Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോഹ്‌ലിക്കു രണ്ടുകോടി മിതാലിക്ക് 15 ലക്ഷം; പ്രതിഫലത്തിൽ എന്നെങ്കിലും തുല്യതയുണ്ടാവുമോ?

kohli-mithali കോഹ്‌ലി, മിതാലി.

വിജയ പരാജയങ്ങൾ മാറിമറിഞ്ഞ മൽസരത്തിനൊടുവിൽ പരാജയപ്പെടുക വേദനാജനകമാണ്. പരാജയവുമായി പൊരുത്തപ്പെടാൻതന്നെ സമയമെടുക്കും. ആ രാത്രി ഞങ്ങളിലൊരാൾക്കുപോലും ഉറങ്ങാൻ കഴിഞ്ഞില്ലെന്നു ജുലൻ ഗോസ്വാമി പറഞ്ഞപ്പോൾ ലക്ഷക്കണക്കിന് ആരാധകർ അതേ വികാരം പങ്കുവച്ചു. ക്രിക്കറ്റിന്റെ മെക്കയായ ലോർഡിൽ ഇംഗ്ലണ്ടിനോട് കുറഞ്ഞ റൺസുകൾക്ക് പരാജയപ്പെട്ട രാത്രിയെക്കുറിച്ചാണു ജുലൻ പറഞ്ഞത്. 

വനിതാ ലോകകപ്പ് ഫൈനലിലെ പരാജയത്തെക്കുറിച്ച്. ആഘോഷത്തിന് ഒരുക്കംതുടങ്ങിയ ആരാധകരെ നിരാശരാക്കി വിജയപ്രതീക്ഷയിൽനിന്നു ടീം ഇന്ത്യ തകർന്നടിഞ്ഞപ്പോൾ കളിക്കാർക്കൊപ്പം ആരാധകരും തലകുനിച്ചുനിന്നു. അതുപക്ഷേ താൽക്കാലികം മാത്രം.ഒരു പരാജയം ഒന്നിന്റെയും അവസാനമല്ല; തുടക്കമാണുതാനും. ഇംഗ്ലണ്ടിൽ നിന്നു ടീം ഇന്ത്യ മടങ്ങുന്നത് അഭിമാനത്തോടെ. അതിലുപരി വനിതാ ക്രിക്കറ്റിന് അന്തസ്സുള്ള മേൽവിലാസമുണ്ടാക്കിക്കൊണ്ടും. പെൺകുട്ടികൾ ക്രിക്കറ്റ് കളിക്കാൻ ഇറങ്ങിപ്പുറപ്പെടുമ്പോൾ ഇനി ആരും അവരെ പരിഹസിക്കില്ലെന്ന ഉറപ്പോടെ. 

ലോകകപ്പിനു പുറപ്പെടുമ്പോൾ യാത്രയാക്കാൻ ആരുമില്ലായിരുന്നെങ്കിൽ തിരിച്ചുവരുമ്പോൾ ഒരു രാജ്യം തന്നെ സ്വീകരിക്കാൻ കാത്തുനിൽക്കുന്നു. ക്രിക്കറ്റ്പ്രണയികൾ തങ്ങളുടെ മനസ്സിൽ വനിതാ താരങ്ങൾക്കായി ഇടമൊരുക്കിയിരിക്കുന്നു. മിതാലിയുടെ മാലാഖമാരും രാജ്യത്തിന്റെ മനസ്സിലുണ്ടായ മാറ്റത്തെക്കുറിച്ചു ബോധവതികളാണ്. തങ്ങൾക്കു നൽകുന്ന അകഴിഞ്ഞ സ്നേഹത്തിന് അവർ നന്ദി രേഖപ്പെടുത്തുന്നു. പക്ഷേ, പ്രകടമായി നിലനിൽക്കുന്ന ഒരു അസമത്വത്തെക്കുറിച്ച്  പറയാതിരിക്കാനും ആവുന്നില്ല.

