Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോകം ഈ വർഷം സണ്ണിലിയോണിനെ തിരഞ്ഞത് അശ്ലീലവിഡിയോ കാണാനല്ല, പിന്നെയോ?

sunny-leone-family സണ്ണിലിയോൺ കുടുംബത്തോടൊപ്പം.

സണ്ണിലിയോണിന്റെ ചൂടൻ ദൃശ്യങ്ങല്ല ഇക്കുറി ജനങ്ങൾ വെർച്വൽ ലോകത്ത് തിരഞ്ഞത്. സണ്ണി ഒരു പോൺസ്റ്റാർ ആണെന്ന കാര്യം മറന്നാണ് പലരും ഇക്കുറി അവരുടെ വിവരങ്ങൾ തിരഞ്ഞത്. എല്ലാവർക്കും അറിയേണ്ടിയിരുന്നത് സണ്ണിയെക്കുറിച്ചോ അവരുടെ ഭർത്താവിനെക്കുറിച്ചോ അല്ലായിരുന്നു മറിച്ച് അവർ ചെയ്ത ഒരു നന്മയെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ അറിയുവാൻ വേണ്ടിയാണ്.

സണ്ണി ഒരമ്മയാവാൻ തീരുമാനമെടുത്തതും ആ തീരുമാനപ്രകാരം അവർ ഒരു പെൺകുഞ്ഞിനെ ദത്തെടുത്തതുമായിരുന്നു ആരാധകർക്ക് 'ക്ഷ' പിടിച്ചത്. അതുവരെ അവരുടെ ശരീരത്തെ മാത്രം സ്വപ്നം കണ്ടു നടന്നവർ അന്നു മുതലാണ് അവരുടെ മനസ്സിലെ നന്മയെ തിരിച്ചറിഞ്ഞത്. ശരീരം എന്ന ചട്ടക്കൂട് വിട്ട് സണ്ണി ലിയോൺ എന്ന സ്ത്രീ, അല്ലെങ്കിൽ അമ്മ ആളുകളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ വർഷം കൂടിയായിരുന്നു ഇത്.

21മാസം പ്രായമുള്ളപ്പോഴാണ് ഒരു പെൺകുഞ്ഞിനെ സണ്ണിലിയോണും ഭർത്താവ് ഡാനിേൽ വെബറും ജീവിതത്തിലേക്ക് കൂടെക്കൂട്ടിയത്. കഴിഞ്ഞ ജൂലൈയിൽ മഹാരാഷ്ട്രയിലെ ലത്തൂരിലെ ഒരു അനാഥാലയത്തിൽ നിന്നും ദത്തെടുത്ത പെൺകുഞ്ഞിന് നിഷ എന്നാണവർ പേരു നൽകിയത്. അതുവരെ സണ്ണിലിയോൺ എന്ന സ്ത്രീയുടെ തൊലിവെളുപ്പിനെയും സെക്സ്അപ്പീലിനെയും ആരാധിച്ചവരുടെ മറ്റൊരു മുഖം കൂടി സണ്ണി ആ കാലഘട്ടത്തിൽതിരിച്ചറിഞ്ഞു.

ഭൂരിപക്ഷവും അവരുടെ മനസ്സിന്റെ നന്മയെ അഭിനന്ദിച്ചപ്പോൾ ചിലർ എട്ടുംപൊട്ടും തിരിയാത്ത കുഞ്ഞിന്റെ നിറത്തെ പരരിഹസിച്ചു. എന്നാൽ അവർ അറിയാതെ പോയ ഒരു കഥയുണ്ട്. നിറവും കുടുംബപശ്ചാത്തലവും ആരോഗ്യവും ഒന്നും പ്രശ്നമാക്കാതെയാണ് രണ്ടുവയസ്സുള്ള പെൺകുഞ്ഞിനെ ദത്തെടുക്കാൻ സണ്ണിലിയോൺ തയാറായത്. ഇതിനു മുമ്പ് ഇന്ത്യയിൽ നിന്നുള്ള 11 കുടുംബങ്ങൾ ആ കുഞ്ഞിനെ കണ്ടിരുന്നു. അവളുടെ നിറവും കുടുംബപശ്ചാത്തലവും ആരോഗ്യസ്ഥിതിയുമൊക്കെ ബോധ്യപ്പെട്ടപ്പോൾ അവരാരും തന്നെ ആ പെൺകുഞ്ഞിനെ ദത്തെടുക്കാൻ തയാറായില്ല.

Sunny Leone and Daniel Weber സണ്ണിലിയോൺ ഭർത്താവിനൊപ്പം.

