക്കാനും അനുവാദം ചോദിച്ചുനിൽക്കേണ്ടിവരുന്നവർ. അവകാശങ്ങളെക്കുറിച്ചു ബോധമുദിച്ചു പോരാട്ടത്തിനിറങ്ങിയാൽ അവമതിക്കപ്പെടുന്നവർ. നമുക്കുചുറ്റുമുള്ളവർ. നമുക്കിടയിലും നമ്മുടെതന്നെ ഭാഗവുമായവർ. ഓരോ നിമിഷവും അവർ പോരാടേണ്ടിവരുന്നു. അവർ ജീവിക്കുകയല്ല, അതിജീവിക്കാൻ ആവതും പരിശ്രമിക്കുകയാണ്. അവർക്കൊരു ദിനമുണ്ട്. മാർച്ച് എട്ട് – ലോകവനിതാദിനം.
ഇനിയും സാക്ഷാത്കരിക്കപ്പെടാത്ത വലിയൊരു സ്വപ്നത്തിന്റെ ഓർമപ്പെടുത്തലാണ് ഓരോ വനിതാദിനവും: ആഗോളതലത്തിലെ സ്ത്രീ–പുരുഷ സമത്വം.ആചാരങ്ങൾ അവസാനിക്കുമ്പോൾ, ആഘോഷങ്ങൾക്കു കൊടിയിറങ്ങുമ്പോൾ ഇനിയുമടങ്ങാത്ത തേങ്ങൽ പോലെ, കരഞ്ഞുതീരാത്ത കണ്ണീർ പോലെ ലിംഗസമത്വമെന്ന ആദർശം അകന്നകന്നുപോകുന്നു; ലോകം നിസ്സഹായമായി നോക്കിനിന്നു നെടുവീർപ്പിടുന്നു.
രണ്ടുവർഷം മുമ്പ് ലോക സാമ്പത്തിക ഫോറം പുറത്തുവിട്ട കണക്കുകൾ സ്വപ്നം കൂടുതൽ അപ്രാപ്യമാകുന്നുവെന്ന മുന്നറിയിപ്പിന്റെ മണി മുഴക്കി. ആഗോളതലത്തിൽ ലിംഗസമത്വം യാഥാർഥ്യമാകാൻ 2095– വരെയെങ്കിലും കാത്തിരിക്കണം. ഒരുവർഷം കഴിഞ്ഞു വീണ്ടും കണക്കെടുത്തപ്പോൾ ലക്ഷ്യത്തിലേക്കു ലോകം അത്രവേഗമൊന്നും അടുക്കുന്നില്ലെന്ന തിരിച്ചറിഞ്ഞു : 2133 – എങ്കിലുമാകാതെ ആഗോളതലത്തിൽ സ്ത്രീ–പുരുഷ വ്യത്യാസത്തിന്റെ അതിരുകൾ മാഞ്ഞുപോകില്ല.
കണക്കെടുപ്പു നടത്തിയവരുടെയും വായിക്കുന്നവരുടെയും ജീവിതകാലത്തു നടക്കാനിടയില്ലെങ്കിലും വരാനിരിക്കുന്ന തലമുറകൾക്കു ജീവിതം ശാപമാകാതിരിക്കണമെങ്കിൽ, ജീവന്റെ പുണ്യം നുകരാൻ ലോകം ഒരുമിച്ചൊരു പ്രതിജ്ഞയിൽ പങ്കുചേരണം. ഇത്തവണത്തെ വനിതാദിനം അതാവശ്യപ്പെടുന്നു. തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ, തുടരുന്ന അവഗണനയും അവമതിയും അവസാനിക്കാൻ, ലോകത്തിന്റെ സുസ്ഥിരമായ നിലനിൽപിനുവേണ്ട പ്രതിജ്ഞ. സമത്വത്തിന്റെ പാതയിൽ ആശയും ആവേശവുമാകുന്ന പ്രതിജ്ഞ:
കൂടുതൽ വേഗത്തിൽ, കൂടുതൽ ശക്തിയിൽ ആഗോള സ്ത്രീ–പുരുഷ സമത്വം യാഥാർഥ്യമാക്കുക.
ഇനി വേണ്ടത് അർത്ഥം നശിച്ച വാക്കുകളല്ല; ലക്ഷ്യത്തിലേക്കു നയിക്കുന്ന അർത്ഥപൂർണമായ പ്രവൃത്തികൾ. സ്ത്രീകളും പെൺകുട്ടികളുമുൾപ്പെടെയുള്ള വനിതകളുടെ ആഗ്രഹസാക്ഷാത്കാരങ്ങൾ പ്രാധാന്യം അർഹിക്കുന്നു. അർഹതപ്പെട്ട വിദ്യാഭ്യാസം നേടാനുള്ള അവകാശം. ഇഷ്ടപ്പെട്ട വിഷയം പഠിക്കാനുള്ള അനുവാദം. മനസ്സുകൊണ്ടാഗ്രഹിക്കുന്ന തൊഴിൽമേഖലയിൽ എത്തിച്ചേരാനും ഉയരങ്ങളിലേക്കു കുതിക്കാനുമുള്ള അനുകൂല സാഹചര്യങ്ങൾ. നിഷേധിക്കപ്പെടുന്ന ആഗ്രഹങ്ങളുടെ നിര നീളുന്നു. മനുഷ്യരുടെ കൂട്ടായ കടമയെങ്കിലും ഒരു വിഭാഗം മാത്രം എപ്പോഴും മാറ്റിനിർത്തപ്പെടുന്ന അവസ്ഥ മാറണം. മാറ്റാൻ ലോകം തയ്യാറായേ പറ്റൂ.
