പാർവതി എന്ന നടിയെ മലയാളി ശ്രദ്ധിച്ചത് ഒരുപക്ഷേ പാർവതിതിരുവോത്ത് എന്ന അവരുടെ പേര് മാറ്റത്തോടെയാവണം. വെറുമൊരു നടി എന്ന നിലയിൽ അത്രകാലം വരെ ചർച്ച ചെയ്യപ്പെടാതെ ഇരുന്ന ഒരു സ്ത്രീ അവരുടെ അടിയുറച്ച തീരുമാനങ്ങളും വിശ്വാസങ്ങളും കൊണ്ട് ചർച്ച ചെയ്യപ്പെട്ടപ്പോൾ അവർ വാർത്താ താരമായി.
പൊതുവെ സിനിമ-സീരിയൽ നടി എന്ന പദ പ്രയോഗത്തിൽ ഒരു അശ്ലീലം കാണുന്നവരാണ് നമ്മുടെ സമൂഹം. പണ്ടുകാലം മുതൽ തന്നെ തുടർന്നു വരുന്ന ഒരു സാമ്പ്രദായിക നായികാ വീക്ഷണത്തിൽ നിന്ന് ഒട്ടൊക്കെ മലയാള പ്രേക്ഷകർ മാറിയിട്ടുണ്ടെങ്കിൽ അതിനൊരു കാരണവും പാർവതിയെ പോലെയുള്ള നടിമാരുടെ ഉറച്ച ശബ്ദങ്ങളും ഇച്ഛാശക്തിയും തന്നെയാണെന്ന് പറയണം. ഗോവ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടിക്കുള്ള പുരസ്‌കാരം പാർവതി ഏറ്റു വാങ്ങുമ്പോൾ അതുകൊണ്ടു തന്നെ അവരോടു എല്ലാ രീതിയിലും ബഹുമാനം തോന്നണം.
ടേക്ക് ഓഫ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പാർവതിക്ക് സിനിമകളുടെ മാമാങ്കമായ ഐ എഫ് എഫ് ഐയിൽ പുരസ്കാരം ലഭിച്ചത്. മലയാളത്തിൽ നിന്നും ആദ്യമായാണ് ഒരു പുരസ്‌കാരം ഇത്തരത്തിൽ കിട്ടുന്നത് എന്നുമറിയുമ്പോഴാണ് പാർവതിയുടെ സാന്നിധ്യത്തെ സന്തോഷത്തോടെ നോക്കി കാണേണ്ടത്. പ്രവാസികളായ നഴ്‌സുമാരുടെ ബുദ്ധിമുട്ടുകളെ ചിത്രീകരിച്ച ചിത്രമാണ് ടേക്ക് ഓഫ്, അതുകൊണ്ടു തന്നെ തനിക്കു ലഭിച്ച ഈ പുരസ്കാരം സമർപ്പിക്കുന്നതും നഴ്സുമാർക്കാണെന്നു പാർവതിപുരസ്‌കാരം ലഭിച്ച വേളയിൽ അഭിപ്രായപ്പെട്ടു.
ഭാഷയറിയാത്ത ഒരു അന്യനാട്ടിൽ ഭീകരരെന്നു മുദ്ര കുത്തിയവരുടെ കീഴിൽ നാളെ ജീവിക്കുമോ മരിക്കുമോ എന്നറിയാതെ ദിവസങ്ങൾ തള്ളി നീക്കുക! ടേക്ക് ഓഫ് എന്ന ചിത്രം പറഞ്ഞത് സിനിമാറ്റിക് ആയ ഒരു വിഷയത്തെക്കുറിച്ചുമായിരുന്നില്ല, യഥാർഥത്തിൽ നഴ്‌സുമാർ അന്യനാട്ടിൽ അനുഭവിച്ച പ്രശ്നത്തെ വളരെ ഗൗരവമായി ചർച്ച ചെയ്ത വിഷയമായിട്ടാണ് അത് സമൂഹത്തിൽ ചർച്ച ചെയ്യപ്പെട്ടതും. അതുകൊണ്ടു തന്നെ അതിലെ പാർവതിയുടെ ശക്തമായ കഥാപാത്രവും സംസാരിക്കപ്പെട്ടു. സമീറ എന്ന കഥാപാത്രമായി അവർ അഭിനയിക്കുകയായിരുന്നില്ല, മറിച്ചു ജീവിക്കുക തന്നെയായിരുന്നുവെന്ന് നിരൂപകർ ഒന്നാകെ അഭിപ്രായപ്പെട്ടു. അതുകൊണ്ടു തന്നെ മികച്ച നടിക്കുള്ള ഈ പുരസ്കാരം അവർക്ക് അർഹിക്കുന്ന ഒന്ന് തന്നെയാണ്.