അങ്ങനെ 11 കുടുംബങ്ങൾ നിരസിച്ച കുഞ്ഞിനെയാണ് യാതൊരു മുൻവിധിയും കൂടാതെ സണ്ണിലിയോണും ഭർത്താവും ചേർന്ന് മകളായി സ്വീകരിച്ചത്. ചൈൽഡ് അഡോപ്ഷൻ റിസോഴ്സ് ഏജൻസി സിഇഒ ലെഫ്റ്റനന്റ് കേണൽ ദീപക് കുമാർ ആണ് ലോകത്തോട് ഈ സത്യം വെളിപ്പെടുത്തിയത്. സണ്ണിലിയോൺ എന്ന വ്യക്തിയോട്, സ്ത്രീയോട് ബഹുമാനം തോന്നിയനിമിഷം എന്നു പറഞ്ഞുകൊണ്ടാണ് അവരുടെ മനസ്സിന്റെ നന്മയെപ്പറ്റി അദ്ദേഹം വാചാലനായത്.

ചൈൽഡ് അഡോപ്ഷൻ റിസോഴ്സ് ഏജൻസിയുടെ വെബ്സൈറ്റ് വഴിയാണ് കുഞ്ഞിനെ ദത്തെടുക്കാനുള്ള അപേക്ഷ സണ്ണിലിയോൺ സമർപ്പിച്ചത്. ഏജൻസിയുടെ നിയമമനുസരിച്ച് ഇന്ത്യയിൽ നിന്നുള്ള ദമ്പതികൾക്ക് കുട്ടികളെ ദത്തെടുക്കാനുള്ള അവസരം നൽകിയ ശേഷം മാത്രമേ വിദേശപൗരത്വമുള്ള ഇന്ത്യക്കാർക്ക് കുട്ടികളെ ദത്തെടുക്കാൻ അവസരം നൽകൂ. കുട്ടിയെ ഇന്ത്യക്കാരായ ദമ്പതികൾ കണ്ടതിനു ശേഷവും അവനെയോ അവളെയോ രണ്ടുമാസത്തിനകം ദത്തെടുക്കാൻ ആരും തയാറായില്ലെങ്കിൽ മാത്രമേ വിദേശപൗരത്വമുള്ള ഇന്ത്യക്കാർക്ക് കുഞ്ഞിനെ കാണാനുള്ള അവസരം ലഭിക്കൂ.

അങ്ങനെ 11 കുടുംബങ്ങൾ നിരസിച്ച കുഞ്ഞിനെയാണ് സ്നേഹപൂർവം സണ്ണി സ്വന്തമാക്കിയത്. നിറത്തെയും വംശത്തെയും അടിസ്ഥാനമാക്കി പിഞ്ചുകുഞ്ഞിനെ പരിഹസിച്ചവർക്കുള്ള ചുട്ടമറുപടിയെന്നവണ്ണമാണ്  ഉപാധികളോ മുൻവിധികളോ ഇല്ലാതെ സണ്ണി സ്വന്തം കുടുംബത്തിലേക്ക് ഒരംഗത്തെക്കൂടി കൂട്ടിച്ചേർത്തത്. സണ്ണിയുടെ മനസ്സിന്റെ നന്മ മനസ്സിലാക്കിയ ആരാധകർ അന്നുമുതൽ അന്വേഷിച്ചു തുടങ്ങിയത് ആ അമ്മയുടെയും മകളുടെയും ക്ഷേമത്തെക്കുറിച്ചാണ്. 

TV-SPL-SUNNY-LEONE-NEW-DC സണ്ണിലിയോൺ.

ആരാധകർക്കുവേണ്ടി മകളുടെ കുഞ്ഞു വിശേഷങ്ങൾ പോലും പങ്കുവെയ്ക്കാൻ സണ്ണി എപ്പോഴും തയാറായി. ഒരു മകളെ ദത്തെടുക്കണമെന്ന് ആഗ്രഹിക്കാനുള്ള കാരണവും പേരന്റിങ് രഹസ്യങ്ങളും സണ്ണി വിവിധ അഭിമുഖങ്ങളിലൂടെ വെളിപ്പെടുത്തി. ''വെബർ കുടുംബത്തിൽ പെൺകുഞ്ഞുങ്ങൾ വളരെ കുറവാണ്. ഭർത്താവ് ഡാനിയേലിന്റെ അച്ഛൻ എപ്പോഴും അതേപ്പറ്റി പറയുമായിരുന്നു.  ഞങ്ങൾ മുംബൈയിലെ അനാഥാലയങ്ങൾ ഇടയ്ക്കിടെ സന്ദർശിക്കാറുണ്ടായിരുന്നു. അന്നൊന്നും കുഞ്ഞുങ്ങളെ ദത്തെടുക്കുന്നതിനെക്കുറിച്ച് ഞങ്ങൾ ചിന്തിച്ചിരുന്നില്ല. അവിടെ കുഞ്ഞുങ്ങൾക്ക് മികച്ച പരിചരണമാണ് കിട്ടിക്കൊണ്ടിരുന്നത്. നല്ല ഭക്ഷണം വിദ്യാഭ്യാസം അങ്ങനെയെല്ലാം.