ജോലിസ്ഥലങ്ങളിൽ ഒരുമിച്ചിരുന്നു ജോലിചെയ്യുമ്പോൾ വ്യത്യാസങ്ങൾ എന്തിന്. നേതൃനിരയിലേക്ക് ഉയർത്തപ്പെടുമ്പോൾ ചവിട്ടിത്താഴ്ത്തുന്നതെന്തിന്. ഒരോ വ്യക്തിയും മറ്റൊരാളിൽനിന്നു വ്യത്യാസപ്പെട്ടിരിക്കുന്നു. ബാഹ്യരൂപത്തിൽ മാത്രമല്ല, ആന്തരികമായും അഭിരുചികളിലുമൊക്കെ എത്രയോ വ്യത്യാസങ്ങൾ. അവ നിലനിൽക്കെത്തന്നെ സഹകരണത്തിന്റെ ഭൂമിക അസാധ്യമല്ലെന്നു തെളിയിക്കപ്പെട്ടിട്ടുണ്ട്; ഒരിക്കലല്ല, പല വട്ടം. സ്ത്രീകളോടുള്ള സമീപനത്തിലും വ്യത്യാസങ്ങൾ മനസ്സിലാക്കിയും അഭിരുചികൾ അറിഞ്ഞും സ്നേഹിക്കാനും സഹകരിക്കാനും പുരുഷൻ തയ്യാറാകട്ടെ....സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും സ്ത്രീകളും.
അതിശയകരമായ ഒരു ലോകത്തിന്റെ പിറവിയായിരിക്കും അത്. എന്നും കാണുമെങ്കിലും പെട്ടെന്നൊരു ദിനം പതിവുകാഴ്ചയ്ക്കു ഭംഗി കൂടിയതുപോലെ..പതിവുദൃശ്യങ്ങളിൽ കാണാതിരുന്നവ ദൃശ്യപഥത്തിലേക്കു വരുന്നതുപോലെ സ്നേഹത്തിന്റെ സുഗന്ധം നിറഞ്ഞൊഴുകുന്ന ലോകം. ഫലപ്രദമായ സഹകരണത്തിന്റെ പ്രകാശത്താൽ പ്രശോഭിതമായ ദിവസങ്ങൾ. പരസ്പരം അറിഞ്ഞും ആദരിച്ചും പ്രോൽസാഹിപ്പിച്ചും വ്യക്തിത്വങ്ങളുടെ പൂർണത സാധ്യമായ ധീര നൂതന ലോകം. ഇത്തവണത്തെ വനിതാദിനം ലക്ഷ്യത്തിലേക്കു കുറേയേറെ ചുവടുകൾ മുന്നോട്ടുവച്ച് സാർത്ഥകമാക്കാം. സഹകരണത്തിന്റെയും സമഭാവനയുടെയും സംസ്കാരം വാക്കിലും നോക്കിലും പ്രവൃത്തിയിലും സ്വാംശീകരിക്കാം.
ഓരോ വ്യക്തിക്കും സ്വന്തമായ മേഖലകളുണ്ട്. നേതൃത്ത്വം കൊടുക്കാൻ ഓരോരുത്തരും മുന്നോട്ടുവരേണ്ടതുണ്ട്. ഐതിഹാസികമാണു പോരാട്ടം; ഫലം പുതിയൊരു ഇതിഹാസത്തിന്റെ പിറവിയായിരിക്കട്ടെ ! അകന്നുപോകുന്ന സ്വപ്നത്തെ ആടുത്തെത്തിക്കാൻ ഓരോ വാക്കും ഓരോ നോക്കും പ്രവൃത്തിയും ഒരുമിച്ചുചേരുന്ന അസുലഭമായ ദിവസങ്ങൾ. അനന്യമായ നിമിഷങ്ങൾ. കാലത്തിന്റെ കണക്കുപുസ്തകത്തിൽ അവിസ്മരീണീയതയുടെ മായാമുദ്ര പേറുന്ന ദിനങ്ങൾ. തുടക്കം നമ്മുടെ പ്രിയപ്പെട്ടവരുടെ ദിനത്തിൽ– മാർച്ച് എട്ടിന്. ഇനി സ്വപ്നത്തെക്കുറിച്ചു വാചാലമാകുന്നതു നിർത്താം; യാഥാർഥ്യത്തിലേക്കു നടന്നടുക്കാം.