രണ്ടു തരം ആൾക്കാരുണ്ട്, സ്ത്രീകളെ അവളുടെ എല്ലാ വിധ ആർജ്ജവങ്ങളോടും കൂടി ഉൾക്കൊള്ളുന്നവർ അവർക്ക് അവളുടെ വാക്കുകളെ അഹങ്കാരമായി തോന്നില്ല മറിച്ച് അവൾ തുറന്നു വയ്ക്കുന്ന വിഷയങ്ങളിലേക്ക് അവർ ചർച്ചകൾ സംഘടിപ്പിക്കുകയും അവളെ ലിംഗപരമായി വിവക്ഷിക്കാതെ ഒരു വ്യക്തിയാക്കി മാത്രം കണ്ടു കൊണ്ട് അവളുന്നയിച്ച വിഷയത്തെ സമീപിക്കുകയും ചെയ്യും. മറ്റു ചിലർ സ്ത്രീകൾ എന്തു പറഞ്ഞാലും അത് അവൾ പറഞ്ഞതല്ലേ സ്ത്രീകൾ അങ്ങനെ സംസാരിക്കാൻ പാടില്ല അതുകൊണ്ടു അവൾ അഹങ്കാരിയാണ് എന്ന് തീരുമാനിക്കുകയും ചെയ്യും.
പാർവതി പലപ്പോഴും സമൂഹ മാധ്യമങ്ങളിലും മറ്റും ചർച്ച ചെയ്യപ്പെട്ടതും അഹങ്കാരിയായ സ്ത്രീ എന്ന ലേബലിലായിരുന്നു. തനിക്കു ശരിയെന്നു തോന്നുന്ന കാര്യങ്ങൾ ഉറക്കെ പറയുമ്പോൾ അത് പ്രവൃത്തിയിലും കൊണ്ടു വരുമ്പോൾ അത് സ്വാഭാവികമാണ്. പ്രത്യേകിച്ച് സിനിമാ നടിമാർ ബൗദ്ധികമായ കാര്യങ്ങൾ സംസാരിക്കുമ്പോൾ അത് അത്ര പെട്ടെന്ന് ഉൾക്കൊള്ളാൻ സമൂഹം മടിക്കും.
അവൾ മേനി പ്രദർശിപ്പിച്ചു പണം നേടി കൊള്ളട്ടെ അവൾ ഒരു വെറും പബ്ലിക്ക് പ്രോപ്പർട്ടി മാത്രമാണ് എന്ന ഭാവം. പക്ഷേ മാറിയ കാലത്തിന്റെ ആർജ്ജവമുള്ള പ്രതിനിധിയാണ് പാർവതി ഉൾപ്പെടുന്ന പുതിയ നടിമാരുടെ തലമുറ. അവർ അപമാനിക്കപ്പെടുന്ന സഹപ്രവർത്തകർക്കു വേണ്ടി ഉറക്കെ സംസാരിക്കാൻ ആരംഭിക്കുന്നു. ശരീരം വിട്ടു കൊടുത്തു കൊണ്ടല്ല തങ്ങൾക്ക് അർഹിക്കുന്ന അംഗീകാരങ്ങൾ ലഭിക്കേണ്ടതെന്നു ചങ്കൂറ്റത്തോടെ പറയുന്നു.
നോട്ട്ബുക്ക് എന്ന ചിത്രത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു നെഗറ്റിവ് സ്വാഭാവമുള്ള കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് സിനിമയിലേക്ക് സാന്നിധ്യം ഉറപ്പിച്ചതെങ്കിലും പിന്നീട് പാർവതിയെ തൊട്ടതു ഉജ്ജ്വലമായ വേഷങ്ങൾ തന്നെയായിരുന്നു. "എന്ന് നിന്റെ മൊയിതീൻ" എന്ന ചിത്രത്തിലൂടെ കാഞ്ചനമാലയുടെ പ്രണയം അവതരിപ്പിച്ചു കൊണ്ട് ആ വർഷത്തെ മികച്ച നടിയായും അവർ ശ്രദ്ധിക്കപ്പെട്ടു. ഇപ്പോൾ മലയാളവും കടന്നു ബോളിവുഡിലും സാന്നിധ്യം ഉറപ്പിച്ചിരിക്കുകയാണ് കരീബ് കരീബ് സിങ്‌ലേ എന്ന ചിത്രത്തിലൂടെ അവർ. പാർവതിയുടെ അഭിനയത്തെ കുറിച്ച് ഹോളിവുഡും പ്രശംസിക്കുന്നത് മലയാളികൾ ഏറെ സന്തോഷത്തോടെയാണ് കേൾക്കുന്നതും.
ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണലിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളായ മീസില്‍സ്, റുബല്ല പ്രതിരോധ കുത്തിവെപ്പുകളുടെ പ്രചാരണത്തില്‍ പങ്കാളിയാവാന്‍ തയാറാണെന്ന് പാർവതി അഭിപ്രായപ്പെടുമ്പോൾ അത് പറയുന്ന അവരുടെ രാഷ്ട്രീയം വളരെ വ്യക്തമാണ്. ബൗദ്ധികമായ സാഹചര്യങ്ങളെ മനസിലാക്കുകയും അങ്ങനെ തന്നെയാണ് മുന്നോട്ടു പോവുകയും ചെയ്യേണ്ടതെന്ന് അവർ പറയുന്നു. മാനുഷികതയാണ് തന്റെ രാഷ്ട്രീയമെന്നും അവർ ഉറപ്പിക്കുന്നു.
സ്ത്രീകൾ നേരിടുന്ന പല വിഷയങ്ങളിലും പാർവതി പ്രതികരിക്കാറുണ്ട്. പല സ്ത്രീകളും നേരിട്ടത് പോലെ പീഡന അനുഭവങ്ങൾ തനിക്കും ഉണ്ടായിട്ടുണ്ട് എന്നു പറഞ്ഞു മലയാളികളെ ഞട്ടിപ്പിക്കാനും അവർക്ക് കഴിഞ്ഞു. മലയാള സിനിമയിൽ കാസ്റ്റിംഗ് കൗച്ച് ഉണ്ടെന്ന ദുഖകരമായ സത്യം പല സ്ത്രീകളും ഉറക്കെ പറയാൻ മടിക്കുമ്പോൾ പാർവതി ധീരമായ വാക്കുകളോടെ പറയുകയും അതിനെതിരെ പ്രതികരിക്കുകയും ചെയ്തു. പൊതുവെ സിനിമകളിൽ നാം കാണുന്ന സോകോൾഡ് സ്ത്രീ അഭിനേതാക്കളുടെ രീതികളിൽ നിന്നും അതുകൊണ്ടൊക്കെ തന്നെയാണ് പാർവതി ഏറെ ദൂരം മാറി നടക്കുന്നതും. അതുകൊണ്ടു തന്നെ അഹങ്കാരിയായും ധിക്കാരിയായും ഒക്കെ അവർ അറിയപ്പെടുന്നു.
മാറുന്ന മലയാള സിനിമയിലെ മാറുന്ന വ്യക്തിത്വമാണ് പാർവതി തിരുവോത്ത് എന്ന നടി. സ്ത്രീകൾക്കും മലയാള സിനിമയിൽ തുല്യ സ്ഥാനമുണ്ട് എന്ന് വാദിക്കുന്ന സ്ത്രീ കൂട്ടായ്മയുടെ ഭാഗമായി നിൽക്കുമ്പോഴും വളരെ അപൂർവം നടിമാർക്ക് കിട്ടുന്ന ആ പരിഗണന പാർവതിയ്ക്ക് മലയാള സിനിമ നൽകുന്നുമുണ്ട് എന്നത് അവരുടെ വ്യക്തിത്വത്തെ എടുത്തു കാണിക്കുന്നു.
ഏതു പരിപാടികൾക്ക് ചെല്ലുമ്പോഴും വ്യത്യസ്തമായ വേഷവിധാനങ്ങൾ വരെ ഉപയോഗിക്കുന്ന പാർവതിയുടെ സ്റ്റൈൽ കാര്യങ്ങളും പുതിയ എത്രയോ ട്രെൻഡുകൾക്ക് കാരണമായിട്ടുണ്ട്. ചാർളിയ്ക്കു ശേഷം കണ്ണാടി വയ്ക്കുന്ന, ചുരുണ്ട മുടിയുള്ള പെൺകുട്ടികൾക്ക് പ്രത്യേക ഭംഗിയുണ്ടെന്നു പലരും തിരിച്ചറിഞ്ഞും കണ്ടെത്തിയും തുടങ്ങി.
അത്തരം പെൺകുട്ടികളെ പരസ്യമായി ടെസ്സ( ചാർലിയിൽ പാർവതിയുടെ കഥാപാത്രം) എന്ന് വിളിക്കുകയും ചെയ്തു തുടങ്ങി. പരിപാടികളിൽ പാർവതിയുടെ സ്റ്റൈൽ പോലും ഏറെ ചർച്ച ചെയ്യപ്പെട്ടു തുടങ്ങി. വസ്ത്ര രീതികളും എന്തിനു മുടി കെട്ടുന്ന സ്റ്റൈൽ വരെ ആരാധകർ അനുകരിക്കാൻ ആരംഭിച്ചു. ഏതു രീതിയിലും മലയാളി പെൺകുട്ടികളുടെ ശബ്ദമായി പാർവതി എന്ന നടി മാറിയതിൽ ഇനിയും അതിശയമുണ്ടോ.