ജീവിതം എപ്പോഴും വിജയിക്കാനുള്ളതാണ്. ഓരോ ദിവസവും വിജയത്തിലേക്കാണ് നാം നടന്നടുക്കേണ്ടത്. വിവാഹം കഴിഞ്ഞുവെന്നതിന്റെ പേരിലോ കുട്ടികളുണ്ടായി എന്നതുകൊണ്ടോ ഒരു സ്ത്രീക്കും അവളുടെ സ്വപ്‌നങ്ങള്‍ നഷ്ടപ്പെടാന്‍ പാടില്ല. ലക്ഷ്യങ്ങള്‍ക്ക് വേണ്ടി അവള്‍ അതിരുകള്‍ വയ്ക്കുകയുമരുത്. ഓരോ ദിവസവും കൃത്യമായ രീതിയിലുള്ള ചില ശീലങ്ങള്‍ സ്വന്തമാക്കുകയാണെങ്കില്‍ വിജയകരമായ ജീവിതം ഏതൊരു സ്ത്രീക്കും ഏതൊരു അവസ്ഥയിലും അവകാശമാക്കാവുന്നതേയുള്ളൂ...
പ്രചോദനാത്മകമായ പുസ്തകങ്ങള്‍ വായിക്കുക
പല സ്ത്രീകളും പൊതുവെ പറയാറുള്ള പരാതിയാണ് അവര്‍ക്ക് സമയം കിട്ടുന്നില്ല എന്ന്. സമയംകിട്ടാത്തതുകൊണ്ടുതന്നെ പലരും മെച്ചപ്പെട്ട വായനക്കായി ദിവസം പ്രയോജനപ്പെടുത്താറുമില്ല. മാറിയ ചുറ്റുപാടില്‍ ഭൂരിപക്ഷവും ടിവി, ഇന്റര്‍നെറ്റ്, മൊബൈല്‍ എന്നിവയിലേക്ക് തങ്ങളുടെ ദിവസത്തെ തളച്ചിടാറുമുണ്ട്.
ഇവയ്‌ക്കൊക്കെ അതിന്റേതായ പ്രാധാന്യമുണ്ടെങ്കില്‍ തന്നെ വായനയുടെ സ്ഥാനവും അത് നൽകുന്ന പ്രചോദനവും ഒട്ടും നിസ്സാരമല്ല തന്നെ. കൊളേജുകളിലോ സ്‌കൂളുകളിലോ മാത്രം ഉപയോഗിക്കേണ്ടവയൊന്നുമല്ല പുസ്തകങ്ങള്‍. അവ ജീവിതാന്ത്യംവരെയുള്ള കൂട്ടുകാരായിരിക്കണം. കൂടുതല്‍ അറിവുകിട്ടുന്ന, നിങ്ങളെ പ്രചോദിപ്പിക്കുന്ന, നിങ്ങളുടെ ആന്തരികതയെ പ്രകാശിപ്പിക്കുന്ന പുസ്തകങ്ങള്‍ വായിക്കുക.അത് ജീവിതത്തെക്കുറിച്ചുതന്നെയുള്ള മികച്ച ധാരണകള്‍ രൂപപ്പെടുത്താന്‍ നിങ്ങളെ സഹായിക്കും.
ഓരോ ദിവസത്തെയും കാര്യങ്ങളെക്കുറിച്ച് പ്ലാന്‍ ചെയ്യുക
ജീവിതത്തില്‍ വിജയിച്ച വ്യക്തികള്‍ക്കെല്ലാം അവരുടെ ദിവസങ്ങളെക്കുറിച്ചോ അവര്‍ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചോ വ്യക്തമായ പ്ലാനുണ്ടായിരുന്നു. ഈ ദിവസം ഇത് ചെയ്യണം. ഈ ദിവസം ഈ വ്യക്തിയെ കാണണം. ഇങ്ങനെ കൃത്യമായി പ്ലാന്‍ ചെയ്യുക. സമയം കിട്ടുന്നില്ല എന്നതിന്റെ പേരിലുള്ള പരാതികള്‍ പരിഹരിക്കപ്പെടുന്നത് ഇങ്ങനെയാണ്. എല്ലാവര്‍ക്കും ഒരുപോലെയുള്ള സമയമാണ് ഉള്ളത്. എന്നിട്ടും ചിലര്‍ക്ക് മാത്രം എന്തുകൊണ്ടാണ് ഒന്നിനും സമയം കിട്ടാത്തത്? കൃത്യമായ പ്ലാനിങ് ഇല്ലാത്തതുകൊണ്ടുതന്നെ.