വനിതാ താരങ്ങളോടുള്ള മനോഭാവത്തിലുണ്ടായ മാറ്റം താരങ്ങൾക്കുള്ള പരിഗണനയിലും സാമ്പത്തിക കാര്യങ്ങളിലും കൂടി വേണം. മിതാലി ഇക്കാര്യം തുറന്നുപറഞ്ഞുകഴിഞ്ഞു. ഇന്ത്യൻ ക്രിക്കറ്റിന്റെ പരമോന്നത സമിതി ബിസിസിഐ പുരുഷ താരങ്ങൾക്ക് ഈ വർഷം പുതിയ കരാർ പ്രഖ്യാപിച്ചുകഴിഞ്ഞു; ശമ്പളവർധനവിനൊപ്പം. വനിതാ താരങ്ങൾക്കാകട്ടെ ഇതുവരെ പുതിയ കരാറായിട്ടില്ല; ശമ്പള വർധനയുമില്ല. ക്രിക്കറ്റ് ഭരണാധികാരികളും സർക്കാരും ഇക്കാര്യം ഉടൻ കണക്കിലെടുക്കണം. വനിതാ ക്രിക്കറ്റിലേക്കു കടന്നുവരാൻ കൂടുതൽ കുട്ടികൾക്കു പ്രചോദനമാകുന്നരീതിയിൽ. രാജ്യത്തിനുവേണ്ടി കളിക്കുന്നത് അന്തസ്സുള്ള കാര്യമാണെന്ന് എല്ലാവർക്കും ബോധ്യപ്പെടണം. ക്രിക്കറ്റിലേക്കിറങ്ങിയതിന്റെ പേരിൽ ഒരു താരവും പട്ടിണി കിടക്കുന്നില്ലെന്നും ഉറപ്പാക്കണം.

womens-worldcup പ്രീമിയർ ലീഗ് വനിതികൾക്കും വേണമെന്നും മിതാലി പറയുന്നു.

വനിതാ ക്രിക്കറ്റ് താരങ്ങൾക്ക് ഇപ്പോൾ നിലവിലുള്ളത് 2015–ൽ നിലവിൽവന്ന കരാർ. ഇതനുസരിച്ച് ക്യാപ്റ്റൻ മിതാലി രാജിന് വാർഷിക നിലനിർത്തൽ തുകയായി ലഭിക്കുന്നത് 15 ലക്ഷം രൂപ. പുരുഷ ടീം ക്യാപ്റ്റനായ വിരാട് കോലിക്ക് ലഭിക്കുന്നതാകട്ടെ രണ്ടു കോടി. മിതാലിക്കു പുറമെ എ ഗ്രേഡിലുള്ളത് തിരുഷ് കാമിനി, ഹർമൻ പ്രീത് കൗർ, ജുലൻ ഗോസ്വാമി എന്നിവർ മാത്രം. ബി ഗ്രേഡിലുൾപ്പെട്ട വേദ കൃഷ്ണമൂർത്തി, സ്മൃതി മന്ദാന എന്നിവർക്കു ലഭിക്കുന്നത് 10 ലക്ഷം മാത്രം. രോഹിത് ശർമ, ഭുവനേശ്വർ കുമാർ എന്നിവരുൾപ്പെട്ട ബി ഗ്രേഡിലെ പുരുഷ താരങ്ങൾക്കു ലഭിക്കുന്നതാകട്ടെ ഒരുകോടിയും. വ്യത്യാസം പ്രകടമാണ്; വ്യക്തവും. ഇതിനു പല കാരങ്ങളും ചൂണ്ടിക്കാട്ടാനുമാകും. 

ഓരോവർഷവും പുരുഷ ടീം ബിസിസിഐക്കു നേടിക്കൊടുക്കുന്നതു കോടികൾ. ടെലിവിഷൻ സംപ്രേഷണത്തിലൂടെ വലിയ തുക വേറെയും ലഭിക്കുന്നു. ടീം ഇന്ത്യയുടെ ഒരു മൽസരം പോലും ഇന്ത്യയിൽ ആളൊഴിഞ്ഞ സ്റ്റേഡിയങ്ങളിൽ നടക്കാറില്ല. മൽസരത്തിനു ദിവസങ്ങൾക്കുമുമ്പേ ടിക്കറ്റുകൾ വിറ്റഴിയും. മൽസരം നടക്കുന്ന സമയമത്രയും ലക്ഷക്കണക്കിനുപേർ ടിവിക്കുമുമ്പിൽ ചടഞ്ഞുകൂടിയിരിക്കും.അക്ഷരാർഥത്തിൽ പണം വാരുന്ന കളിയാണു പുരുഷ ക്രിക്കറ്റ്. വിരമിച്ച താരങ്ങളുൾപ്പെടെയുള്ളവർക്കും പ്രതീക്ഷ പകർന്ന് ഇപ്പോൾ ഇന്ത്യൻ പ്രീമിയർ ലീഗുമുണ്ട്. വനിതാ ടീമിന്റെ അവസ്ഥ നേർവിപരീതവും. 

