രാജ്യത്തെ സൗഖ്യ വ്യവസായത്തിന്റെ (വെൽനസ് ഇൻഡസ്ട്രി) രാജ്ഞിയെന്നു വിശേഷിപ്പിക്കാറുണ്ടു വന്ദന ലുത്രയെ. കാരണം പലതുണ്ട്. ഫിറ്റ്നസെന്നും വെൽനസെന്നും കേട്ടുപരിചയമില്ലാത്ത ഒരു കാലത്ത്, 1989ൽ വിഎൽസിസി എന്ന കേന്ദ്രം ഇതിനു വേണ്ടി ആരംഭിക്കുക. അതു ലോകത്തിലെ തന്നെ ഏറ്റവും മികച്ച വെൽനസ് ബ്രാൻഡുകളിലൊന്നായി മാറുക, ഫോർച്യൂൺ 500 പട്ടികയിൽ ഇടം നേടുക, പത്മശ്രീ ഉൾപ്പെടെയുള്ള അംഗീകാരങ്ങൾ തേടിയെത്തുക. വേറിട്ട വഴിയിലൂടെ നടന്നാണു വന്ദന ഈ നേട്ടങ്ങളെല്ലാം സ്വന്തമാക്കിയത്. 13 രാജ്യങ്ങളിലായി 153 നഗരങ്ങളിൽ വിഎൽസിസിയുടെ സാന്നിധ്യമുണ്ട്. നാലായിരത്തോളം ജീവനക്കാർ. 250 ലേറെ വിഎൽസിസി വെൽനസ് സെന്ററുകൾ. ഏറെ നേട്ടങ്ങൾ സ്വന്തമാക്കിയ അനുഭവങ്ങളിലൂടെ വന്ദന ലുത്ര.
∙ വേറിട്ട വഴിയിൽ
ആരും ചിന്തിക്കാതിരുന്ന കാലത്ത് ഫിറ്റ്നസ്, വെൽനസ് തുടങ്ങിയ വാക്കുകൾ രാജ്യത്തു പരിചയപ്പെടുത്തി എന്നതാണ് എന്റെ നേട്ടം. കോളജ് കാലത്ത് ഫുഡ്, ന്യൂട്രീഷ്യൻ അനുബന്ധ കോഴ്സാണു പഠിച്ചിരുന്നത്. ശരീരസൗന്ദര്യം ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്നേ മനസിലുണ്ട്. ആളുകൾ വണ്ണം വയ്ക്കുന്നതിന്റെ കാര്യങ്ങളും ശരീര സൗന്ദര്യത്തെക്കുറിച്ചുള്ള അജ്ഞതയുമെല്ലാം എന്നെ ചിന്തിപ്പിച്ചു. പക്ഷേ, ഇക്കാര്യത്തിൽ ഒരു പഠന കേന്ദ്രമോ ഒരു മാതൃകയോ അന്ന് ഇവിടെയുണ്ടായിരുന്നില്ല. അങ്ങനെയാണു ജർമനിക്കു വണ്ടി കയറിയത്. അവിടെ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ അറിഞ്ഞു, കേട്ടു. അവിടെ ന്യൂട്രീഷൻ ആൻഡ് കോസ്മറ്റോളജിയുമായി ബന്ധപ്പെട്ട കോഴ്സിൽ ചേർന്നു.
കുറെക്കാലം അവിടെ ജോലി ചെയ്തു. തുടർന്നാണു നാട്ടിലെത്തി 1989ൽ ഡൽഹിയിൽ ആദ്യ കേന്ദ്രം ആരംഭിച്ചത്. പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. പത്തു പേരുമായി ആരംഭിച്ച സെന്ററിൽ ഒരു മാസം കഴിഞ്ഞതോടെ ആളുകൾ നൂറായി. രണ്ടു മാസത്തിനുള്ളിൽ അടുത്ത സെന്റർ തുടങ്ങി. വണ്ണം കുറയ്ക്കാനെത്തുന്നവരെ അതിനു ശേഷവും വിഎൽസിസിയി ലേക്കെത്തിക്കാൻ ആർബിഎസ് (റഗുലർ ബ്യൂട്ടി സർവീസ്) തുടങ്ങി. അങ്ങനെ വിവിധ വെൽനസ് ഉൽപന്നങ്ങൾ ഉൾപ്പെടെ ഇന്നത്തെ നിലയിലേക്ക്.