അങ്ങനെയിരിക്കെയാണ് എന്നെങ്കിലും കുഞ്ഞുങ്ങളെ ദത്തെടുക്കുകയാണെങ്കിൽ അതൊരു പെൺകുഞ്ഞിനെ ആയാലോ എന്ന് ഞാൻ ഡാനിയേലിനോട് ചോദിച്ചത്. അദ്ദേഹത്തിന്റെ പ്രതികരണം എന്നെ അത്ഭുതപ്പെടുത്തി. സാധാരണ ഭാര്യമാർ എന്തു കാര്യം പറഞ്ഞാലും അതിലൊക്കെ കുറ്റം കണ്ടുപിടിക്കുന്നവരാണ് ഭർത്താക്കന്മാർ.  ഇവിടെ ഡാനിയേൽ എന്റെ ഇഷ്ടങ്ങൾക്ക് കൂട്ടു നിന്നു.

നിഷ വസിക്കുന്ന അനാഥാലയത്തിലെത്തിയപ്പോൾ അധികൃതർ കുറേ ചിത്രങ്ങൾ കാട്ടിത്തന്നു. നിഷയെ അല്ലാതെ മാറ്റാരെയും ഞാൻ ശ്രദ്ധിച്ചതേയില്ല. അവൾ ഞങ്ങൾക്കു വേണ്ടിയുള്ളതാണെന്ന് തിരിച്ചറിഞ്ഞ നിമിഷങ്ങളായിരുന്നു അത്. ദത്തെടുക്കാനുള്ള നിയമനടപടികൾ വൈകുന്ന വേളയിലൊക്കെ അവളെ ഞങ്ങൾക്ക് നഷ്ടപ്പെടുമോ എന്നു ഭയന്നിരുന്നു. അക്ഷരാർഥത്തിൽ ഞാൻ കരയുകയായിരുന്നു. എനിക്കരുകിൽ ദുഖിതനായി ഡാനിയേലും.

sunny-leone-intollerence സണ്ണിലിയോൺ.

നിയമനടപടികൾ പൂർത്തിയാക്കി അവളെ സ്വന്തമാക്കിയ നിമിഷം മുതൽ അവളുടെ ജീവിതത്തിലേ ഓരോ ദിവസത്തെയും ഞങ്ങൾ ചിത്രങ്ങളും വിഡിയോയുമാക്കുന്നുണ്ട്. ഒരു ബുക്കിൽ അവളെക്കുറിച്ചുള്ള എല്ലാക്കാര്യങ്ങളും എഴുതുന്നുമുണ്ട്. അവൾക്ക് തിരിച്ചറിവാകുമ്പോൾ തീർച്ചയായും സത്യങ്ങളെല്ലാം അവളോട് തുറന്നു പറയും. 

ജീവനോളം അവളെ സ്നേഹിക്കുന്നുണ്ടെങ്കിലും അവളുടെ യഥാർഥ മാതാപിതാക്കൾ ഞങ്ങളല്ലെന്നു പറയും. അവളെ ദത്തെടുത്തതിന്റെ രേഖകൾ കാണിക്കുകയും ചെയ്യും. സ്വന്തം അമ്മ അവളെ ഉപേക്ഷിച്ചതല്ല എന്നും അവൾ മനസ്സിലാക്കണം. അവർ അവളെ 9 മാസം ഗർഭത്തിൽ ചുമന്നതല്ലേ?... ഞാൻ അവളുടെ യഥാർഥ അമ്മ ആവില്ല. പക്ഷേ ദത്തെടുത്ത അന്നു മുതൽ അവളെന്റെ ആത്മാവിനോട് ചേർന്നവളാണ്. ഒരമ്മയായിത്തന്നെയാണ് അവളെ സ്നേഹിക്കുന്നതും. - സണ്ണിലിയോൺ പറയുന്നു.

sunny-leone-peta സണ്ണിലിയോൺ.

പറയാതെ വയ്യ ബന്ധങ്ങളിലെ ഈ സത്യസന്ധതകൊണ്ടാണ് സണ്ണിലിയോൺ നിങ്ങളിലെ അമ്മമനസ്സിനെ ലോകം ഇത്രമേൽ ആരാധിക്കുന്നത്.