ടെസ്റ്റ്, ഏകദിന, ട്വന്റി–20 വിഭാഗങ്ങളിലായി പുരുഷതാരങ്ങൾക്കു വർഷം മുഴുവൻ തിരക്കാണെങ്കിൽ വനിതാ ടീമിനു മൽസരങ്ങൾ കുറവ്. കളി നടന്നാൽതന്നെ സ്റ്റേഡിയത്തിൽ ആളു കയറില്ല. ടിക്കറ്റ് വിറ്റുകിട്ടുന്ന വരുമാനം ലഭിക്കുന്നില്ല. ടെലിവിഷൻ സംപ്രേഷണത്തിനും കമ്പനികൾക്കു താൽപര്യമില്ല. പരസ്യക്കാർ വനിതാ താരങ്ങളെ ബ്രാൻഡ് അംബാസർമാരുമാക്കുന്നില്ല. ബിസിസിഐയുടെ കണക്കിൽ വനിതാ ക്രിക്കറ്റ് നഷ്ടക്കളി. പ്രതിഫല കാര്യത്തിൽ വിവേചനം നിലനിൽക്കാനുള്ള കാര്യവും ഇതുതന്നെ. പക്ഷേ, ഈ കണക്കുകൾ ഇംഗ്ലണ്ടിൽ കഴിഞ്ഞ ഞായറാഴ്ച സമാപിച്ച ലോക കപ്പ് ഫൈനൽ വരെയുള്ളത്.  ഇന്ത്യ–ഇംഗ്ലണ്ട് ഫൈനൽ മൽസരം കാണാൻ ലോർഡിൽ ഭേദപ്പെട്ട ആൾക്കൂട്ടമുണ്ടായിരുന്നു. ഇന്ത്യയിൽ ടെലിവിഷനിൽ‌ ലക്ഷക്കണക്കിനുപേർ തൽസമയം കളി കണ്ടു. മാറ്റത്തിന്റെ തുടക്കം. അതുതന്നെയാണു മിതാലി പറയുന്നതും; ബിസിസിഐ പരിഗണിക്കേണ്ടതും.

women-team വനിതാ ക്രിക്കറ്റിനെ ജനപ്രിയമാക്കുന്ന നടപടികളുമയി ഭരണ സമിതി വരട്ടെ. തുടക്കമിടാൻ ഏറ്റവും അനുയോജ്യമായ സമയം വന്നിരിക്കുന്നു. ലോർഡ്സിലെ ഫൈനൽ പകർന്ന ആവേശം ഇപ്പോൾ രാജ്യത്തുണ്ട്.

പ്രീമിയർ ലീഗ് വനിതികൾക്കും വേണമെന്നും മിതാലി പറയുന്നു. നല്ലൊരാശയം. ലോകത്തെ വിവിധ ടീമുകളിൽനിന്നുള്ള മികച്ച താരങ്ങൾ ഇന്ത്യയിലെത്തുന്നു. സ്വദേശി താരങ്ങളുടെ കളി മെച്ചപ്പെടുന്നു.ആരാധകരുടെ എണ്ണം കൂടുന്നു. വരുമാനവും. വിവിധ രാജ്യക്കാരായ വനിതാ ക്രിക്കറ്റ് ടീമുകൾ തമ്മിൽ കൂടുതൽ മൽസരങ്ങളും വരണം.സ്വാഭവികമായും വനിതാ ക്രിക്കറ്റ് ഇന്ത്യയിൽ വേരുപിടിക്കും. ബിസിസിഐയുടെ വരുമാനം കൂടുന്നതനുസരിച്ച് വനിതാ താരങ്ങൾക്കു പുതിയ കാരാറുകളാകാം.ശമ്പളവർധനയും. മാറ്റത്തിനു തുടക്കമിടേണ്ടത് ബിസിസിഐ തന്നെ. 

വനിതാ ക്രിക്കറ്റിനെ ജനപ്രിയമാക്കുന്ന നടപടികളുമയി ഭരണ സമിതി വരട്ടെ. തുടക്കമിടാൻ ഏറ്റവും അനുയോജ്യമായ സമയം വന്നിരിക്കുന്നു. ലോർഡ്സിലെ ഫൈനൽ പകർന്ന ആവേശം ഇപ്പോൾ രാജ്യത്തുണ്ട്. ഈ ആവേശത്തെ ക്രിയാത്മക നടപടികളിലൂടെ വളർത്താൻ കഴിഞ്ഞാൽ മതി. അഞ്ചുവർഷം കഴിയുമ്പോൾ ഒരുപക്ഷേ പുരുഷ ടീമിന്റെ ക്യാപ്റ്റനു കിട്ടുന്ന അതേ പ്രതിഫലം തന്നെ വനിതാ ടീമിന്റെ ക്യാപ്റ്റനും കിട്ടിയേക്കാം. വിദൂര സ്വപ്നമല്ല; ഏറ്റവുമടുത്ത ഭാവിയിൽ നടക്കാൻപോകുന്ന യാഥാർഥ്യം. ലോകകപ്പിലെ മികച്ച പ്രകടനത്തിനൊപ്പം വനിതാ ശാക്തീകരണത്തിന്റെ കരുത്തുള്ള വിത്തുകളും വിതച്ചു തിരിച്ചുവരുന്നു മിതാലിയും കൂട്ടരും. അവരെ സ്വീകരി