ആരോഗ്യത്തിന് മുന്‍ഗണന കൊടുക്കുക
ആരോഗ്യമുണ്ടെങ്കില്‍ പണം നമ്മുടെ പോക്കറ്റിലുണ്ടാവും. പണം സമ്പാദിക്കാനുള്ള ശ്രമത്തിന്റെ പാതി പോലും സ്ത്രീകള്‍ ആരോഗ്യകാര്യങ്ങള്‍ക്കായി നീക്കിവയ്ക്കാറില്ല. വിവാഹം കഴിഞ്ഞു. മക്കളുമുണ്ടായി ഇനി ഇങ്ങനെയൊക്കെ അങ്ങ് പോയാല്‍ മതിയെന്ന് നെടുവീര്‍പ്പിട്ടുകൊണ്ട് നിരുത്സാഹത്തോടെ കഴിഞ്ഞുകൂടുന്ന ഒരുപാട് സ്ത്രീകള്‍ നമുക്കിടയിലുണ്ട്. ആ മനോഭാവം മാറ്റണം. വ്യായാമത്തിനും ഫിറ്റ്‌നസിനും വേണ്ടി ദിവസത്തിന്റെ അരമണിക്കൂറെങ്കിലും നീക്കിവച്ചേ തീരൂ.
ഫോക്കസ് നഷ്ടപ്പെടുത്താതിരിക്കുക
ഫോക്കസ് നഷ്ടപ്പെടുന്നതാണ് പല സ്ത്രീകളും അനുഭവിക്കുന്ന ജീവിതത്തിലെ നിരാശകള്‍ക്ക് കാരണം. വിവാഹത്തോടെ, അമ്മയായതോടെ പലരുടെയും ജീവിതത്തിന് ഫോക്കസ് നഷ്ടമാകുന്നു. താന്‍ എന്തായിത്തീരണം,തന്റെ ലക്ഷ്യം എന്താണ് എന്ന കാര്യത്തിലുളള ഫോക്കസ് ഒരുസ്ത്രീയും നഷ്ടപ്പെടുത്തരുത്. ഫോക്കസ് നഷ്ടപ്പെടുമ്പോാണ് ലക്ഷ്യവും നേട്ടവും തമ്മിലുള്ള വിടവ് വലുതായിമാറുന്നത്.
ക്രിയാത്മകമാകുക
ഓരോ ദിവസവും വിരസതയില്‍ തള്ളിനീക്കാതെ പ്രൊഡക്ടീവായി ചെലവഴിക്കുക. നിങ്ങളുടെ ഉള്ളില്‍ എന്തുമാത്രം സാധ്യതകളാണ്. എന്നാല്‍ അതിന്റെ ഒരംശം പോലും നിങ്ങള്‍ ചെലവാക്കുന്നില്ല, ഉപയോഗിക്കുന്നില്ല. എന്തൊരു കഷ്ടമാണത്. എന്നിട്ട് നിങ്ങളതിന് കാരണമായി മറ്റുളളവരുടെ നേരെ വിരല്‍ ചൂണ്ടുന്നു. ആ വ്യക്തി മൂലം അല്ലെങ്കില്‍ ആ സാഹചര്യം മൂലം.
പക്ഷേ അതല്ല നിങ്ങള്‍ ക്രിയാത്മകമാകാത്തതാണ് നിങ്ങളുടെ പ്രശ്‌നം. ഇങ്ങനെ മതിയെന്ന് വിചാരിച്ചാല്‍ അതില്‍ നിന്ന് പുറത്തുകടക്കാന്‍ നിങ്ങള്‍ക്കല്ലാതെ മറ്റാര്‍ക്കും കഴിയില്ല. എഴുന്നേൽക്കുക, ഉറങ്ങിയത് മതി. നിരുത്സാഹത്തോടെ കഴിഞ്ഞതും മതി. പുതിയൊരു പ്രഭാതത്തിലേക്ക്, ഊര്‍ജ്ജസ്വലതയിലേക്ക് ഉണര്‍ന്നെഴുന്നേൽക്കുക. കാരണം നിങ്ങള്‍ വിജയിക്കാനുള്ള വ്യക്തിയാണ്. വിജയിക്കുമെന്ന് കാണിച്ചുകൊടുക്കേണ്ട വ്യക്തിയും.