∙ ഇന്നും തുടരുന്നു അജ്ഞത
ശരീര സൗന്ദര്യം, ഫിറ്റ്നസ് എന്നിവയുമായി ബന്ധപ്പെട്ട് ഇന്നും ഏറെ അജ്ഞത നിലനിൽപുണ്ട്. എങ്ങനെ ശരീരസൗന്ദര്യം നടത്തണമെന്ന് പലർക്കുമറിയില്ല. വിഎൽസിസിയിൽ കൃത്യമായ കൃത്യമായ പരിശോധന നടത്തി ഡോക്ടർ, ന്യൂട്രീഷ്യൻ, കൗൺസിലർ തുടങ്ങി വ്യത്യസ്ത ആളുകളുടെ അഭിപ്രായവും കൂടി അറിഞ്ഞ ശേഷമാണു പ്രോഗ്രാമുകൾ നടപ്പാക്കുന്നത്. ഓരോരുത്തരുടെയും ശരീരത്തിനു ചേർന്ന വിധത്തിലാണ് ഫിറ്റ്നസ് പ്രോഗ്രാമുകൾ നടത്താൻ. ഇവിടെ പക്ഷേ, അതൊന്നും നടക്കുന്നില്ല. പുരുഷൻമാർ അസുഖബാധിതരായ ശേഷമാകും ഫിറ്റ്നസ് കേന്ദ്രങ്ങളിലെത്തുക. അശാസ്ത്രീയമായ രീതികൾ അവരെ വീണ്ടും രോഗക്കിടക്കയിലാക്കും. കൃത്യമായ രീതിയിൽ ശരീരത്തിന്റെ സൗന്ദര്യം നിലനിർത്താൻ സാധിക്കും. ഭക്ഷണം, വ്യായാമം എന്നിവയെല്ലാം ഇതിൽ പ്രധാനമാണ്. ഇക്കാര്യങ്ങളിൽ കൂടുതൽ ധാരണ വേണം.
∙ ഫിറ്റ്നസ് രംഗം അസംഘടിത മേഖല
ഏറെ തൊഴിൽ, വ്യവസായ സാധ്യതയുണ്ടെങ്കിലും ഇന്നും അസംഘടിതമായ മേഖലയാണിത്. 75 ശതമാനവും അസംഘടിതമായാണു പ്രവർത്തനം. ജിമ്മുകളുടെയും മറ്റും പ്രവർത്തനം കൃത്യമായാണോ നടക്കുന്നതെന്നറിയാൻ സംവിധാനമില്ല. കൃത്യമായ പരിശീലന കേന്ദ്രമില്ല. ഇതു പരിഹരിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. സിഐഐയുടെ കീഴിലുള്ള ബ്യൂട്ടി ആൻഡ് വെൽനസ് സെക്ടർ സ്കിൽ കമ്മിറ്റി ഇതിനു വേണ്ടിയാണു രൂപീകരിച്ചത്. ഫിറ്റ്നസ് രംഗത്തേക്കെത്താൻ താൽപര്യമുള്ളവർക്കുള്ള പരിശീലന കോഴ്സുകൾ ഇതിന്റെ ഭാഗമായി നടക്കുന്നുണ്ട്. പ്രധാനമന്ത്രി കൗശൽ വികാസ് യോജനയുടെ ഭാഗമായാണ് ഇതു നടപ്പാക്കുന്നത്. കമ്മിറ്റിയുടെ അധ്യക്ഷയാണു ഞാൻ. ഇതിനുള്ള പാഠ്യപദ്ധതിയുമുണ്ട്. എൻഎസ്ഡിയിടെ സാമ്പത്തിക സഹായത്തോടെയാണ് ഇതു നടപ്പാക്കുന്നത്. വിദേശ രാജ്യങ്ങിൽ ഉൾപ്പെടെ ഏറെ തൊഴിൽ സാധ്യത ഇതു പങ്കുവയ്ക്കുന്നുണ്ട്.
∙ കേരളം ഫിറ്റ്നസ് വഴിയേ
പൊള്ളത്തടിയിൽ കേരളം രണ്ടാം സ്ഥാനത്താണെന്നാണു പല പഠനങ്ങളും പറയുന്നത്. ഇവിടെ കൂടുതൽ ആളുകൾ ശരീര സൗന്ദര്യത്തെക്കുറിച്ചും മറ്റും കാര്യമായി ചിന്തിച്ചു തുടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ചും സ്ത്രീകൾ. ഇപ്പോൾ വിഎൽസിസിക്കു കേരളത്തിൽ എട്ടു കേന്ദ്രങ്ങളാണുള്ളത്. വൈകാതെ കൊച്ചിയിൽ രണ്ടാമത്തെ സ്റ്റോർ ആരംഭിക്കും. വിഎൽസിസിയുടെ ഫ്ലാഗ്ഷിപ് സ്റ്റോറായിരിക്കുമത്. വ്യത്യസ്തമായ രീതിയിലാണ് അതു തീർക്കുന്നത്. കൂടാതെ മറ്റു നാലു സ്ഥലങ്ങളിൽ കൂടി മൂന്നു വർഷത്തിനുള്ളിൽ സെന്റർ തുടങ്ങുക ലക്ഷ്യമാണ്.